ഏപ്രിൽ 7 ലോകാരോഗ്യദിനം

0

 

“`ലോകാരോഗ്യദിനം, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.“`

*ആരോഗ്യം*

“`രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം (Health) എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം. . ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട്: ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌. കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം (Public Health) എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാനും പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം.

രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം. വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം.

ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങ്ങളാണ്. കൂടാതെ പാരമ്പര്യ ഘടകങ്ങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.

അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ലൈംഗികരോഗങ്ങളും, പ്രത്യുത്പാദനവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും താറുമാറായേക്കാം. ലിംഗഭേദവുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.

ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത്‌ (Public health), കമ്മ്യൂണിറ്റി മെഡിസിൻ (Community medisine) തുടങ്ങിയ ശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.

*ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ*

ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്.

ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗനീതി, ലിംഗസമത്വം, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മാനസികാവസ്ഥ തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.“`

You might also like
Leave A Reply

Your email address will not be published.