✨ _*വിഷു ദിനാശംസകൾ*_ ✨
ഇന്ന് വിഷുവാണെങ്കിലും കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ ഈ ദിനം ആഘോഷിക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍. എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയ അധ്യായമാണ് കൊവിഡ് എന്ന മഹാമാരി. ഈ കാലവും കടന്ന് പോകും എന്ന പ്രത്യാശയിൽ എല്ലാവർക്കും റെഡ് മീഡിയയുടെ വിഷു ദിനാശംസകൾ_
🅾️ *’എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍’ മലയാളികള്‍ക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ട്വിറ്ററില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസകള്‍. ‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’യെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.*
🅾️ *കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലെ നാല് തദ്ദേശ സ്ഥാപനങ്ങളെ ചുവപ്പ് സോണില്‍ ആക്കി ജില്ലാ ഭരണകൂടം. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂര്‍ പഞ്ചായത്ത്, കോട്ടയം മലബാര്‍ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇവിടെ അവശ്യ സാധനങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുവപ്പ് സോണിലായ പ്രദേശങ്ങളില്‍ ബാങ്കുകള്‍, റേഷന്‍ കടകള്‍, പലചരക്ക് – പച്ചക്കറി കടകള്‍, മീന്‍ വില്‍പ്പന, ഇറച്ചി കടകള്‍ തുടങ്ങിയവയെല്ലാം അടച്ചിടണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ചുവപ്പ് സോണില്‍പെട്ട പ്രദേശങ്ങളിലെ വീടുകളിലുള്ളവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുത്.ആള്‍ക്കൂട്ടം യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.*
🅾️ *കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക്* *നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്.* *പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ ഹൃസ്വകാല പരിപാടികള്‍ക്ക് പോയവരും സന്ദര്‍ശക വിസയില്‍ പോയവരുമുണ്ട്. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാകുന്നു. ഇവര്‍ക്കും മറ്റ് അടിയന്തര ആവശ്യമുള്ളവരോ പ്രയാസങ്ങള്‍ നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.*
🅾️ *പ്രവാസികളുടെ വിഷയത്തില്‍ എം.കെ. രാഘവന്‍ സുപ്രീം കോടതിയെ സമീപിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് മന്ത്രി കെ.ടി. ജലീല്‍. വിഷയത്തില്‍ സുപ്രീം കോടതിയുടെ കമന്റ് വന്നതോടെ നമ്മള്‍ ആഗ്രഹിച്ചത് പോലെ, സര്‍ക്കാര്‍ ഉദ്ദേശിച്ചത് പോലെ വിദേശത്ത് നിന്ന് നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രവാസി സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ കോടതിയെ സമീപിക്കാം. എന്തെന്നാല്‍ അവരെല്ലാം ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്.എന്നാല്‍ ഒരു പാര്‍ലമെന്റ് മെമ്പർ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഈ വിധിക്ക് കുറച്ചുകൂടി വിശാലമായ വ്യാപ്തി കൈവരുന്നതെന്നും മന്ത്രി പറഞ്ഞു. എം.കെ. രാഘവന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഭാഗമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ തലവനായ പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിരുന്നത്. അതിനൊന്നും അവസരമില്ലാത്തവര്‍ ചെയ്യുന്നത് പോലെ നീതിപീഠത്തെ സമീപിക്കുകയായിരുന്നില്ല വേണ്ടത്. അദ്ദേഹം ഇടപെട്ട സാഹചര്യത്തില്‍ ശക്തമായി തന്റെ വാദം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണമായിരുന്നു. എന്തുകൊണ്ടോ തന്റെ വാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ എംപിക്ക് കഴിഞ്ഞില്ല എന്നാണ് നാം മനസിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒരു ആവേശത്തിന്റെ പുറത്തും ചെയ്യേണ്ടതായിരുന്നില്ല ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുപ്രീം കോടതിയുടെ കമന്റ് വന്നതോടെ പറയുന്ന ഒരു കാലയളവിലേക്ക് എങ്കിലും നമ്മള്‍ ആഗ്രഹിച്ചത് പോലെ സര്‍ക്കാര്‍ ഉദ്ദേശിച്ചത് പോലെ വിദേശത്ത് നിന്ന് നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടിയിരിക്കുകയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നമുക്ക് ശ്രമിച്ചുകൊണ്ടിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യാം. സുപ്രീം കോടതിയും ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയ സാഹചര്യത്തില്‍ മറ്റ് വഴികള്‍ നമ്മളെ സംബന്ധിച്ചിടത്തോളം മുന്നിലില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. എങ്കിലും ശ്രമങ്ങള്‍ തുടരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.*
🅾️ *ബംഗളൂരുവില്‍ നിന്ന് വയനാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയച്ചു. മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാന്‍ ശ്രമിച്ച ഒന്‍പത് മാസം പൂര്‍ണ ഗര്‍ഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലക്കാണ് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂര്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ കാത്തു നിന്ന ശേഷമാണ് ഷിജില മടങ്ങിയത്. ഇവര്‍ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു. ചെക്പോസ്റ്റില്‍ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥരാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതിരുന്നത്.കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും ഇവരെ ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി.*
🅾️ *സൈക്കിളില്‍ രാജ്യം ചുറ്റാനിറങ്ങി ലോക്ഡൗണില്‍ കുടുങ്ങിയ യുവാവ് പ്രതിബന്ധങ്ങളെ തട്ടി മാറ്റി വിഷുനാളില്‍ വീടണഞ്ഞു. കോട്ടയം ചെങ്ങളം മാടപ്പത്തറ ദീപു(21)വാണ് തടസ്സങ്ങളും ഐസലേഷനും കടന്ന് മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ വീടണഞ്ഞത്. 5200 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച ദീപുവിന്റെ യാത്രയ്ക്കിടയില്‍ ലോക്ക് ഡൗണ്‍ വന്നതോടെ പ്രതിസന്ധികളുടേതായി മാറുകയായിരുന്നു. ഫെബ്രുവരി 9 നാണ് ദീപു കുമരകത്തെ വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് വഴി മാര്‍ച്ച് 8ന് ഹിമാചലില്‍ എത്തി.16ന് ഡല്‍ഹി വഴി ട്രെയിനില്‍ നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോൾ ട്രെയിന്‍ റദ്ദാക്കി. പണം തീര്‍ന്നതിനാല്‍ തിരികെ സൈക്കിളില്‍ ഉത്തര്‍പ്രദേശ് വഴി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തിയ ശേഷം ലോറിയില്‍ മുംബൈയിലേക്ക്. അവിടെ നിന്നും 180 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പൂണെയില്‍ എത്തി. സൈക്കിള്‍ ലോറിയില്‍ വച്ചു കെട്ടി കൃഷ്ണഗിരിയിലും പിന്നാലെ സേലത്തുമെത്തി. തുടര്‍ന്നു 190 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പാലക്കാട്ട്. മങ്ങോട് കേരള മെഡിക്കല്‍ കോളജില്‍ 14 ദിവസം ഐസലേഷനില്‍ കഴിഞ്ഞു. തിരുവാര്‍പ്പ് പഞ്ചായത്ത് അംഗം റൂബി ചാക്കോയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയിയും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഏര്‍പ്പാടു ചെയ്താണ് ദീപുവിനെ നാട്ടിലെത്തിച്ചത്. ആംബുലന്‍സ് യാത്രയ്ക്കുള്ള പണം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്‍കി.*
