ഇന്നത്തെ പ്രധാന തലക്കെട്ടുകൾ ഒറ്റനോട്ടത്തിൽ

0

 

🅾️ *പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതു-സ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്.ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.*

🅾️ *രോഗവ്യാപനം തടയാന്‍ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ്‌ മത്സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക്‌ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്‌ഷന്‍ 144 പ്രയോഗിക്കാം.*

🅾️ *സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു. കാസര്‍കോട്ട് അഞ്ചുപേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നാലുപേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ആദ്യമായാണ്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്ടും ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയ മൂന്നുപേരൊഴികെ 64 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.*

* *59,295 പേര്‍ നിരീക്ഷണത്തില്‍*

* *58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും*

* *122 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു*

* *9776 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി*

* *4035 പേരുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 2744 സാംപിളുകളുടെ ഫലം നെഗറ്റീവ്*

* *ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 6282 പേരെ നിരീക്ഷണത്തിലാക്കി*

🅾️ *കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്കു പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കു രോഗലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ.ഇതു മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച്‌ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 50 സര്‍ക്കാര്‍ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പാക്കിയത്. 974 ഐസലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണു പ്ലാന്‍ ബി ആവിഷ്‌കരിച്ചത്. 1408 ഐസലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണു നടപ്പിലാക്കി വരുന്നത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ചു സമ്പർക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്കു പിടിച്ച്‌ നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ചു വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തി. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ചു രോഗികളുടെ എണ്ണം പരമാവധി കുറച്ചു സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണു കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കി. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇത്രയേറെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ എല്ലാവരും ഒരേ മനസോടെ ജാഗ്രത പാലിച്ചാല്‍ രോഗത്തെ ശക്തമായി പ്രതിരോധിക്കാനാവൂ എന്ന് മന്ത്രി അറിയിച്ചു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്നാണ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് ബാധിച്ച ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അവശ്യ സര്‍വ്വീസുകളെ ബാധിക്കാത്ത വിധത്തില്‍ ലോക് ഡൗണ്‍ എങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്ന കാസര്‍കോട്ട് ഇതിനകം തന്നെ സ്ഥിതി ലോക് ഡൗണിന് സമാനമാണ്. ജില്ലാ അതിര്‍ത്തികള്‍ അടച്ച്‌ കഴിഞ്ഞു. പൊതു ഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തലെ കൊവിഡ് ബാധിത ജില്ലകളില്‍ നിലവില്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറാകട്ടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്. സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ പെരുമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല, വെള്ളവും വൈദ്യതിയും ആരോഗ്യ സേവനങ്ങളും അടക്കം ഒന്നിനും ജനം ബുദ്ധിമുട്ടില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ലോക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശത്തോട് ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം.*

🅾️ *കേരളത്തില്‍ ഇതുവരെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 67 പേര്‍ക്ക്. പുതുതായി സ്ഥിരീകരിച്ചത് 15 പേര്‍ക്ക്. രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. കേരളത്തില്‍ അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കേരളത്തില്‍ കൊറോണ ബാധിച്ചത് ജില്ലകള്‍, എണ്ണം എന്നിങ്ങനെ; കാസര്‍കോട്-20 പേര്‍, കണ്ണൂര്‍-10പേര്‍, കോഴിക്കോട്-രണ്ട് പേര്‍, മലപ്പുറം-നാല് പേര്‍, തൃശ്ശൂര്‍-രണ്ട് പേര്‍, എറണാകുളം-12 പേര്‍, ഇടുക്കി-1, ആലപ്പുഴ-1, കോട്ടയം-രണ്ട് പേര്‍, പത്തനംതിട്ട- ഒമ്ബത് പേര്‍, തിരുവനന്തപുരം-നാല് പേര്‍.184 ലോക രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.*

🅾️ *കോഴിക്കോട് ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. കടകള്‍ക്കു മുമ്പിൽ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ എന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരും ദുബായില്‍ നിന്നെത്തിയവരാണ്.ഒരാള്‍ വെള്ളിയാഴ്ച (മാര്‍ച്ച്‌ 20) എത്തി. ഇയാള്‍ നേരിട്ട് ആശുപത്രിയിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരുമായും സമ്പർക്കത്തിലേര്‍പ്പെട്ടിട്ടില്ല. രണ്ടാമത്തെയാള്‍ ഈ മാസം 13നാണ് നാട്ടിലെത്തിയത്. ഇയാള്‍ 25 പേരുമായി സമ്പർക്കത്തിലേര്‍പ്പെട്ടതായി മനസിലായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.*

