സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബഡ്ജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു

0

പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസമാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തില്‍ ബഡ്ജറ്റിലും.

സഹകരണ സംഘങ്ങള്‍ക്ക് മേല്‍ 22 ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന ബഡ്ജറ്റിലെ നിര്‍ദ്ദേശം സഹകരണ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാമ്ബത്തിക സ്ഥാപനങ്ങള്‍ക്കും ആപല്‍ക്കരമാണ്. സഹകരണമേഖലയെ വളര്‍ത്തേണ്ട ഘട്ടത്തില്‍ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിര്‍ദ്ദേശവുമായി മുമ്ബോട്ടു പോവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയ തോതിലുള്ള ഇടിവു വരുന്നുവെന്നതും ഉല്‍ക്കണ്ഠാജനകമാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ബഡ്ജറ്റ്, കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. നിലവിലുള്ളതിനേക്കാള്‍ പല രംഗങ്ങളിലും വെട്ടിക്കുറവും വരുത്തി. ജി.എസ്.ടി കാര്യത്തില്‍ അര്‍ഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തയ്ക്ക് വിരുദ്ധമായി കൂടിയ തോതില്‍ കവരാനും ശ്രമിക്കുന്നു.

സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, കേരളത്തിന് എയിംസ്, ഫാക്‌ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. കോര്‍പ്പറേറ്റ് നികുതി മേഖലയില്‍ ആവര്‍ത്തിച്ച്‌ ഇളവുകള്‍ അനുവദിച്ചതും കാര്‍ഷികോല്പാദനം കൂട്ടാന്‍ പദ്ധതികളില്ലാത്തതും എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതും മറ്റും കേന്ദ്രസര്‍ക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്ന് വ്യക്തമാക്കുന്നു.

ആഗോളവല്‍ക്കരണ നയങ്ങള്‍ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യുമെന്നതിന്റെ പ്രഖ്യാപനമാണ് ബഡ്ജറ്റില്‍. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച്‌ കാര്യമായി പരാമര്‍ശിക്കുന്നതു പോലുമില്ല. സമ്ബദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്ക് നയിക്കുന്നതോ അല്ല, മറിച്ച്‌ പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിക്കാന്‍ വഴി വയ്ക്കുന്നതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കുന്നതിന് പകരം അതിന് നേര്‍ വിപരീത ദിശയിലാണ് ബഡ്ജറ്റും കേന്ദ്രവും നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.