🅾️ *തലയ്‌ക്കടിയേറ്റു യുവാവ് മരിച്ച സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലാ കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്റെ മകന്‍ ലിജോ(39)യാണു കൊല്ലപ്പെട്ടത്.* *സംഭവുമായി ബന്ധപ്പെട്ട് കിഴക്കേകൂടല്ലൂര്‍ ചിലമ്പാട്ടുകുന്നേൽ ആല്‍ബിന്‍ തോമസിനെ (25) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഞായറാഴ്‌ച രാത്രി പത്തുമണിയോടെ കിഴക്കേ കൂടല്ലൂര്‍ ചന്തയ്‌ക്ക് സമീപമായിരുന്നു സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:* *”ലിജോയും സുഹൃത്ത് ഗിരീഷും ഈസ്‌റ്റര്‍ ദിനത്തില്‍ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷം പത്തുമണിയോടെ ലിജോ തന്റെ ബൈക്കില്‍ ഗിരീഷിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഗിരീഷിന്റെ വീടിനു മുന്നിലാണ് പ്രതി ആല്‍ബിന്റെ വീട്.ആല്‍ബിനും ലിജോയും തമ്മില്‍ മുമ്പ് തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വീടിന് മുന്നിലെത്തിയ ലിജോ അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്‌ത് ആല്‍ബിന്റെ പിതാവ് വീടിന് പുറത്തേക്ക് വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.* *ഇതിനിടെ മുറ്റത്തുകിടന്ന വിറകിന് ആല്‍ബിന്‍ ലിജോയുടെ തലക്കടിച്ചു. അടിയേറ്റ് നിലത്തുവീണ ലിജോ കുറച്ചുനേരം* *ഇവിടെ കിടന്നതിനുശേഷം ബൈക്കില്‍ മടങ്ങി. വീട്ടിലെത്തിയ ഇയാള്‍ കിടന്നുറങ്ങി. ഇതിനിടെ തന്റെ വീട്ടില്‍ വാക്കേറ്റവും* *അക്രമവും നടത്തിയെന്ന് കാണിച്ച് ആല്‍ബിന്റെ പിതാവ് ലിജോക്കെതിരേ* *കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ലിജോയുടെ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി.* *വിവരമറിയാന്‍ ഭാര്യ ലിജോയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അനക്കമില്ലെന്ന് കണ്ടത്.* *തുടര്‍ന്ന് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.*
*തലയ്‌ക്ക് അടിയേറ്റതായി കണ്ടെത്തിയെങ്കിലും പുറമെ പരുക്കുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു പോലീസ് പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലേ കൂടുതല്‍ വിവരം വ്യക്‌തമാകൂവെന്ന് കിടങ്ങൂര്‍ സി.ഐ: സിബി തോമസ് അറിയിച്ചു. ലിജോയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.* *മാതാവ്: ലീല കൂടല്ലൂര്‍ നടുവിലേക്കരോട്ട് കുടുംബാംഗം. ഭാര്യ: സോഫി പുന്നത്തുറ മത്തലക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: എയ്‌ഞ്ചല്‍, ആന്‍ലിയ, അല്‍ന മരിയ. സഹോദരങ്ങള്‍: ലിജി, ലീന.*
🅾️ *ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റും മദ്യ വില്‍പനയും നടത്തുന്നവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ എറണാകുളം റൂറല്‍ പൊലീസ് നടപടികളാരംഭിച്ചു. ലോക്ക് ഡൗണിനു ശേഷം വ്യാജ മദ്യ നിര്‍മ്മാണവും വില്‍പ്പനയുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ 12 കേസുകളെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 35 ലിറ്റര്‍ ചാരായവും 190 ലിറ്റര്‍ വാഷും പിടികൂടി. ഇതേത്തുടര്‍ന്നാണ് പുതിയ തീരുമാനം. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പിടിക്കപ്പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.*
🅾️ *പത്തനംതിട്ട ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ച 62 വയസുകാരിക്ക് 33 ദിവസത്തെ ആശുപത്രിവാസം പിന്നിടുമ്പോഴും രോഗം മാറിയിട്ടില്ല. ഇതിനുശേഷം രോഗം സ്‌ഥിരീകരിച്ചു ചികിത്സ തേടിയവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശുപത്രി വിട്ടു. 62 വയസുകാരിക്കൊപ്പം രോഗം സ്‌ഥിരീകരിച്ച ഇവരുടെ മകള്‍ക്കും നെഗറ്റീവ് ഫലം ലഭിച്ചു.* *കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ഇരുവരും.*
*റാന്നി ഐത്തലയില്‍ ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയ വടശേരിക്കര സ്വദേശിയായ വീട്ടമ്മയ്‌ക്കാണ് ഇത്രയും ദിവസം കഴിഞ്ഞിട്ടും രോഗം മാറാത്തത്. മാതാവിനു രോഗം ഭേദമാകാത്തതിനാല്‍ യുവതിയും ആശുപത്രിയില്‍ കഴിയുകയാണ്.മറ്റു ശാരീരികപ്രശ്‌നങ്ങളില്ലാത്ത വീട്ടമ്മയുടെ ഫലം നെഗറ്റീവാകാന്‍ കാലതാമസമെടുക്കുന്നത് ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ മാസം 10നാണ് അമ്മയുടെയും മകളുടെയും പരിശോധനാഫലം പോസിറ്റീവാണെന്നു സ്‌ഥിരീകരിച്ചത്.*