🅾️ *കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹാര്‍ബറുകളിലും ലാന്റിങ് സെന്റുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് മുതല്‍ ഹാര്‍ബറുകളില്‍ എത്തുന്ന മത്സ്യം, തീരുമാനിക്കപ്പെടുന്ന അടിസ്ഥാന വിലയിലാകും വിപണനം നടത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ ഹാര്‍ബറുകളില്‍ മത്സ്യത്തിന് ലഭിച്ച കുറഞ്ഞ വിലയുടേയും കൂടിയ വിലയുടേയും ശരാശരി കണക്കാക്കിയാകും അടിസ്ഥാനവില നിശ്ചയിക്കുന്നത്. ഓരോ ഇനം മത്സ്യങ്ങളുടേയും അടിസ്ഥാന വില ഹാര്‍ബറുകളില്‍ പരസ്യപ്പെടുത്തും. അടിസ്ഥാന വില, അനുബന്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തുടങ്ങിയവ കലക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു*

🅾️ *കൊറോണ റൈസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയ സംഭവത്തില്‍ 22 പേര്‍ക്കെതിരെ കേസ്. കണ്ണൂര്‍ കുറുമാത്തൂര്‍ മൊയ്യത്ത് ഹൈദ്രോസ് പള്ളിയിലാണ് സംഭവം. പള്ളി ഇമാമടക്കം 22 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.തളിപ്പറമ്പ്‌ പൊലീസാണ് പള്ളി പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു പ്രാര്‍ത്ഥന. പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസും കേസെടുത്തു. കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയില്‍ രണ്ടുപേര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.ഓസ്ട്രേലിയയില്‍ നിന്നു വന്ന ഫെബ, റോബിന്‍ പൗലോസ് എന്നിവര്‍ക്ക് എതിരെ ആണ് കേസ്. ഇവര്‍ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളാണ്.*

🅾️ *കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച്‌ 31വരെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും മീറ്റര്‍ റീഡിംഗ് ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്. ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിsഴ ഈടാക്കില്ലെന്ന് കെഎസ്‌ഇബി നേരത്തെ അറിയിച്ചിരുന്നു. കൊറന്റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്തതിനാലായിരുന്നു കെഎസ്‌ഇബിയുടെ ഈ തീരുമാനം*

🅾️ *കൊറോണ വൈറസ് ബാധയെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ കേരളത്തില്‍ വിതരണം ചെയ്ത് വയനാട് എംപി രാഹുല്‍ ഗാന്ധി. 50 സ്‌കാനറുകളാണ് രാഹുല്‍ എത്തിച്ചു നല്‍കിയത്. ഇതില്‍ 30 എണ്ണം വയനാട് ജില്ലയിലും പത്ത് സ്‌കാനറുകള്‍ വീതം കോഴിക്കോടും മലപ്പുറത്തുമാണ് വിതരണം ചെയ്തത്. വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയ്ക്ക് 50 സ്‌കാനറുകള്‍ കൈമാറിയത്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.*

🅾️ *കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച്‌ 23മുതല്‍ 31 വരെയാണ് ഈ ക്രമീകരണം. ഇതു സംബന്ധിച്ച്‌ പേഴ്‌സണല്‍ മന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ വിഭാഗത്തിലെയും അവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇവരെ മാത്രം ഈ കാലയളവില്‍ ജോലിക്ക് നിയോഗിക്കാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈനിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും അവശ്യ മേഖലയില്‍ മാത്രമാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.*

🅾️ *കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനംചെയ്ത ജനതാ കര്‍ഫ്യൂവിനോട് നല്ലരീതിയില്‍ പ്രതികരിച്ചതിന് കേരളജനതയെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയമാണ് വീട്ടില്‍ ഇരുന്നുകൊണ്ട് കേരളീയര്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൈകഴുകുന്നതിന്റെ പ്രാധാന്യം നൃത്തരൂപത്തില്‍ അവതരിപ്പിച്ച പോലീസിന്റെ സേവനത്തെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. മൊത്തത്തില്‍ കൊറോണ പ്രതിരോധത്തില്‍ കേരളീയരുടെ പ്രതികരണം പ്രശംസയര്‍ഹിക്കുന്നു. ‘മലയാളി, തുമേം സലാം’ എന്നു പറഞ്ഞാണ് അദ്ദേഹം അഭിനന്ദനം ചൊരിഞ്ഞത്.*

