🅾️ *കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. മാര്‍ച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരില്‍ ഇതുവരെ 65 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.*
🅾️ *സംസ്ഥാനത്തെ കടകള്‍ക്ക് വീണ്ടും ഇളവ് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. എയര്‍ കണ്ടീഷണര്‍ കടകള്‍, ഫാന്‍ കടകള്‍, കണ്ണടക്കടകള്‍ തുടങ്ങിയവയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ഞായറാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ പരമാവധി മൂന്നു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നുപ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. വയോജനങ്ങള്‍ക്ക് കണ്ണടകള്‍ സംബന്ധിച്ച തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയ കണ്ണടകള്‍ വാങ്ങുന്നതിനും സഹായകമാകുന്ന രീതിയില്‍ കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പരമാവധി രണ്ടു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാം.കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് മണ്ണ് ശേഖരിക്കാവുന്നതാണ്. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്ന് വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍നിന്ന് തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായിരിക്കുന്നതിനാല്‍ അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തിങ്കള്‍, ചൊവ്വ, ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നുപ്രവര്‍ത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാവുന്നതുമാണ്. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളും തൊഴിലാളികളും പ്രവര്‍ത്തിക്കുമ്പോൾ കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.*
🅾️ *കാസര്‍കോട്ടെ കൊറോണയെ തുരത്താന്‍ കോട്ടയത്തെ മെഡിക്കല്‍ സംഘം ബുധനാഴ്ച്ച കാസര്‍കോട്ടെത്തും.*
*കൊവിഡ് 19 രോഗബാധിതര്‍ ഏറെയുള്ള കാസര്‍കോട്ടേക്ക് അടുത്തഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ മെഡിക്കല്‍ സംഘം പോകും. കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായമുള്ള കൊവിഡ് രോഗികളെ പരിചരിച്ച് രോഗമുക്തരാക്കി ബഹുമതി കോട്ടയം മെഡിക്കല്‍ കോളേജിനാണ്. കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരുടെ ആത്മവിശ്വാസത്തോടെയാണ് സംഘം യാത്ര തിരിക്കുന്നത്. കൊവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാന്‍ സന്നദ്ധരാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ ആഹ്വാനം.തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസര്‍കോട്ടേക്ക് കോട്ടയം മെഡിക്കല്‍ ടീം പോകുക. അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ട്. കാസര്‍കോട്ടേക്ക് പോകാന്‍ പലരും സ്വയം സന്നദ്ധരായാണ് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് കോട്ടയം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് അറിയിച്ചിട്ടുണ്ട്.*
🅾️ *ഇത്തവണത്തെ വിഷു ആഘോഷം ലോക്ഡൗണില്‍ കുടുങ്ങിയെന്ന് കരുതി ആരും വിഷമിക്കേണ്ട. കണിവയ്ക്കാനുള്ള കണിവെള്ളരി ഓണ്‍ലൈനില്‍ കിട്ടും. വെള്ളരിക്ക ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ് ആരംഭിച്ചു. തിരുവനന്തപുരത്തും കണ്ണൂരും ഓണ്‍ലൈന്‍ വിതരണം തുടങ്ങി. അടുത്ത ദിവസം കൊച്ചിയിലും തൃശൂരും ആരംഭിക്കും. മറ്റു ജില്ലകളില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. പ്രമുഖ ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് വിതരണം നടത്തുകയെന്ന് ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞുവെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓണ്‍ലൈന്‍ വിപണിയിലേക്കു നീങ്ങാന്‍ പ്രേരിപ്പിച്ചത്. 40 ടണ്‍ ഇപ്പോള്‍ തന്നെ സംഭരിച്ചു കഴിഞ്ഞു.വിഷുക്കണിക്കായി മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉല്‍പാദനം കൂട്ടിയത്.*