🅾️ *ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് സംവിധായകന്‍ അരുണ്‍ഗോപി. അച്ഛന്‍ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ് താനെന്നും പ്രവാസികളില്ലാതെ ഈ നാടില്ല എന്നും അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമ്മയാണെന്നുമാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.*
🅾️ *വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് വവ്വാലുകളിലും കൊറോണ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നത്. 2018-’19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്.ഇതില്‍ കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളുടെ തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുള്ള സാംപിളുകളാണ് പരിശോധിച്ചത്. കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 217 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. ഇതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. എന്നാല്‍, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയില്‍നിന്നുള്ള 25 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായി. ഹിമാചലില്‍നിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയില്‍നിന്നുള്ള ആറും തമിഴ്‌നാട്ടില്‍നിന്നുള്ള ഒന്നും സാംപിളുകള്‍ പോസിറ്റീവായിരുന്നു. നേരത്തെ വവ്വാലുകളില്‍ നിപ വൈറസും കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആര്‍ടി-പിസിആര്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയിലാണ് വവ്വാലുകളില്‍ നേരത്തേ നിപ വൈറസ് കണ്ടെത്തിയത്. അതേസമയം, വവ്വാലുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഠനം മുന്നറിയിപ്പ് തരുന്നു. വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈയിനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.*
🅾️ *കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി അമേരിക്കയില്‍ മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ആറ് മാസത്തിന് മുമ്പ് ഇദ്ദേഹം നാട്ടില്‍ വന്ന് പോയിരുന്നു. അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം മരിച്ച വൃദ്ധ ദമ്പതികളുടെ സംസ്‌കാരം ബുധനാഴ്ച നടക്കും.*
🅾️ *കൊറോണക്കാലത്ത് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരികെയെത്തിയാല്‍ അവര്‍ക്ക് വേണ്ടി കേരളത്തില്‍ എല്ലാ സൗകര്യവും ഒരുക്കി. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഇതിനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങള്‍ ഇതിന് വേണ്ട നടപടികളും എടുത്തു കഴിഞ്ഞു. കൂട്ടത്തോടെ പ്രവാസികള്‍ കേരളത്തില്‍ എത്തുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.എന്നാല്‍ ഭീതിയില്‍ കഴിയുന്ന പതിനായിരങ്ങള്‍ മടങ്ങാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. എന്നാല്‍ പ്രവാസികളുടെ മടങ്ങി വരവില്‍ ഇനിയും തീരുമാനമൊന്നും ആയിട്ടില്ല. പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. സുപ്രീംകോടതിയും ഇതേ നിലപാടാണ് എടുത്തത്. അതിനാല്‍ ഉടനൊന്നും പ്രവാസികളെ തിരികെ കൊണ്ടു വരാന്‍ വിമാനം പോകാനിടയില്ല. ലോക് ഡൗണ്‍ മാറ്റിയാല്‍ വിമാന സര്‍വ്വീസ് തുടങ്ങും. ഇതോടെ പ്രവാസികളുടെ ഒഴുക്കുണ്ടാകും. ഇങ്ങനെ വരുന്നവരെ 28 ദിവസം ക്വാറന്റൈനില്‍ സൂക്ഷിക്കും. വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക ബസില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൊണ്ടു പോകും. സ്‌കൂളുകള്‍ പോലും ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറും. രണ്ട് ലക്ഷത്തില്‍ അധികം പേര്‍ മടങ്ങിയെത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് കേരളത്തിലെ എല്ലാ ഹോട്ടലുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പ്രവാസികളും സാധാരണ നിലയില്‍ ആയ ശേഷമേ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കൂ. അതുവരെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും തിരക്കുണ്ടാകില്ല. സര്‍ക്കാരുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയും എടുക്കും.*