🅾️ *ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി ഞായറാഴ്ച്ച പാല്‍ സംഭരിക്കുന്നതിനും വിതരണത്തിനും മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 7നും രാത്രി 9 നും ഇടയ്ക്ക് മില്‍മ എറണാകുളം മേഖല യൂണിയന്‍്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തും.:എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളാണ് മധ്യമേഖല യൂണിയന്‍്റെ കീഴില്‍ വരിക. ഇവിടങ്ങളില്‍ ഏഴ് മണിക്ക് മുന്‍പ് പാല്‍ എത്തിയ്ക്കണമെന്നാണ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാവിലെ എടുക്കുന്ന പാല്‍ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച ശേഷം രാത്രി 9 മണിക്ക് ശേഷമായിരിക്കും ശേഖരിക്കുക.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മില്‍മയുടെ ഡയറികളിലുള്‍പ്പെടെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.*

🅾️ *മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവില്‍ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുവപത്രപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന കേസിലെ പ്രതിയെ സര്‍വ്വീസില് തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്.അകത്ത് കിടക്കേണ്ട കുഞ്ഞനന്തന് പുറത്തും പുറത്ത് നില്‍ക്കേണ്ട ശ്രീറാം വെങ്കിട്ട രാമന്‍ അകത്തും ആയ അവസ്ഥയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.*

🅾️ *ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും , മറുവശത്ത് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിലെ ധൃതി പിടിച്ച്‌ സര്‍വീസില്‍ തിരിച്ച്‌ കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ, ജാഗ്രത ഏറ്റവും കൂടുതല്‍ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുക്കുന്നത് വഴി സര്‍ക്കാര്‍ ചൂഷണം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്റ് ഇട്ടത്.*

🅾️ *വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി വിവരം. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്*

🅾️ *തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ലെങ്കിലും പൂജകള്‍ നടക്കുമെന്ന്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍.വാസു അറിയിച്ചു. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ഗ്രേഡ്‌ ക്ഷേത്രങ്ങളിലും സ്‌പെഷ്യല്‍ ഗ്രേഡ്‌ ക്ഷേത്രങ്ങളിലും മാര്‍ച്ച്‌ 31 വരെ ഭക്തര്‍ക്ക്‌ പ്രവേശനം ഉണ്ടാകില്ലെന്ന്‌ കഴിഞ്ഞ ദിവസം ബോര്‍ഡ്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിജാഗ്രത വേണമെന്നുള്ളതിനാലാണ്‌ ദേവസ്വം ബോര്‍ഡിന്റെ 1250 ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന്‌ പ്രസിഡന്റ്‌ എന്‍.വാസു അറിയിച്ചു. 29 ന്‌ ഉത്സവം ആരംഭിക്കുന്ന ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ചടങ്ങുകളും പൂജകളും മാത്രമേ ഉണ്ടാകൂ. ഇവിടെയും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല.*

*മറ്റ്‌ നിര്‍ദേശങ്ങള്‍*

* *ക്ഷേത്രങ്ങള്‍ രാവിലെ ആറു മുതല്‍ 10 വരേയും വൈകീട്ട്‌ 5.30 മുതല്‍ 7.30 വരെയും മാത്രമേ തുറക്കൂ. ഈ സമയം പൂജകള്‍ ക്രമീകരിക്കും.*

* *ഉത്സവത്തിന്‌ ആനകളെ എഴുന്നള്ളിക്കരുത്‌. ഉത്സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുക്കി ചടങ്ങ്‌ മാത്രമാക്കണം*

* *മുന്‍കൂട്ടി ബുക്കുചെയ്ത വഴിപാടുകള്‍ സൗകര്യപ്രദമായി പുനഃക്രമീകരിക്കും.*

* *31 വരെ ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക്‌ അവധി. ഗ്രൂപ്പ്‌ അസിസ്റ്റന്റ്‌ ദേവസ്വം കമ്മിഷണര്‍മാര്‍, എ.ഒ.മാര്‍ എന്നിവര്‍ ഒഴികെ അസിസ്റ്റന്റ്‌ കമ്മിഷണര്‍മാര്‍, അസി. എന്‍ജിനീയര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതി.*

* *മുഴുവന്‍ ക്ഷേത്ര ജീവനക്കാര്‍ക്കും കൈയുറയും മാസ്‌കും നല്‍കും. എല്ലാ ക്ഷേത്രങ്ങളിലും ഹാന്‍ഡ്‌ സാനിെറ്റെസര്‍.*