🅾️ *കൊറോണ വൈറസിനെതിരെ കേരളം കൈകൊണ്ട ശക്തമായ പ്രതിരോധ നടപടികളെ പ്രശംസിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. വൈറസ് രോഗബാധയ്‌ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റിങ് നിരക്കുള്ള കേരളം കേന്ദ്രസര്‍ക്കാരിന് തന്നെ പിന്തുടരാവുന്ന പ്രവര്‍ത്തനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ നടപടി ‘കര്‍ശനവും മനുഷ്യത്വ’പരവുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി.പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം കുറയ്ക്കാനും 124 പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോൾ ആളുകളെ പരിശോധിക്കുന്നതില്‍ കേരളം സജീവമായി തന്നെ മുന്നില്‍ നിന്നു.*
🅾️ *മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ അതിര്‍ത്തി മേഖലകളിലും ലോക്ക് ഡൗണിലെ ഇളവുകള്‍ നീക്കിയേക്കും. പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നാട്ടുകാര്‍ ലംഘിക്കുന്നതിനൊപ്പം തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നത് കൂടി പരിഗണിച്ചാണ് നീക്കം. തമിഴ്‍നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ മറയൂര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, സൂര്യനെല്ലി എന്നിവിടങ്ങളില്‍ കൂടി സമ്പൂർണ്ണ ലോക് ഡൗണ്‍ നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. ഇതിന് മുന്നോടിയായി എംഎല്‍എയുടെയും ദേവികുളം സബ്‍കളക്ടറുടെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. ലോക് ഡൗണ്‍ നിലവില്‍ വന്ന് മൂന്നാഴ്ചയാകാറായിട്ടും ഇവിടങ്ങളിലൊന്നും ഇപ്പോഴും തിരക്കിന് കുറവില്ല.പൊലീസ് നിര്‍ദ്ദേശം അവഗണിച്ചും അവശ്യസാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന നാട്ടുകാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ചെറുകിട വ്യാപാരികള്‍ തമിഴ്നാട്ടില്‍ നിന്ന് വനത്തിലൂടെ സാധനങ്ങള്‍ കൊണ്ടുവരുന്നു. മൂന്നാറില്‍ സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷം ആളുകള്‍ പുറത്തിറങ്ങുന്നില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. ഇതും പ്രശ്നബാധിതമായ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ നീട്ടുന്നതിന് ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട്.*
🅾️ *സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരി കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്. കൊറോണക്കാലത്തെ രാഷ്ട്രീയ അല്‍പ്പത്തമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്ന് കോടിയേരി കുറ്റപ്പെടുത്തി.*
🅾️ *പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീന്‍, ജിന്‍സന്‍, സനല്‍ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.*
🅾️ *പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി കെടി ജലീല്‍. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നതെന്നും ലോകം മുഴുവന്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ നാട്ടില്‍ എത്തണമെന്നായിരിക്കും പ്രവാസികളുടെ ആഗ്രഹം. എന്നാല്‍ അത് പ്രായോഗികമല്ല. പ്രവാസികളോട് അഭ്യര്‍ഥിക്കാനുള്ളത് ഇപ്പോള്‍ നിങ്ങള്‍ ഉള്ള രാജ്യത്ത് അവിടത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് നില്‍ക്കുക എന്നതാണെന്നും മന്ത്രി കെടി ജലീല്‍ ഒരു മാധ്യമത്തോടായി പറഞ്ഞു. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളിൽ നിന്ന് ചിലര്‍ പരാതിയുമായി വിളിക്കുന്നുണ്ട്.അന്താരാഷ്ട്രനിയമമനുസരിച്ച് അവിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ നമ്മള്‍ പരാതിപ്പെടുന്നതുപോലും ശരിയല്ലെന്നും അതു പിന്നീട് അവിടത്തെ പ്രവാസികളെത്തന്നെയാവും ബാധിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ ആവശ്യമായ ആരോഗ്യസേവനം അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും അംബാസഡര്‍മാര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയോടാണ് നമ്മള്‍ പറയുക. പ്രധാനമന്ത്രിയാണ് അത് അതതുരാജ്യങ്ങളുടെ ഭരണാധികാരികളോട് പറയേണ്ടത്. സംസ്ഥാനസര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രവാസികള്‍ക്ക് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന് കുവൈത്തില്‍നിന്നും യു.എ.ഇ.യില്‍നിന്നും ഇതിന് മറുപടി വന്നിട്ടുണ്ടെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.*