🅾️ *മുന്‍ഗണന വിഭാഗത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിഷുവിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനായില്ല. അവധി ദിവസമായ ഞായറാഴ്‌ച 17 വിഭവങ്ങള്‍ അടങ്ങിയ കിറ്റ് 5,75,254 അന്ത്യോദയ വിഭാഗക്കാര്‍ക്കാണ് വിതരണം ചെയ്തത്. 5,92,462 അന്ത്യോദയ കാര്‍ഡുകളില്‍ ബാക്കി 17,208 പേര്‍ക്കു കൂടി വിതരണം ചെയ്യേണ്ടതുണ്ട്. ശേഷം മാത്രമേ മുന്‍ഗണന വിഭാഗത്തിന് വിതരണം തുടരാനാവൂ. 31,51,309 മുന്‍ഗണന കാര്‍ഡുകള്‍ക്കാണ് കിറ്റ് വിതരണം െചയ്യേണ്ടത്. മുഴുവന്‍ കാര്‍ഡുകള്‍ക്കും കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് തന്നെ നല്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.*
🅾️ *ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇരിങ്ങല്‍ കോട്ടക്കല്‍ എം.എ അപ്പാര്‍ട്മെന്റില്‍ താമസക്കാരിയായ തിക്കോടി കോടിക്കല്‍ പോക്കര് വളപ്പില്‍ ജംഷീറിന്റെ ഭാര്യ ഷര്‍മില ഷെറിന് ആണ് (24 ) കോടിക്കലിലെ ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. വടകര ഏറാമല സ്വദേശിനിയാണ് ഷര്‍മില ഷെറിന്. ശനിയാഴ്ച വൈകീട്ട് ആറോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ് ജംഷീര്‍ ഏതാനും മാസങ്ങളായി നാട്ടിലുണ്ട്.ഒരു വയസ്സുള്ള ഹാമിസ് അബ്ദുല്ല ഏക മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.*
🅾️ *അംബേദ്കർ ജയന്തി ഇന്ന് സംസ്ഥാനത്ത് എഴുപതോളം ദളിത് സംഘടനകൾ വീടുകൾ കേന്ദ്രീകരിച്ച് ആചരിക്കാൻ തീരുമാനിച്ചു*
🅾️ *അയൽവാസിയുടെ പ്ലാവിൽ ചക്ക ഇടാൻ കയറിയ തിരുവല്ല കടപ്ര കൊട്ടാരത്തിൽ പറമ്പിൽ ചന്ദ്രൻ (65) വീണ് മരിച്ചു*
🅾️ *ഡോക്ടർ പി എ ലളിതയുടെ സംസ്കാരം ഇന്നലെ കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടന്നു*
🅾️ *വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പ് കുണ്ടുകാട് രാജൻ (66) ഇന്നലെ പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു*
🅾️ *മാതാ അമൃതാനന്ദമയി മഠം 10 കോടി രൂപ പ്രധാനമന്ത്രിയുടെയും 3 കോടി രൂപ മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.*
🅾️ *എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസകക്ക് നേർന്നു .*
🅾️ *”പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’ എന്ന കവിവാക്യം പോലെ കണിക്കൊന്നകള്‍ പൂത്തുനില്ക്കുന്നുണ്ടെങ്കിലും മേടപ്പുലരിയിലെ വിഷു ആഘോഷത്തിന് കോവിഡ് ഭീതി മാറ്റു കുറച്ചു. പടക്കങ്ങള്‍ പൊട്ടാതെ, കമ്പിത്തിരിയും മത്താപ്പൂവും തിളങ്ങാതെ, പുതുവസ്ത്രമണിയാതെ വിഷു ചരിത്രത്തില്‍ തന്നെ ഇതാദ്യം. ലോക്ഡൗണ്‍ ബാധകമല്ലാത്ത പൂത്തുലഞ്ഞ കൊന്നപ്പൂക്കളുടെ മഞ്ഞവസന്തം മാത്രമാണ് വിഷുവിനെ ഓര്‍മപ്പെടുത്തുന്നത്. പടക്കക്കടകളും തുണിക്കടകളും അടഞ്ഞുകിടക്കുന്നതിനാല്‍ ആഘോഷങ്ങളുടെ പൊലിമ ഇല്ലാതായി.അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് ആഘോഷങ്ങള്‍ക്ക് സ്വയം നിയന്ത്രണമേര്പ്പെടുത്തിയവരാണ് കൂടുതലും. തിങ്കളാഴ്ചയാണ് അല്പമെങ്കിലും ‘വിഷുത്തിരക്ക്’ മാര്‍ക്കറ്റുകളിലും മറ്റും അനുഭവപ്പെട്ടത്. ആഘോഷങ്ങള്‍ പരിമിതമായിരുന്നെങ്കിലും വീടുകളിലെല്ലാം ചൊവ്വാഴ്ച പുലര്‍ച്ച കണിയൊരുക്കി. കണിവെക്കാനുള്ള മുഴുവന്‍ സാധനങ്ങളും ചിലര്‍ക്ക് ലഭ്യമായില്ല. കൊന്നപ്പൂക്കളുടെ വില്പന ഇത്തവണ അപൂര്‍വമായിരുന്നു. വിഷുവിനോടനുബന്ധിച്ച് പുതുവസ്ത്രം വാങ്ങുന്ന പതിവാണ് കോവിഡില്‍ ഇല്ലാതായത്. വിഷുത്തലേന്ന് ജനത്തിരക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന തുണിക്കടകള്‍ക്ക് താഴുവീണിട്ട് മൂന്നാഴ്ചയായി.*