* *അന്നദാനം, ബലിതര്‍പ്പണം എന്നിവയും നിര്‍ത്തി*

* *ബോര്‍ഡിന്റെ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും വിവാഹാവശ്യത്തിന്‌ ബുക്ക്‌ ചെയ്യുകയും വിവാഹം മാറ്റേണ്ടിവരികയും ചെയ്തവര്‍ക്ക്‌ ബുക്കിങ്‌ തുക തിരിച്ചു നല്‍കും.*

🅾️ *ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ ക്രിമിനല്‍ക്കേസ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും പോലീസ് നടപടിയെടുക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങളും ഇറക്കി. അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം. പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ജനം ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കി.*

🅾️ *ചരിത്രത്തിലാദ്യമായി മുഴുവന്‍ തീവണ്ടികളും നിര്‍ത്തിയിട്ടപ്പോള്‍ കേരളത്തിലെ ഡിപ്പോകളില്‍ വണ്ടിവെക്കാന്‍ സ്ഥലമില്ല. ഡിപ്പോകളില്‍ പിടിക്കാത്ത തീവണ്ടികള്‍ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്‌ലൈന്‍ ഉള്ള ഡിപ്പോകളില്‍ വണ്ടി ശുചീകരണമടക്കം ഇപ്പോള്‍ നടക്കുകയാണ്. പ്രളയംകാരണം കേരളത്തില്‍ കുറെ വണ്ടികള്‍ നിര്‍ത്തിയിടേണ്ടി വന്നിരുന്നു. ആളെയിറക്കിയശേഷം ചെറിയസ്റ്റേഷനുകളിലാണ് പലതും നിര്‍ത്തിയിട്ടത്. ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ അവ അവിടെനിന്ന് ഒറിജിനേറ്റിങ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. കണ്ണൂര്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള എട്ടുവണ്ടികളാണ് ഇങ്ങനെ മാറ്റിയത്.ഇത്തവണ സ്ഥിതിമാറി. മുഴുവന്‍ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാല്‍ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലാണ്. 10 ദിവസം തുടര്‍ച്ചയായി ഓടാതിരിക്കുമ്പോൾ ഇത്രയും വണ്ടികള്‍ എവിടെ നിര്‍ത്തിയിടും എന്നാണ് ആശങ്ക. പാസഞ്ചര്‍, മെമു സര്‍വീസുകള്‍ക്ക് പുറമേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 20 എക്‌സ്‌പ്രസ്, മെയില്‍ വണ്ടികളാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിടേണ്ടത്. മറ്റു ഡിവിഷനുകളില്‍നിന്ന് ശനിയാഴ്ച പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിയവയ്ക്കും സ്ഥലംവേണം. ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന 55 വണ്ടികള്‍ ഇനി ഡിപ്പോകളിലും സ്‌റ്റേഷനിലും കിടക്കും. പാലക്കാട് 11 വണ്ടികളാണ് പുറപ്പടുന്നവ. മധുര എട്ട്, തൃശിനാപ്പള്ളി എട്ട്, സേലം ആറ്്‌ എന്നിങ്ങനെയാണ് കണക്ക്. കൊങ്കണ്‍ റെയില്‍വേയുടെ നാല് എക്‌സ്‌പ്രസ് വണ്ടികളും പാസഞ്ചറുകളും മഡ്‌ഗോവയില്‍ നിര്‍ത്തിയിട്ടു. മംഗളൂരു സെന്‍ട്രലിലും ജംക്‌ഷനിലും സെന്‍ട്രല്‍ റെയില്‍വേയുടെ വണ്ടികളടക്കം വെക്കണം.*

🅾️ *എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും നോ എന്‍ട്രി ബോര്‍ഡ് വച്ചുകഴിഞ്ഞു. യാത്രക്കാരും റെയില്‍വേ ജീവനക്കാരും ഇനി പ്രവേശിക്കരുതെന്ന ഉത്തരവ് ഡിവിഷനുകളില്‍ എത്തി. കമേഴ്‌സ്യല്‍ മേലുദ്യോഗസ്ഥര്‍ അടക്കം പുറത്തിറങ്ങാതെ വീട്ടുനിരീക്ഷണത്തില്‍ കഴിയണം. അടിയന്തരസാഹചര്യം വന്നാല്‍ ഉയര്‍ന്ന ഉദ്യോഗസഥരെ ബന്ധപ്പെടാനാണ് അറിയിപ്പുള്ളത്. റിസര്‍വേഷന്‍, കാറ്ററിങ്, പാഴ്‌സല്‍ബുക്കിങ് അടക്കം നിര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള യാത്രക്കാരാണ് ഏറ്റവുമധികം ദുരിതത്തിലായത്. പ്രളയസമയത്ത് വണ്ടി ഓട്ടംനിര്‍ത്തിയപ്പോള്‍ പാസഞ്ചര്‍ സ്‌പെഷ്യലുകള്‍ ഓടിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതില്ല. മംഗളൂരു ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളവരും ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചവരും പ്രശ്‌നത്തിലായി.*