🅾️ *രാവും പകലുമെന്നില്ലാതെ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന ആഷിഫ് (23) ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ വെളപ്പായയിലാണ് അപകടമുണ്ടായത്. മുളങ്കുന്നത്തുകാവില്‍നിന്ന് അവണൂര്‍ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിന്‍ചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണം വിട്ട ബൈക്ക് കയറിപ്പോയി. ഗുതരമായി പരിക്കേറ്റ ആഷിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ഇവിടെനിന്നും മടങ്ങവെയാണ് അപകടം*
🅾️ *മറയൂർ അതിർത്തിയിലെ ആനമല കടുവ സങ്കേതത്തിൽ 2 കടുവകൾ ചത്ത നിലയിൽ കണ്ടെത്തി . 8,6 വയസുള്ള കടുവകൾ ആണ് ചത്തത്*
🅾️ *കോവിഡ് -19, വ്യാപാരി വ്യവസായി ക്ഷേമനിധിയിൽ ഉള്ളവർക്ക് 1000 രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു*
🅾️ *ലോക്ക് ഡൗണിൽ ആളുകൾ. വീട്ടിൽ ആയതോടെ ഇറച്ചി വിപണിയിലെ പൊതുമേഖല സ്ഥാപനമായ ഇടയാർ മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യക്ക് മികച്ച നേട്ടം . ഇക്കാലയളവിൽ വിൽപന ഇരട്ടിയിലും അധികമായെന്ന് എം ഡി എ എസ് ബിജുലാൽ പറഞ്ഞു*
🅾️ *ഒഡിഷ സ്വദേശി ഹുജാസിംഗ് ഹുയാൻ (30) പന്തളത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടൈൽസ് കടയിലെ ജീവനക്കാരൻ ആയിരുന്നു.*
*🇮🇳 ദേശീയം 🇮🇳*
———————->>>>>>>>
🅾️ *ദേശീയ ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചര്‍ച്ച നടത്തുക. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാകും തുടര്‍നടപടി എന്ന നിലപാടാകും പ്രധാന മന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്.ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താകും തീരുമാനം. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 6761 ആയി ഉയര്‍ന്നിരുന്നു.*
🅾️ *കൊവിഡ് 19 സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ക്ലൗഡ് അധിഷ്ഠിത മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ ഔദ്യോഗിക ചാനല്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. MyGov CoronaNewsdesk എന്ന പേരിലുള്ള ചാനലില്‍ നിന്ന് മൊബൈല്‍ വഴിയും ഡെസ്‌ക്ക്‌ടോപ്പിലൂടെയും വിവരങ്ങള്‍അറിയാന്‍ സാധിക്കും. നിലവില്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ ചാനല്‍ വഴി കൈമാറും. കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാനും രോഗ പ്രതിരോധത്തിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.വളരെ ആധികാരികമായ ഉറവിടവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാല്‍ നിലവിലെ കൊവിഡ് 19സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങളും പുതിയ വാര്‍ത്തകളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ പങ്കുചേരാം.*
🅾️ *പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമര്‍പ്പിച്ച 1.37 ലക്ഷം അപേക്ഷ പത്തു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ). 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. കൊവിഡ് പോരാട്ടത്തില്‍ അംഗങ്ങളെ സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി ഭേദഗതി ചെയ്താണ് തുക അനുവദിച്ചിരിക്കുന്നത്. ഇവയുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. കെവൈസി നിബന്ധനകള്‍ പൂര്‍ത്തീകരിച്ച എല്ലാ അപേക്ഷകള്‍ക്കും 72 മണിക്കൂറിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന വിധമാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി പിഎഫ് തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും കൊവിഡ് ആവശ്യത്തിന് കീഴില്‍ അപേക്ഷിക്കാമെന്ന് ഇപിഎഫ്‌ഒ അറിയിച്ചു.