*🇮🇳 ദേശീയം 🇮🇳*
—————————>>>>>>>>
🅾️ *ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്‌നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.*
🅾️ *ഈ മാസം 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാഹചര്യം മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി*
🅾️ *20ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളില്‍ 20ന് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബുധനാഴ്ച പുറത്തിറക്കും. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കും മാര്‍ഗരേഖയില്‍ ഊന്നല്‍ നല്‍കുക. ആരും ലക്ഷമണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിനെതിരേ പോരാടാന്‍ ഏഴു നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കണമെന്നും മുതിര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജോലിയില്‍നിന്ന് ആരെയും പിരിച്ചു വിടരുത്, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, യാത്രാ നിയന്ത്രണങ്ങള്‍ തുടരുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.*
🅾️ *മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതില്‍ 9 എണ്ണം മുംബൈയിലാണ്. മുംബൈയില്‍ ഒന്നും പൂനെയില്‍ രണ്ടും മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു. നേരത്തെ നാല് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ഇവിടെ 30ലധികം നഴ്‌സുമാര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 60മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുമായി ഇടപഴകിയ നഴ്‌സുമാരെ പരിശോധിക്കാന്‍ മുംബൈയിലെ ബോംബെ ആശുപത്രി തയാറാകുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സാമ്പിളുകൾ ഉടന്‍ ശേഖരിക്കാമെന്നും നഴ്‌സുമാരെ ഐസൊലേറ്റ് ചെയ്യാമെന്നും ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. ധാരാവിയില്‍ രോഗസാധ്യത കൂടുതലുള്ളവര്‍ക്കെല്ലാം പ്രതിരോധ മരുന്നെന്ന നിലയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ടാബ്ലറ്റ് മരുന്ന് നല്‍കും.,*
🅾️ *കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന പോരാളികള്‍ക്ക് നന്ദി അര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നന്ദി അറിയിച്ചത്. നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശസ്‌നേഹം മറ്റെന്താണുള്ളത്. കോവിഡിനെതിരായ യുദ്ധത്തില്‍ നമ്മുടെ പോരാളികള്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇല്ലാതെയാണ് പോരാടുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികളെ പരിചരിക്കുന്ന സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് സുരക്ഷാ കിറ്റിന്റെ അപര്യാപ്തയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.പൊലീസുകാരും ജവാന്മാരും ലോക്ഡൗണില്‍ മികച്ച സേവനമാണ് നടത്തുന്നത്. അവശ്യ വസ്തുക്കളുടെ അഭാവത്തിലും ശുചീകരണ തൊഴിലാളികള്‍ മഹാമാരി പടരാതിരിക്കാന്‍ സഹായിക്കുന്നു. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കഠിനമായി പരിശ്രമിക്കുന്നു. നമ്മുടെ പിന്തുണയില്ലെങ്കില്‍, അവര്‍ക്ക് അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയില്ല. ഈ പോരാട്ടത്തില്‍ നാം അവരെ പിന്തുണക്കണമെന്നും സോണിയ ഗാന്ധി വിഡിയോയില്‍ ആവശ്യപ്പെട്ടു.*
