അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി സമ്പ്രദായമാണ് ബ്രെയിലി ലിപി അഥവാ ബ്രെയിലി സമ്പ്രദായം. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സമ്പ്രദായം ആവിഷ്കരിച്ചത് ലൂയി ബ്രെയിലി (Luis Braille1809-1852) എന്ന, ബാല്യത്തിൽത്തന്നെ അന്ധനായിത്തീർന്ന ഫ്രഞ്ചുകാരനാണ്. 1825-ൽ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ പെട്ടെന്നു തന്നെ വ്യാപകമായ അംഗീകാരം നേടി. പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് കോളങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു. ഇങ്ങനെയുള്ള 6 കുത്തുകളിൽ, ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചരിഞ്ഞാണ് ഈ ലിപി വായിക്കുന്നത്. ഇതേ തത്ത്വം അനുസരിച്ച് അക്ഷരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക തരം കടലാസ്സിൽ ബ്രെയിലി ലിപി റ്റൈപ്പ് ചെയ്യുന്നതിനുള്ള റ്റൈപ്പ് റൈറ്റർ , പിന്നീട് കമ്പ്യൂട്ടറിനോട് ചേർത്ത് ഉപയോഗിക്കാവുന്ന ബ്രെയിലി എംബോസ്സർ(Braille Embosser) എന്ന ഉപകരണവും ഈ ലിപി രേഖപ്പെടുത്തുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.