ഇവരുടെ കെവൈസി നില അനുസരിച്ച് അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് കൊവിഡ് പ്രതിരോധത്തിനായി പ്രോവിഡന്റ് നിധിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇതിനായി ഇപിഎഫ് പദ്ധതിയില്‍ 68 എല്‍(3) എന്ന ഖണ്ഡിക ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അടിയന്തര വിജ്ഞാപനം മാര്‍ച്ച് 28നു പുറത്തിറക്കി. അംഗത്തിന്റെ മൂന്നുമാസത്തെ അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന തുക അല്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ടിലെ 75 ശതമാനം തുക എന്നിവയില്‍ ഏതാണോ കുറവ് അതാകും പിന്‍വലിക്കാന്‍ സാധിക്കുക.*
🅾️ *ഡല്‍ഹിയില്‍ ഇന്നലെ മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചത് 183 പേര്‍ക്ക്. അതിനിടെ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഐഡി കാര്‍ഡ് കാണിക്കുന്നതിനിടെ പൊലീസുകാരന്‍ കൈയിലും പുറത്തും അടിച്ചെന്നാണ് പശ്ചിമ വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ വിഷ്ണുവിന്റെ പരാതി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1574 ആയി. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയില്‍ മാത്രം 251 തീവ്ര ബാധിത മേഖലകള്‍ ഉണ്ടെന്ന് കണ്ടെത്തി. ആന്ധ്രപ്രദേശില്‍ ഇന്ന് 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 381 ആയി. ഗുജറാത്തില്‍ ഇന്ന് 70 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 378 ആയി ഉയര്‍ന്നു. 19 പേരാണ് ഇവിടെ ഇതിനോടകം മരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായി. തെലങ്കാനയിലും ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 487 ആണ്.*
🅾️ *കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്ന് ഇന്ത്യയിലെ സ്ഥാനപതി അഹ്മദ് അല്‍ ബന്ന. എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്നും സ്ഥാനപതി വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് ബാധയില്ലാത്ത പ്രവാസികളെ സ്വന്തം നിലക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കാന്‍ യു.എ.ഇ ഒരുക്കമാണ്. മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ഇവര്‍ക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കും. അസുഖമുള്ളവര്‍ക്ക് യു.എ.ഇയില്‍ തന്നെ ചികിത്സ നല്‍കും. ഇതുസംബന്ധിച്ച് വാക്കാലുള്ള അറിയിപ്പ് മറ്റ് രാജ്യങ്ങളുടെ എംബസികള്‍ക്ക് നല്‍കിക്കഴിഞ്ഞതായും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.*
🅾️ *കൊറോണയുടെ പശ്ചാത്തലത്തില്‍ 35 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്നലെ ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പഖ്യാപിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഇന്‍ഷുറന്‍സ്. മാര്‍ച്ച് 24 മുതലുള്ള അടുത്ത ആറ് മാസത്തിനുള്ളില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ ഇവരുടെ ആശ്രിതര്‍ക്ക് 35 ലക്ഷം രൂപ ലഭിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) കേന്ദ്രത്തിന്റെ നോഡല്‍ ഏജന്‍സിയാണ്, കര്‍ഷകരില്‍ നിന്ന് നേരിട്ട് കുറഞ്ഞ വിലയ്ക്ക് (എംഎസ്പി) ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് എഫ്‌സിഐയുടെ ദൗത്യം.തീവ്രവാദ ആക്രമണം, ബോംബ് സ്‌ഫോടനം, ആള്‍ക്കൂട്ട അക്രമം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ മൂലം മരണമടഞ്ഞാല്‍ എഫ്സിഐ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. അതേസമയം എഫ്സിഐയിലെ സ്ഥിരം-കരാര്‍ തൊഴിലാളികള്‍ക്ക് ഈ നഷ്ടപരിഹാരം ലഭിക്കാറില്ല. ഇപ്പോഴത്തെ പദ്ധതിയില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.*
