ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതെതുടർന്ന് കെ.പി.സി.സി. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.