ആഗോളതാപനവും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലും നല്‍കുന്ന ആശങ്കകള്‍ക്കിടയില്‍ ഒരു ലോകകാലാവസ്ഥ ദിനം കൂടി. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്ക് തന്നെയും ദോഷകരമാകുന്ന തരത്തിലാണ് കാലാവസ്ഥയില്‍ പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം. തണുപ്പുള്ള ദിനരാത്രങ്ങള്‍ക്ക് പകരം ചൂടേറിയ ദിനരാത്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. സമ്മിശ്ര കാലാവസ്ഥകൊണ്ട് സുരക്ഷിതമായിരുന്ന കേരളത്തില്‍ പോലും ജീവനും കാര്‍ഷിക മേഖലയ്ക്കും ഭീഷണിയാവുന്ന തരത്തില്‍ കാലാവസ്ഥ മാറിക്കഴിഞ്ഞു.
ഹരിതഗൃഹ പ്രഭാവത്തിന്റെയും എല്‍ നിനോ പ്രതിഭാസത്തിന്റെയും ഫലമായാണ് ആഗോള താപനം വര്‍ദ്ധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. തെക്കേ അമേരിക്കയുടെ ഭൂരിഭാഗം, ആഫ്രിക്ക, വടക്ക് കിഴക്ക് യൂറേഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, മധ്യേഷ്യ, ഉത്തര അമേരിക്കയുടെ പടിഞ്ഞാറ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് എല്‍ നിനോ ശക്തി പ്രാപിച്ചതോടെ കാലാവസ്ഥ വ്യതിയാനം ക്രമാതീതമാകുന്നത്. ഏഷ്യയും തെക്കേ അമേരിക്കയും ചൂട് കൂടിയ പ്രദേശമായി നേരത്തെ നിരീക്ഷിക്കപ്പെട്ടതാണ്.
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 2001-2010 കാലമാണ് മുമ്പ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ ദശകം. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കഠിന ചൂടനുഭവപ്പെട്ട അഞ്ചു വര്‍ഷമായി 2011-2015 കാലം മാറി. കഴിഞ്ഞ നാല് നൂറ്റാണ്ടുകളേക്കാള്‍ താപനില കൂടുതല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങള്‍ തന്നെ രേഖപ്പെടുത്തുമ്പോള്‍ വരും വര്‍ഷങ്ങള്‍ കൂടുതല്‍ ഭീതിദമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക.
ഉഷ്ണക്കാറ്റ് മൂലം 2002-2003 വര്‍ഷത്തില്‍ ഇന്ത്യയില്‍ ആയിരത്തിലധികം ആളുകള്‍ക്കാണ് ജീവഹാനി ഉണ്ടായതെങ്കില്‍ യൂറോപ്പില്‍ അത് 66,000 ത്തിലധികമായിരുന്നു. തണുപ്പു രാജ്യങ്ങള്‍ പോലും കടുത്ത ചൂടിലേക്ക് വഴിമാറുമ്പോള്‍ തണുത്തുറഞ്ഞ ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകലും അതുവഴി ലോകത്തെ നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള വെള്ളപ്പൊക്ക സാധ്യതയുമാണ് കാലാവസ്ഥാ വ്യതിയാനം നല്‍കുന്ന ഏറ്റവും വലിയ ആശങ്ക.