🅾️ *ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബിജെപി എംഎല്‍എയുടെ പിറന്നാളാഘോഷം. കര്‍ണാടക തുമകൂരുവിലെ എംഎല്‍എ എം ജയറാം ആണ് കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പൻ പിറന്നാളാഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎല്‍എയുടെ പിറന്നാളാഘോഷം. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് പരിപാടിക്കെത്തിയവര്‍ ഒത്തുകൂടിയത്. വലിയ പന്തല്‍ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയില്‍ കാണാം.*
🅾️ *ലോക്ക് ഡൗണിനിടെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞയാള്‍ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് വരുമ്പോഴായിരുന്നു കൊണ്ടു ദുരന്തം. കര്‍ണാടകത്തിലെ ബീജാപൂരിലാണ് സംഭവം. ബീജാപൂര്‍-ബാഗല്‍കോട്ട് ജില്ലകള്‍ക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാള്‍ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റര്‍ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിര്‍ത്തി ഗ്രാമത്തിലാണ് കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകള്‍. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റില്‍ വെച്ച് പൊലീസ് തടഞ്ഞു.എല്ലാവരെയും പൊലീസ് വാഹനത്തില്‍ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ അയഞ്ഞില്ല. ഒടുവില്‍ ഭാര്യയെയും കുഞ്ഞിനെയും അതിര്‍ത്തി കടന്ന് നടന്നുപോകാന്‍ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാന്‍ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മര്‍ദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കില്‍ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരന്‍ പറയുന്നു.*
🅾️ *മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും രാജ്യവ്യാപകമായി അനുമതി നല്‍കി ആഭ്യന്തരമന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കടലിലെ മീന്‍പിടുത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ് നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്പെയര്‍പാര്‍ട്സുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദേശീയ പാതകളിലെ ട്രക്ക് വര്‍ക്ക്ഷോപ്പുകള്‍ക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളില്‍ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തനം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.*
🅾️ *രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ വൈറസ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1300 കടന്നു*
🅾️ *ബിഎസ് 6 പാലിക്കുന്ന കറുപ്പ് നിറത്തിലുള്ള ബജാജ് പള്‍സര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 69,997 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 74,118 രൂപയുമാണ് എക്സ് ഷോറൂം വില. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 6,000 രൂപയും 8,000 രൂപയും കൂടിയിരിക്കുകയാണ്.*
🅾️ *രീതികള്‍ മികച്ചതാക്കുകയും ഗ്രൂപ്പ് കോളിംഗ് സവിശേഷത മുമ്പത്തേക്കാളും എളുപ്പമാക്കുകയും ചെയ്തിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്, ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഒരു ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ വാട്ട്സ്‌ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിലുള്ള വീഡിയോ ഐക്കണില്‍ ടാപ്പുചെയ്യേണ്ടിവരും. എന്നാലും, ഇത് നാലോ അതില്‍ കുറവോ ആളുകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് മാത്രമേ ബാധകമാകൂ. ചാറ്റിലുള്ള എല്ലാവരുമായും നേരിട്ട് ഒരു കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റില്‍ നിന്ന് വീഡിയോ അല്ലെങ്കില്‍ വോയ്സ് കോള്‍ ഐക്കണ്‍ ടാപ്പുചെയ്യുക ഈ ഫീച്ചര്‍ ലഭിക്കാന്‍, ഉപയോക്താക്കള്‍ വാട്ട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.*
