യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും എപ്രിൽ 20ആം തീയതി ചൈനീസ് ഭാഷ ദിനമായി ആചരിച്ചു വരുന്നു.
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. 5000 വർഷങ്ങൾക്ക് മുമ്പ് ചൈനീസ് അക്ഷരങ്ങൾ കണ്ടുപിടിച്ചതായി പറയപ്പെടുന്ന കാംഗിജി എന്ന ഇതിഹാസ നായകന്റെ ഓർമ്മയ്ക്കായിട്ടാണ് ഏപ്രിൽ 20 തിരിഞ്ഞെടുത്തത്. ചൈനീസ് കാലഗണന പ്രകാരം ഗുയു കാലത്താണ് കാംഗിജി അനുസ്മരിക്കപ്പെടുന്നത്. അക്ഷരമാല കണ്ടുപിടിച്ചപ്പോൾ ദൈവങ്ങളും, പ്രേതങ്ങളും കരഞ്ഞു എന്നും ചോള ധാന്യം മഴയായി വർഷിക്കപ്പെട്ടു എന്നുമാണ് ഐതിഹ്യം. ചോള വർഷം എന്നതിന്റെ ചൈനീസ് പദമാണ് ഗുയു.