🅾️ *സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നീണ്ടേക്കുമെന്ന് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയും മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയ മറുപടി അതാണ് സൂചിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് അഭിപ്രായം ചോദിക്കാറുണ്ട്. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകൂടി അറിഞ്ഞശേഷം അഭിപ്രായം അറിയിക്കുമെന്നാണ് മീണ പറഞ്ഞത്. മേയ്‌വരെ സമയമുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുള്ളത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കുട്ടനാട്, ചവറ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.*

🅾️ *മലപ്പുറത്ത് ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചവര്‍ വേങ്ങര കൂരിയാട്, കടലുണ്ടി നഗരം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവര്‍ സഞ്ചരിച്ച വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.*

*മറ്റ് വിവരങ്ങള്‍:*

*സംസ്ഥാനത്ത് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ച് പേരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്*

*1. വേങ്ങര കൂരിയാട് സ്വദേശി*

*മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ 348 നമ്പർ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെത്തിയത്.*
*സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.*

*2. കടലുണ്ടി നഗരം സ്വദേശി*

*മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച്‌ 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.*

*മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ 348 നമ്പർ വിമാനത്തിലും*

*മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിലും യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം.* *രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്.*

*ജില്ലാ മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പർ*

04832733251, 04832733252, 04832733253
0483 2737858, 0483 2737857

🅾️ *തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒ. കേന്ദ്രങ്ങള്‍ പൂട്ടി. തിങ്കളാഴ്ച മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് വി.എസ്.എസ്.സി. അധികൃതര്‍ അറിയിച്ചു.*

🅾️ *കോവിഡ് 19 ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് 19 ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണിലേക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ട് ഡൗണ്‍ അനിവാര്യമാണെന്നാണ്. അതുവേണ്ടി വരികയാണെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം.*

*🇮🇳 ദേശീയം 🇮🇳*
——————————->>>>>>>>>

🅾️ *ചത്തീസ്ഗഡിൽ മാവോയിസ്റ്റ്‌ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു*

🅾️ *പോക്സൊ കേസുകളിൽ നടപടി ക്രമങ്ങളിൽ പുതിയ മാറ്റങ്ങളുമായി മേന്ദ്രം ഇരയാവുന്ന കുട്ടികൾക്ക്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്ത്‌ 7 ദിവസത്തിനകം ഇടക്കാല സാമ്പത്തിക സഹായം നൽകാൻ വ്യവസ്ഥ ചെയ്തു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ചുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. രജനിയുടെ വീഡിയോയില്‍ കൊറോണവൈറസിനെ കുറിച്ച്‌ വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്. വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്, തെറ്റായ വിവരം സംബന്ധിച്ച ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കായാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്.കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസ്സിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗബാധിതനായ ഒരു വ്യക്തിയുടെ തുമ്മലിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധ ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും രജനികാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ഇട്ട വീഡിയോ ആണ് നീക്കം ചെയ്തിരിക്കുന്നത്*

🅾️ *ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ചു നിന്നാല്‍ ഏത് വലിയ വെല്ലുവിളിയേയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനത കര്‍ഫ്യൂവിലൂടെ രാജ്യത്തെ ജനങ്ങള്‍ ചെയ്തതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ജനതാകര്‍ഫ്യൂ ഒന്‍പത് മണിക്ക് അവസാനിക്കുമെങ്കിലും ജനങ്ങള്‍ക്ക് ആഘോഷം തുടങ്ങാന്‍ സമയമായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനങ്ങള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ച സമയം തീരാന്‍ ചുരുങ്ങിയ സമയം മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്.*