*🌍 അന്താരാഷ്ട്രീയം 🌎*
—————————–>>>>>>>>>>
🅾️ *ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനും മേലെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 95,000 പേരാണ് ലോകതാകമാനം മരിച്ചത്. കൊവിഡ് ബാധിച്ച് 102,718 പേര്‍ ഇതുവരെ മരിച്ചതായാണ് വിവരം. ലോകത്താകെ 16,98,881 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. മാര്‍ച്ച് 10ന് കൊവിഡ് മരണനിരക്ക് 5000 മാത്രമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അരലക്ഷം കൊവിഡ് മരണമാണ് ഉണ്ടായത്. ജനുവരി 30 വരെ 170 പേര്‍ മാത്രമായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ മാത്രം 18,725 ആളുകള്‍ മരിച്ചു. ഇറ്റലിയില്‍ രോഗം ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 100 കടന്നു.17 ദിവസത്തിനിടെ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആശ്വാസത്തിലാണ് സ്പെയിന്‍. 605 പേരാണ് മരിച്ചത്.*
🅾️ *ലോകരാജ്യങ്ങളില്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നിയന്ത്രണങ്ങള്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിക്കുന്നതു രോഗവ്യാപനം മാരകമാകാന്‍ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം സംഘടനയുമുണ്ടെന്നും എന്നാല്‍ പെട്ടെന്നതു സാധ്യമല്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം പറഞ്ഞു.*
🅾️ *മണി ഹൈസ്‌റ് അല്ലെങ്കില്‍ ല കാസ ഡേ പപ്പേല്‍ എന്ന സ്പാനിഷ് വെബ് സീരീസ് താരം ഇറ്റ്‌സിയര്‍ ഇറ്റിയൂനോക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരങ്ങള്‍. ആദ്യ സീസണുകളില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലും പിന്നീട് പ്രൊഫസര്‍ക്കൊപ്പം ചേരുകയും ചെയ്ത, റഖ്വേല്‍ എന്ന പേരിലുള്ള കഥാപാത്രത്തെയാണ്‌ഇറ്റ്‌സിയര്‍ ഇറ്റിയൂനോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി താരം ചികത്സയിലാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. 45കാരിയാണ് ഇറ്റ്‌സിയര്‍. ആരും ഇതിനെ നിസാരമായി കാണരുതെന്നും, അത്ര നിസാരനല്ല കൊവിഡെന്നും താരം പറഞ്ഞു. നിരവധി പേര്‍ മരിച്ചു. ശാരീരികമായി മോശാവസ്ഥയിലുള്ളവരെ മരണം കൊണ്ടുപോകും.എല്ലാവരും സൂക്ഷിക്കണം. ഞാന്‍ സുഖം പ്രാപിച്ചുവരികയാണെന്നും താരം വ്യക്തമാക്കിയിരുന്നു. താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന നാലാം സീസണ്‍ മണി ഹൈസ്റ്റ് അടുത്തിടെയാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ‘റഖ്വേലിന്’ കൊവിഡ് ബാധിച്ച വാര്‍ത്തയെത്തിയത്.*
🅾️ *കൊവിഡ്19 വൈറസ് ലോകവ്യാപകമായി ഭീകരാക്രമണത്തിനുള്ള സാധ്യതയൊരുക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൊവിഡ് സംബന്ധിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ആദ്യ ചര്‍ച്ചയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. ലോകത്ത് ഇപ്പോഴും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധമുഴുവന്‍ മഹാമാരിയിലേക്ക് തിരിയുമ്പോൾ ഭീകരര്‍ ഇത് ആക്രമണത്തിനുള്ള അവസരമായി കണ്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ചിലര്‍ വിഭജനവും കലാപവും സൃഷ്ടിക്കാനുള്ള അവസരമായും മുതലെടുക്കും. ഇത് നിലവിലുള്ള ഭിന്നതകള്‍ തീവ്രമാക്കുകയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടങ്ങളെ സങ്കീര്‍ണമാക്കുകയും ചെയ്യുമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.*