🅾️ *ദുര്‍ബലരായ പ്രതിദിന ദിവസകൂലി തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ഗൂഗിളിന്റെ ഗ്രാന്റ് അനുവദിച്ച് സുന്ദര്‍ പിച്ചൈ. ആല്‍ഫബെറ്റ്, ഗൂഗിള്‍ കമ്പനികളുടെ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ ഗിവ് ഇന്ത്യയ്ക്ക് 5 കോടി രൂപയാണ് സംഭാവന നല്‍കിയത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഗിവ് ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തൊട്ടാകെയുള്ള ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗിവ് ഇന്ത്യ ഇതുവരെ 12 കോടി രൂപ സമാഹരിച്ചു. കൊവിഡ് -19 മഹാമാരിയുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്‌എംബികള്‍), ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ സഹായിക്കാന്‍ കമ്പനി 800 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്‌ഒ) സഹായിക്കുന്നതിനായി 250 ദശലക്ഷം ഡോളര്‍ പരസ്യ ഗ്രാന്റുകളും ഗൂഗിള്‍ നല്‍കിയിരുന്നു. ചെറുകിട ബിസിനസുകള്‍ക്ക് മൂലധനത്തിലേക്ക് പ്രവേശനം നല്‍കാന്‍ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള എന്‍ജിഒകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്ന 200 മില്യണ്‍ ഡോളര്‍ നിക്ഷേപ ഫണ്ടിങും ഗൂഗിള്‍ നടത്തിയിരുന്നു.*
🅾️ *അംഗീകൃത സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധന നിര്‍ധനര്‍ക്ക് മാത്രം സൗജന്യമായി നടത്തണമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഏപ്രില്‍ 8ലെ ഉത്തരവ് പരിഷ്‌കരിച്ചാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്നു സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ചെലവുകള്‍ താങ്ങാന്‍ സാധിക്കുന്നവര്‍ക്കു പരിശോധന സൗജന്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു സുപ്രീം കോടതി വിശദീകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സേവനം ലഭ്യമാക്കി രോഗവ്യാപനം തടയുന്നതില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ഉത്തരവിട്ടത്.സ്വകാര്യ ലാബുകള്‍ പരിശോധനയ്ക്ക് 4,500 രൂപവരെ ഈടാക്കുന്നുവെന്നും ഇതു താങ്ങാന്‍ ഭൂരിപക്ഷം ജനത്തിനും സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ശശാങ്ക് ദേവ് സുധി എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.*
🅾️ *കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സര്‍വീസ് പുനരാരംഭിക്കുന്ന വിമാനകമ്പനികള്‍ യാത്രാനിരക്കില്‍ വന്‍വര്‍ധനവ് വരുത്തിയേക്കുമെന്ന് സൂചന. കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കല്‍ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണ് വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയേക്കുക. ആദ്യഘട്ടത്തില്‍ വിമാനത്തില്‍ ഒരുവശത്ത് ഒരു നിരയില്‍ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെവന്നാല്‍ 180 യാത്രക്കാരെ കയറ്റാന്‍ ശേഷിയുള്ള വിമാനത്തില്‍ 60 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക. ശേഷികുറച്ച് സര്‍വീസ് നടത്തുന്നത് കമ്പനികള്‍ക്ക് വലിയ ബാധ്യതയാകും. ഇതു നികത്താന്‍ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളില്ല.ഈ സാഹചര്യത്തില്‍ തുടക്കത്തില്‍ മൂന്നിരട്ടിവരെ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോ സൂചന നല്‍കിക്കഴിഞ്ഞു. യാത്രക്കാര്‍ തമ്മില്‍ പരമാവധി അകലം പാലിക്കാന്‍ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനയാത്ര പുനരാരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല.*
🅾️ *ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗര്‍ഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവില്‍ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗര്‍ഭിണിയാണ്.*
