ഒരു നാല് അഞ്ചു വയസ്സു വരെ കുട്ടികളെ ഉരുണ്ട് ഗുണ്ടു പോലെയിരിക്കുന്നത് കാണാനാണ് നമ്മൾ സമൂഹത്തിന് ഇഷ്ടം. കഴുപ്പിച്ചു, കഴുപ്പിച്ചു നിർബന്ധിച്ചു കുട്ടിയെ ഉരുട്ടി ഉരുട്ടി ഉരുള പോലെയാക്കും. എന്നാലും ഡോക്ടറോട് “അവനൊന്നും കഴുക്കുന്നില്ലെന്നെ” എന്ന് പരാതി പറയുകയും കൂടാതെ അവിടുന്നും ഇവിടുന്നും കുറെ ലേഹ്യവും വാങ്ങി കൊടുക്കും. നേരെ മറിച്ച് ചില കുട്ടികൾക്ക് ജന്മനാ തൂക്കം കൂടുതൽ ഉള്ളവരും അതു പോലെ തന്നെ അവർ തുടരുകയും ചെയ്യുന്നവറുണ്ട്. പക്ഷെ ചില കുട്ടികൾ ജനിച്ചപ്പോൾ നല്ല തൂക്കം ഉണ്ടെങ്കിലും പിന്നീട് കുറയുന്നവരുമുണ്ട്. അതൊക്കെ സ്വാഭാവികം.കുട്ടികൾക്ക് ഒരു പത്തു വയസ്സൊക്കെയാകുമ്പോൾ ഇതേ സമൂഹം തുടങ്ങും “എന്തൊരു തടിയാണ്. വല്ല അസുഖവും വരും” എന്നൊക്കെ. ഓർക്കണം കുഞ്ഞായിരുന്നപ്പോൾ ഉരുണ്ട കുഞ്ഞിനെ പുകഴ്ത്തിയ അതേ നാവ് കൊണ്ട് അവർ കുത്തി നോവിക്കും. കുഞ്ഞു ആയിരിക്കുമ്പോഴും ഉരുണ്ട് ഇരിക്കണം എന്ന് വാശിപിടിക്കരുത്. അവർ ആരോഗ്യത്തോടെയിരുന്നാൽ മതി. ആവശ്യത്തിന് ശരീരഭാരം ഒരു ഡോക്ടറേകൊണ്ട് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. ആവശ്യത്തിന് ശരീരഭാരമുണ്ടെങ്കിൽ അത് മതി. സമൂഹത്തിന്റെ “ഉണ്ട” എന്ന സങ്കല്പം അത്ര നല്ലതല്ല.കാരണം കുട്ടിക്കാലത്തു അമിതവണ്ണമുള്ള കുട്ടികൾക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നു ഡോക്ടറെ കാണിച്ചു ഉറപ്പ് വരുത്തുക. അസുഖങ്ങൾ ഇല്ലെങ്കിൽ തന്നെ അമിതഭാരമുള്ള കുട്ടികൾക്ക് ഭാവിയിൽ ചില അസുഖങ്ങൾ ഉണ്ടാകുവാൻ സാധ്യതയേറെയുണ്ട്. ഹൃദ്യസംബന്ധനായ അസുഖങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ചില തരം ക്യാൻസർ, നിരാശ, ലിവർ സംബന്ധമായ അസുഖങ്ങൾ. സ്കൂളിലും കോളേജിലും സമൂഹത്തിലും അവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് bullying. മറ്റുള്ളവർ അവരെ പരിഹസിക്കുന്നത് വഴി നഷ്ട്ടപ്പെടുന്നത് അവരുടെ ആത്മവിശ്വാസമാണ്. കടുത്ത നിരാശയിലേയ്ക്ക് അവരെ തള്ളിവിടാം. മാനസികമായി അവരെ തളർത്താം. പഠനത്തിലും അവർ പിന്നോട്ട് പോകാം.അഞ്ചു വയസ്സിന് താഴെ ലോകത്ത് ആകെ 4 കോടി 20 ലക്ഷം കുട്ടികൾ അമിതഭാരമുള്ളവരുണ്ട് എന്നാണ് കണക്കുകൾ. കഴിഞ്ഞ പത്തുനാല്പത് വർഷങ്ങളിൽ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ്, വ്യായാമക്കുറവ്, അമിതഭക്ഷണരീതി, കാര്‍ബനേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഒരു പ്രധാന കാരണമാണ്. ചിലർക്ക് ജന്മനാ തടിയുള്ള ശരീരപ്രകൃതിയായിരിക്കാം. പക്ഷെ അമിതവണ്ണം ഒരു കാരണവശാലും കുട്ടികളിലോ മുതിർന്നവരിലോ നല്ലതല്ല. അത് പ്രോത്സാഹിപ്പിക്കുവാനും പാടില്ല.”തമാശ” സിനിമ ഇന്നലെ കാണുകയുണ്ടായി. ഒരു കാരണവശാലും നമ്മൾ അമിതഭാരമുള്ളവരെ കളിയാക്കുവാൻ പാടില്ല.അത് അവരെ നിരാശയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിടാം. കേട്ട് കേട്ട് ഒരു പക്ഷെ വകവയ്ക്കാത്തവരുമുണ്ടാകും. ഒരു കാരണവശാലും ആരെയും കളിയാക്കരുത്. അവരുടെ സാഹചര്യവും അസുഖങ്ങളും ബുദ്ധിമുട്ടികളും വിലയിരുത്തുവാൻ നമ്മൾക്ക് എങ്ങനെ സാധിക്കും?അസുഖങ്ങളില്ലാതെ സുഖമായിരിക്കുക. സമൂഹത്തെ അവരുടെ വഴിക്ക് വിടുക. എത്ര കുഴപ്പമില്ലെങ്കിലും കുറ്റം പറയുക എന്നത് സമൂഹത്തിന്റ് ഒരു ഹോബിയാണ്. പക്ഷെ നമ്മുടെ ശരീരം നാം തന്നെ ശ്രദ്ധിക്കണം. കുട്ടികളുടെ ആഹാരരീതിയും, വ്യായാമവും, ശരീരവും നാം ശ്രദ്ധിക്കണം. “കൊച്ചല്ലേ, കഴിച്ചു തടി വെച്ചു ഉരുണ്ട് ഇരിക്കട്ടെ” എന്നു പറഞ്ഞു അവരെ നിർബന്ധിച്ചു കഴിപ്പിക്കരുത്.