🅾️ *കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മറ്റൊരു വാക്‌സിന്‍ പരീക്ഷണം കൂടി ആരംഭിച്ചെന്ന് യുഎസില്‍നിന്നുള്ള വാര്‍ത്തകള്‍. പെന്‍സില്‍വാനിയയില്‍ ഉള്ള ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സാണ് പുതിയ വാക്‌സിനു പിന്നില്‍. മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചതിനു പിന്നാലെയാണ് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിന് അനുമതി നല്‍കിയത്. ഐഎന്‍ഒ4800 എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡിഎന്‍എ വാക്‌സിന്റെ രണ്ടു ഡോസ് വീതം കന്‍സാസ് സിറ്റി റിസര്‍ച് ലാബിലെ 40 ആരോഗ്യ പ്രവര്‍ത്തകരിലാണ് ആദ്യം പരീക്ഷിക്കുക. കൊവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2ന്റെ ജനിതകഘടനകളെക്കുറിച്ചു ചൈന നടത്തിയ പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം നല്‍കിയത്.അതിനാല്‍ പരീക്ഷണം ചൈനയിലേക്കു വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്. പ്രത്യേകം തയാറാക്കിയ ദ്രാവകം രോഗിയില്‍ കുത്തിവച്ചു ശരീരത്തിലെ കോശങ്ങള്‍ക്ക് കൊവിഡ് രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിര്‍മിക്കാന്‍ സാഹചര്യമൊരുക്കുന്ന രീതിയിലാണ് ഐഎന്‍ഒ4800 വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. വൈറസിന്റെ ജനിതക കോഡിന്റെ ഒരു ഭാഗം കൃത്രിമ (സിന്തറ്റിക്) ഡിഎന്‍എയില്‍’പാക്കേജായി’ ചേര്‍ക്കുകയായിരുന്നു ഗവേഷകര്‍. ഇത് വാക്‌സിന്‍ രൂപത്തില്‍ കുത്തിവക്കുമ്പോൾ ശരീരകോശങ്ങള്‍ ദോഷകരമല്ലാത്ത പ്രോട്ടിന്‍ പതിപ്പുകള്‍ ഉല്‍പാദിപ്പിക്കും. കൃത്രിമ ഡിഎന്‍എ കുത്തിവച്ച ശേഷം ആ ഭാഗത്തു വളരെ ചെറിയ തോതില്‍ ഇലക്‌ട്രിക്കല്‍ ഷോക്കും നല്‍കേണ്ടതുണ്ട്. വലുപ്പക്കൂടുതല്‍ കാരണം ശരീരകോശത്തിലേക്കു കടക്കുന്നതിന് സിന്തറ്റിക് ഡിഎന്‍എയ്ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകും. ഇലക്‌ട്രിക് ഷോക്ക് വഴിയുണ്ടാകുന്ന പള്‍സാണ് ഇവിടെ വാക്‌സിനെ എളുപ്പം അകത്തെത്തി പെട്ടെന്നു പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുക. പുത്തന്‍ സാങ്കേതികതയാണ് സിന്തറ്റിക് ഡിഎന്‍എ രീതി. എന്നാല്‍ മറ്റു ചില രോഗങ്ങള്‍ക്കുള്ള വാക്‌സിനുകളില്‍ ഈ രീതി ഇനോവിയോ പ്രാവര്‍ത്തികമാക്കി വിജയിച്ചിട്ടുണ്ട്. കൊറോണ വൈറസിനു മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീന്‍ തന്മാത്രകളാണ് മനുഷ്യന്റെ ശ്വാസനാളിയിലെ എയ്‌സ് 2 എന്ന പ്രോട്ടീനുമായി ചേര്‍ന്ന് രോഗബാധയ്ക്ക് കാരണമാകുന്നത്. ഇതിരെതിരെയുള്ള വാക്‌സിനാണ് അണിയറയില്‍ ഒരുങ്ങുന്നത്.*
🅾️ *21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് ആകെ 19 പേരില്‍ ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ്ഹൗസ് പിന്തടരുന്ന ഒരേയൊരു ഇതര രാഷ്ട്ര നേതാവാണ് നരേന്ദ്ര മോദി. 16 അമേരിക്കക്കാരെയും മൂന്ന് ഇന്ത്യക്കാരെയുമാണ് വൈറ്റ് ഹൗസ് പിന്തുടരുന്നത്. മോദിയെക്കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവരെയാണ് വൈറ്റ്ഹൗസ് പിന്തുടരുന്നത്. ഇന്ത്യയുമായുള്ള ്‌അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് ട്വിറ്ററില്‍ കാണുന്നതെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു.*
🅾️ *കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്ന് ഇന്ത്യയിലെ സ്ഥാനപതി അഹ്മദ് അല്‍ ബന്ന. എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്നും സ്ഥാനപതി വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് ബാധയില്ലാത്ത പ്രവാസികളെ സ്വന്തം നിലക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കാന്‍ യു.എ.ഇ ഒരുക്കമാണ്. മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ഇവര്‍ക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കും. അസുഖമുള്ളവര്‍ക്ക് യു.എ.ഇയില്‍ തന്നെ ചികിത്സ നല്‍കും. ഇതുസംബന്ധിച്ച് വാക്കാലുള്ള അറിയിപ്പ് മറ്റ് രാജ്യങ്ങളുടെ എംബസികള്‍ക്ക് നല്‍കിക്കഴിഞ്ഞതായും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.*