🅾️ *വൈറസ്​ ബാധയെ തുടര്‍ന്ന്​ രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ നടപടി സ്വീകരിക്കണമെന്ന്​ കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ അവസാനിച്ചതിന്​ ശേഷം അര്‍ധരാത്രിയിലിട്ട ട്വീറ്റിലാണ്​​ ചിദംബരം അഭിപ്രായമുന്നയിച്ചത്​. ജനതാ കര്‍ഫ്യൂ അവസാനിച്ചു. ഇന്നുണ്ടായ അനുഭവം കോവിഡ്​ 19 വൈറസ്​ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ വിവിധ മേഖലകള്‍ അടച്ചി​ടാന്‍ പ്രചോദനം നല്‍കി. ഇത്തരം ധീരമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിമാരെ നാം അഭിനന്ദിക്കണം. ഇനി കോവിഡ്​ 19 രാജ്യത്ത്​ സൃഷ്​ടിച്ച പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന സാമ്പത്തിക നടപടികളിലേക്ക്​ കൂടി നമ്മുടെ ശ്രദ്ധയെത്തണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്​ കാരണം കോവിഡ്​ ബാധയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്​ സത്യമല്ല. അതിന്​ മുമ്പേ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായിരുന്നു. ഫാക്​ടറികള്‍ ജോലിക്കാരെ പിരിച്ചുവിട്ടു. ചെറുകിട നിര്‍മാതാക്കള്‍ ധനപ്രവാഹത്തിന്‍െറ പ്രശ്​നങ്ങള്‍ അനുഭവിച്ചു. കൊറോണ വൈറസിന്‍െറ പശ്ചാത്തലത്തിലുള്ള സാമ്പത്തിക തകര്‍ച്ചക്ക്​ കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണ്​. തൊഴിലും വേതനവും സംരക്ഷിക്കലാണ്​ ഒരു സര്‍ക്കാരിന്‍െറ പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം ഇന്ത്യന്‍ എക്​സ്​പ്രസിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.*

🅾️ *എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മാസ്‌കും ഭക്ഷണപ്പൊതികളും നല്‍കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഫ്‌ളൈറ്റ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്കാണ് ജീവനക്കാര്‍ ഭക്ഷണവും മാസ്‌കും കൈമാറുന്നത്. ‘ഈ പരീക്ഷണ സമയത്ത്, നിങ്ങളുടെ അഭിനന്ദനമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. യാത്രക്കാരെ സഹായിക്കാനും സാധ്യമായ എല്ലാ പിന്തുണയും നല്‍കാനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു,’ എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ഹര്‍ഷാരവത്തോടെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്ന യാത്രക്കാരെയും വീഡിയോയില്‍ കാണാം. യാത്രക്കാര്‍ക്ക് ഭക്ഷണവും മാസ്‌ക്കും വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.*

*🌎 അന്താരാഷ്ട്രീയം 🌏*
————————->>>>>>>>>

🅾️ *ലോകത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്. ആഗോളതലത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14,400 പിന്നിട്ടിരിക്കുകയാണ്. സാഹചര്യം നേരിടാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതല്‍ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും തയാറായി വരികയാണ്. ഇറ്റലിയില്‍ ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തിയത്. 3,37,881 പേര്‍ക്കാണ് ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5,400 കഴിഞ്ഞു. രാജ്യത്തെ രോഗബാധിതര്‍ 59,138. യുഎസില്‍ വിവിധ സ്റ്റേറ്റുകളില്‍ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.യുഎസില്‍ 30ല്‍ അധികം സ്‌റേറ്റുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകെ 189 രാജ്യങ്ങളില്‍ രോഗമെത്തി. ഇറ്റലിയില്‍ കോവിഡ് രൂക്ഷമായ വടക്കന്‍ മേഖലയില്‍ ശക്തമായ നിയന്ത്രണമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഇറ്റലിയിലേക്കു മെഡിക്കല്‍ സംഘങ്ങളെ ഉടന്‍ അയക്കുമെന്നു റഷ്യ അറിയിച്ചു. ചെക് റിപ്പബ്ലിക്കിലേക്കു നൂറിലധികം ടണ്‍ അവശ്യ സാധനങ്ങള്‍ ചൈന എത്തിച്ചു നല്‍കി. ചൈനയ്ക്കും ഇറ്റലിക്കും പുറമേ യുഎസിലും സ്‌പെയിനിലുമാണു രോഗം കൂടുതല്‍ ബാധിച്ചത്.*

🅾️ *ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പർക്കവിലക്കില്‍. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണിത്. ഔദ്യോഗികപ്രവര്‍ത്തനങ്ങളെല്ലാം മെര്‍ക്കല്‍ വീട്ടില്‍നിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സര്‍ക്കാര്‍ വക്താവ് സ്റ്റെഫെന്‍ സൈബെര്‍ട്ട് പറഞ്ഞു.*

