“`എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു. സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു. 1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. ഈ പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്.“`