മാർച്ച്-20 ഇന്ന് ലോക സന്തോഷ ദിനം

0

 

ഇന്ന് ലോക സന്തോഷ ദിനം. മാർച്ച്-20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് പ്രമേയത്തിന്റെ വിവക്ഷ.

മലയാളികള്‍ പലരും ആദ്യമായാകും ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച് കേള്‍ക്കുന്നത്. ലോകത്ത് മനുഷ്യന്്ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് അവര്‍ അവതരിപ്പിച്ചത്. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്.

എന്തൊക്കെയാണ് മനുഷ്യന്റെ സന്തോഷം നശിപ്പിക്കുന്നത്, സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്നീ ആലോചനകള്‍ ഏറെ പ്രസക്തമായ സന്ദര്‍ഭമാണിത്. നമ്മുടെ സമീപനത്തിലും ചിന്താഗതിയിലും സര്‍വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇവ്വിഷയകമായി നടന്ന മിക്ക പഠനങ്ങളും നല്‍കുന്ന സൂചന. സാമൂഹ്യ ജീവിയായ മനുഷ്യന്‍ ഉപഭോഗ സംസ്‌കാരത്തിനടിമപ്പെട്ട് ആര്‍ത്തി പൂണ്ട് ഓടി നടക്കുകയും സ്വര്‍ഥതയും വ്യാമോഹങ്ങളുമായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷം അവന് നഷ്ടമായത്. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്ന സങ്കുചിത ചിന്താഗതികളും എല്ലാം തനിക്ക് ആസ്വദിക്കുവാന്‍ വാരിക്കൂട്ടമെന്ന അതിമോഹവും പ്രകൃതിയുടെ മനോഹാരിതയും സന്തുലിതത്വവും മാത്രമല്ല മനുഷ്യ ഹൃദയങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും ഇല്ലാതാക്കി. കള്ളവും കൊലയും വഞ്ടനയും മാത്രമല്ല ഏഷണിയും പരദൂഷണവും സമൂഹഗാത്രത്തെ ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യാനാണ് ഉപകരിച്ചത്. പരിസ്ഥിതിയെ പരിഗണിക്കാത്ത തലതിരിഞ്ഞ വികസന പരിപാടികളും സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള ജീവിത ശൈലിയും ദുരന്തങ്ങളുടെ വേലിയേറ്റമാണ് സമ്മാനിച്ചത്. എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടെങ്കിലും മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും സാക്ഷാല്‍ക്കരിക്കമെങ്കിലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം നല്‍കുന്ന പാഠം.

വാസ്തവത്തില്‍ ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുമ്പോഴല്ല , മറിച്ച് നല്‍കുമ്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ് സാമൂഹ്യ ജീവിയായ മനുശഷ്യന്റെ ജീവിതം കൂടുതല്‍ അര്‍ഥ പൂര്‍ണമാകുന്നത്. ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും ചെയ്തിയുമായി മുന്നോട്ടുപോകുമ്പോള്‍ സമൂഹതതിലും ചുറ്റുപാടുമൊക്കെ സമാധാനവും സന്തോഷവുമാണ് നിലനില്‍ക്കുക.

സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കട്ടെ. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരണവും എല്ലാവരുടേയും സന്തോഷവും പൊതുജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്തെക്കുറിച്ച ചിന്തകള്‍ സജീവമാക്കുവാന്‍ ഈ ദിനത്തനാവട്ടെ എന്നാശംസിക്കുന്നു.

You might also like
Leave A Reply

Your email address will not be published.