🅾️ *ഇറ്റലിയില്‍ കൊറോണ മരണം 5476 ആയി ഉയര്‍ന്നു. ലോകത്തെ ആകെ മരണസംഖ്യയില്‍ മൂന്നിലൊന്നോളം വരുമിത്. ശനിയാഴ്ച വൈകീട്ട് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാന്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജ്യൂസപ്പെ കോന്‍തെ നിര്‍ദേശം നല്‍കി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെക്കാള്‍ മരണസംഖ്യ ഇറ്റലിയില്‍ കൂടിയിരിക്കുകയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 8.6 ശതമാനംപേരും മരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 943 പേര്‍ക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ട്.*

🅾️ *കൊറോണ വൈറസിനെ നേരിടാന്‍ യു.എസില്‍നിന്നുള്ള സഹായം ഇറാന്‍ നിരസിച്ചു. വൈറസിനെ അമേരിക്ക സൃഷ്ടിച്ചതാണെന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണിത്. എതിര്‍ക്കുന്ന രാജ്യങ്ങളെ തകര്‍ക്കാന്‍ അമേരിക്ക വൈറസുകളെ നിര്‍മിച്ചതാണെന്ന ചൈനയുടെ ആരോപണം ഇറാനും ഏറ്റുപിടിക്കുകയായിരുന്നു. അമേരിക്ക മരുന്നുമാര്‍ഗം കൂടുതല്‍ രോഗകാരികളായ വൈറസുകളെ രാജ്യത്തേക്ക് അയച്ചേക്കുമെന്ന് പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനി ആരോപിച്ചു. തെറാപ്പിസ്റ്റുകളിലൂടെയും ഡോക്ടര്‍മാരിലൂടെയും അമേരിക്ക ആക്രമണത്തിനു മുതിര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസ് പടര്‍ത്തിയത് യു.എസ്. ആണെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.*

🅾️ *മസ്​കത്തില്‍ നിന്ന്​ 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപാച്ചിലില്‍ വാഹനം ഒഴുകി പോയതിനെ തുടര്‍ന്ന്​ രണ്ട്​ മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ്​ നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്തിനെയും വിജീഷിനെയുമാണ്​ കാണാതായത്​. അമല എന്ന സ്​ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക്​ പോകുന്നതിനിടെ പാലത്തിന്​ കുറുകെ ഒഴുകുന്ന മലവെള്ളപാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്​ച വൈകുന്നേരം ഏഴുമണിയോടെയാണ്​ സംഭവം. ഒഴുക്കില്‍ പെട്ട വാഹനത്തില്‍ നിന്ന്​ ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു.വിവരമറിഞ്ഞ്​ പൊലീസ്​ സംഘം സ്​ഥലത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്*

🅾️ *കോവിഡ്​ രോഗത്തി​​ന്റെ​ പശ്​ചാത്തലത്തില്‍ ബഹ്​റൈനിലെ ഇന്ത്യന്‍ എംബസിയുടെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍ത്തി.* *അടിയന്തിര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന്​ എംബസി അറിയിച്ചു.* *പാസ്​പോര്‍ട്ട്​, അറ്റസ്​റ്റേഷന്‍, കോണ്‍സുലര്‍ സേവനങ്ങള്‍: 38302257.*
*തൊഴില്‍ വിഷയങ്ങള്‍: 39686763.*
*വിസ/ഒ.സി.​െഎ വിഷയങ്ങള്‍: 38963916.*
*കോവിഡ്​ -19 രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്​​ +973 39415772 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്ന്​ ഇന്ത്യന്‍ എംബസി അറിയിച്ചു.*

🅾️ *ബ്രിട്ടന്‍ ഒരു വികസ്വര രാജ്യമായതിനാലും എന്‍എച്ചിന് ഏറെ പരിമിതികളുണ്ടെങ്കിലും അത് ലോകത്തിലെ ഏറ്റവും മികച്ച ഒരു ഹെല്‍ത്ത് കെയര്‍ സിസ്റ്റമായതിനാലും കൊറോണ ഉയര്‍ത്തുന്ന ഭീഷണി ഒരിക്കലും ബ്രിട്ടനെ അത്രയേറെ ബാധിക്കില്ലെന്നായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്‌ വരെ മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യത്തുകൊറോണ ബാധിച്ചുള്ള മരണവും അനുനിമിഷം പെരുകുന്ന കോവിഡ്-19 രോഗികളും എന്‍എച്ച്‌എസിനെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിച്ച്‌ കൊണ്ടിരിക്കുന്നുവെന്നും എന്‍എച്ച്‌എസ് തന്നെ മരണാസന്നമായ അവസ്ഥയ്ക്ക് സമാനമായിരിക്കുന്നുവെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.*