🅾️ *ഗൂഗിളിന്റെ ചാറ്റിങ് സേവനമായ ഹാങ്‌ഔട്ട്സ് ചാറ്റ് പുനര്‍നാമകരണം ചെയ്യുന്നു.ഇനി ഈ സേവനം ഗൂഗിള്‍ ചാറ്റ് എന്ന പേരിലാവും ലഭ്യമാകുക. എന്നാല്‍ ഇത് സാധാരണ ഉപയോക്താക്കള്‍ക്ക് അല്ല ലഭ്യമാകുന്നത് മറിച്ച് എന്റര്‍പ്രൈസുകള്‍ക്കും, കമ്പനികള്‍ക്കും നല്‍കിവരുന്ന ജിസ്യൂട്ട് എന്റര്‍പ്രൈസിലാണ് ഗൂഗിള്‍ ചാറ്റ് ലഭിക്കുക. നേരത്തെ വീഡിയോ കോളിങ് ആപ്പ് ആയ ഗൂഗിള്‍ ഹാങ്ങ്‌ഔട്ട് മീറ്റ് ഗൂഗിള്‍ മീറ്റ് എന്ന പേരില്‍ റീബ്രാന്റ് ചെയിതിരുന്നു. സാധാരണ കണ്‍സ്യൂമര്‍ പതിപ്പില്‍ ഹാങ്ങ് ഔട്ട് എന്ന പേര് തന്നെയാവും ഉപയോഗിക്കുക. പേര് മാറുമെങ്കിലും സേവനങ്ങളെല്ലാം പഴയതു പോലെ തന്നെയായിരിക്കും. വ്യാവസായിക ഉപയോഗങ്ങള്‍ക്കായി വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി നല്‍കുന്ന സേവനമാണ് ജിസ്യൂട്ട്.*
🅾️ *കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ചികില്‍സക്കായി 72 മണിക്കൂറിനുള്ളില്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഒരുക്കി ഖത്തര്‍. പൊതുമരാമത്ത് വകുപ്പായ അശ്ഗാലാണ് ഉംസലാലില്‍ 3000 കിടക്കകളോടെ അത്യാധുനിക സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന കൊറോണ ഫീല്‍ഡ് ക്വാറൈന്റന്‍ ആശുപത്രി സജ്ജമാക്കിയത്. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കൂടുതല്‍ രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രികളുടെ നിര്‍മ്മാണം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 8500 കിടക്കകളുമായി മറ്റൊരു ക്വാറൈന്റന്‍ ആശുപത്രി കൂടി ഉംസലാലില്‍ നിര്‍മ്മാണത്തിലിരിക്കുകയാണ്. പുതിയ ആശുപത്രി കൂടി സജ്ജമാകുന്നതോടെ 12500 കിടക്കകള്‍ ഉള്‍പ്പെടുന്ന ഉംസലാല്‍ മെഡിക്കല്‍ ക്വാറന്റീന്‍ കോംപ്ലക്‌സ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് എഞ്ചി.ഫാതിമ അല്‍ മീര്‍ പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുന്നത് പുറമെ നിരവധി മറ്റ് സവിഷേതകളും ആശുപത്രിയ്ക്കുണ്ട്.*
🅾️ *കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേരാണ്. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2108 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 18,586 ആയി ഉയര്‍ന്നു. വൈറസ് ബാധമീലം ഒരുദിവസം 2000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമാണ് അമേരിക്ക. അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. 24 മണിക്കൂറിനിടെ 35,098 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് ഒരു ലക്ഷത്തിലധികം പേരാണ്.*
🅾️ *യുകെ, യുഎസ് , ഇറ്റലി പോലുള്ള യൂറോപ്യന്‍ ഭീമന്മാര്‍ പരാജയപ്പെട്ടിടത്തുകൊറോണയെന്ന മഹാമാരിയെ തുടക്കത്തില്‍ തന്നെ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിലാവുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാര്യത്തില്‍ ചൈനയ്ക്കും കൊറിയക്കും സംഭവിച്ചിരിക്കുന്ന കൊറോണയുടെ രണ്ടാംവരവെന്ന ദൗര്‍ഭാഗ്യം സിംഗപ്പൂരിനെയും ഇപ്പോള്‍ വേട്ടയാടിയിരിക്കുകയാണ്. 200 പുതിയ രോഗികളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ നിരാശയുടെ ശബ്ദമാണ് സിംഗപ്പൂരില്‍ മുഴങ്ങുന്നത്. രണ്ടാം വരവെന്ന അപ്രതീക്ഷിത തിരിച്ച് വരവുണ്ടായെങ്കിലും കൊറോണ രോഗത്തെ എത്രയും വേഗം പിടിച്ച് കെട്ടുമെന്ന ദൃഢനിശ്ചയവുമായിട്ടാണ് സിംഗപ്പൂര്‍ മുന്നോട്ട് പോകുന്നത്.*
🅾️ *ബ്രിട്ടനില്‍ ഇന്നലെ യൂറോപ്പിലെ കൊറോണ മരണങ്ങളില്‍ പ്രതിദിന റെക്കോര്‍ഡ് രേഖപ്പെടുത്തി. ഇത് പ്രകാരം ഇന്നലെ മാത്രം രാജ്യത്തെ ആശുപത്രികളില്‍ മരിച്ചവര്‍ 980 പേരാണ്. ആശുപത്രിക്ക് പുറത്ത് മരിച്ചവരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഇതിലും മേലെയായിരിക്കും മരണസംഖ്യയെന്ന് അഭിപ്രായപ്പെടുന്നവരേറെയുണ്ട്. പ്രതിദിന മരണസംഖ്യയില്‍ ഇറ്റലിയെയും സ്പെയിനിനെയും പിന്നിലാക്കിയാണ് ബ്രിട്ടന്റെ ഈ കുതിപ്പ്. ഇതോടെ രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം ഏതാണ്ട് 9000 കൃത്യമായി പറഞ്ഞാല്‍ 8958 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം പുതിയ 5706 പുതിയ രോഗികളെ സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം 71,000 ആണെങ്കിലും മില്യണ്‍ കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്നാണ് സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്.