*⚽ കായികം, സിനിമ 🎥*
————————->>>>>>>>>>

🅾️ *സായ്‌ പരിശീലന കേന്ദ്രങ്ങൾ കോവിഡ്‌ ബാധിതർക്കുള്ള ഐസൊലേഷൻ വാർഡുകൾ ആക്കും*

🅾️ *പരിക്കിനെ തുടർന്ന് കളിയിൽ നിന്ന് വിട്ട്‌ നിന്ന സുവാരസ്‌ മെയ്‌ അവസാനം ബാഴ്സയിൽ തിരിച്ചെത്തും*

🅾️ *പ്രീമിയർ ലീഗ്‌. ഇനി ജൂണിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്‌*

🅾️ *ജൂറിനിയമനം വൈകിയതും കൊറോണഭീതിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകിപ്പിക്കും. സാധാരണ മാര്‍ച്ചിനകം അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ജൂറി ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകി. കൊറോണയും വന്നതോടെ അവാര്‍ഡ് നിര്‍ണയം എന്നുതുടങ്ങാനാകുമെന്ന് ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. ശ്രീകുമാരന്‍ തമ്പി പിന്മാറിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനെ ജൂറി അധ്യക്ഷനാക്കും. സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍ (സംവിധായകര്‍), വിപിന്‍ മോഹന്‍ (ക്യാമറ, സംവിധായകന്‍), ടി.ഡി.രാമകൃഷ്ണന്‍ (എഴുത്തുകാരന്‍ ), ബേണി (സംഗീതം), അര്‍ച്ചന (നടി), ഭൂമിനാഥ് (എഡിറ്റിങ്), രാധാകൃഷ്ണന്‍ (ശബ്ദം), ചലച്ചിത്ര അക്കാദമി സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങള്‍.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ സെക്രട്ടറിയായി അജോയ് ചന്ദ്രന്‍ തിങ്കളാഴ്ച ചുമതലയേറ്റേക്കും. കൊറോണഭീതിയില്‍ മാര്‍ച്ച്‌ 31 വരെ സര്‍ക്കാരിന്റെ വിലക്കുള്ളതിനാല്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കില്ല. സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രിലിലും പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയുമുണ്ട്. 119 സിനിമകളാണ് ഇത്തവണ മത്സരിക്കുന്നത്. ഇത്രയും സിനിമകള്‍ കണ്ട് വിലയിരുത്താന്‍തന്നെ കുറഞ്ഞത് 20 ദിവസമെടുക്കും. മിക്കവാറും ഏപ്രില്‍ കഴിഞ്ഞേ അവാര്‍ഡ് പ്രഖ്യാപിക്കാനിടയുള്ളൂ.നടന്മാരായ ഇന്ദ്രന്‍സ്, പ്രേംകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരെ ചേര്‍ത്ത് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ദിവസങ്ങള്‍ക്കുമുമ്ബ് പുനഃസംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ദ്രന്‍സ് അഭിനയിച്ച ചിത്രങ്ങള്‍ മത്സരത്തിനുള്ളതിനാല്‍ അദ്ദേഹം പിന്മാറി. ഗാനരചന നിര്‍വഹിച്ച രണ്ടുസിനിമകള്‍ ഉള്ളതിനാലാണ് ശ്രീകുമാരന്‍ തമ്പിയും പിന്മാറിയത്. നടി മഞ്ജുവാര്യരും പ്രേംകുമാറും ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍ തുടരും.*

🅾️ *കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌​ ഒളിമ്പിക് ദീ​പം കാ​ണാ​ന്‍ ആ​യി​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌​ കൂ​ടി​യ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ക​ടും​പി​ടി​ത്തം ഉ​പേ​ക്ഷി​ച്ച്‌​ ഒളിമ്പിക്സ്‌ ​​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സം​ഘാ​ട​ക​ര്‍ നീ​ങ്ങു​ന്ന​താ​യി റിപ്പോർട്ട്‌ ഔ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണ​മാ​യി​ല്ലെ​ങ്കി​ലും ഒളിമ്പിക്സ്‌ നീ​ട്ടി​വെ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി വി​ശ്വ​സ​നീ​യ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും വി​വ​രം ല​ഭി​ച്ച​താ​യി ‘റോ​യി​​ട്ടേ​ഴ്​​സ്​’ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

You might also like

Leave A Reply

Your email address will not be published.