🅾️ *കോവിഡ്, കൊറോണ, ലോക്ക് ഡൗണ്‍ തുടങ്ങിയ വാക്കുകള്‍ നമ്മുക്ക് സുപരിചിതമായി വരുന്നതേയുള്ളു. ചൈനയില്‍ നിന്നു പടര്‍ന്നു പിടിച്ച നോവല്‍ കൊറോണ വൈറസ് രോഗത്തിലൂടെയാണ് നാം ഈ പേരുകള്‍ കേട്ടുതുടങ്ങിയത്. ഇന്ന് ഈ പേരുകള്‍ മാതാപിതാക്കള്‍ തങ്ങളുടെ പൊന്നോമനകള്‍ക്കും ഇടുകയാണ്. കൊറോണ കാലത്ത് ജനിച്ച തന്റെ പൊന്നോമനയ്ക്ക് ഉത്തര്‍പ്രദേശ് സ്വദേശി നല്‍കിയ പേരും വ്യത്യസ്തമാകുകയാണ്. സാനിറ്റൈസര്‍ എന്നാണ് വിജയ് വിഹാര്‍ സ്വദേശികളായ ഓംവീര്‍ സിംഗ് -മോണിക്ക.ദമ്പതികൾ കുഞ്ഞിന് നല്‍കിയ പേര്.സഹരാണ് ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്. സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതിനാലാണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് സാനിറ്റൈസര്‍ എന്ന പേര് നല്‍കിയതെന്നാണ് ഓംവീറും മോണിക്കയും പറയുന്നത്. സാനിറ്റൈസറിനു മുന്‍പ് കൊറോണയും കോവിഡും ഇന്ത്യയില്‍ പിറന്നിരുന്നു. ഛത്തീസ്ഗഡില്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ക്കാണ് മാതാപിതാക്കള്‍ കോവിഡെന്നും കൊറോണയെന്നും പേരിട്ടത്. ഇതോടെ കോവിഡിന്റെയും കൊറോണയുടെയും അനുജനായി സാനിറ്റൈസര്‍.*
: 🅾️ *തെലുങ്കാനയില്‍ രണ്ട് യുവതികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് നിന്ന് ഇവരില്‍ ഒരാളുടെ മകളുടെ മൃതദേഹവും പോലീസ് കണ്ടെത്തി. അഞ്ച് വയസ് തോന്നിക്കുന്ന കുട്ടിയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തെലുങ്കാനയിലെ മെഡ്ചാല് ജില്ലയിലാണ് സംഭവം. കരീംനഗര്‍ സ്വദേശികളായ ഏകദേശം 25 വയസ് പ്രായമുള്ള സ്ത്രീകളാണ് മരിച്ചത്. യുവതികള്‍ ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം. അതേസമയം, കുട്ടിയുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്‌തമാകൂവെന്ന് പോലീസ് പറഞ്ഞു.*
🅾️ *കോവിഡ് മഹാമാരിയുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നടപടികളുമായി കര്‍ണാടക. അതിെന്റ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12,000 കോര്‍ണര്‍ സൈറ്റുകള്‍ ലേലം ചെയ്യാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ 15ന് മദ്യഷാപ്പുകള്‍ തുറക്കാനുള്ള കടുത്ത സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാരുള്ളതെന്നും ലോക്ഡൗണിന് പിന്നാലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് മൂലം 1800 കോടി എക്സൈസ് വരുമാനമാണ് നഷ്ടമായതെന്നും യെദ്യൂരപ്പ പറഞ്ഞു. ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.ഉദ്ദേശിക്കുന്ന തുക ലഭിക്കുകയാണെങ്കില്‍ മാത്രമേ ലേലം നടത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി യെദ്യൂരപ്പ തീരുമാനം അറിയിച്ചത്.*
*🌎 അന്താരാഷ്ട്രീയം 🌍*
————————–>>>>>>>>>>
🅾️ *ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,19,692 ആയി. 19,24,679 പേര്‍ രോഗബാധിതരാണെന്നാണ് കണക്ക്. 51,764 പേരാണ് ഗുരുതര നിലയിലുള്ളത്. 4,45,005 പേര്‍ രോഗമുക്തരായി. അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. രാജ്യത്ത് 10,363 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 339 ആയി. തിങ്കളാഴ്ച 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസിലാണ് കൊവിഡ് ബാധിച്ച് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 23,640. കഴിഞ്ഞ 24 മണിക്കൂറില്‍ യുഎസില്‍ 1,509 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 5,86,941 പേര്‍ രോഗബാധിതരാണ്. ഇറ്റലിയില്‍ മരണസംഖ്യ 20,465 ആയി. 1,59,516 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ 17,756 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1,70,099 പേര്‍ രോഗബാധിതരാണ്. ഫ്രാന്‍സില്‍ 14,967 പേരാണ് മരിച്ചത്. രോഗബാധിതര്‍ 1,36,779. ബ്രിട്ടനില്‍ മരണസംഖ്യ 11,329 ആണ്. 88,621 പേര്‍ രോഗബാധിതരായിട്ടുണ്ട്. ജര്‍മനിയില്‍ 3,194 മരിക്കുകയും 1,30,072 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.*
🅾️ *29 പേര്‍ മരിച്ചിട്ടും തന്റെ രാജ്യത്തുകൊറോണ വൈറസ് ബാധ ഇല്ലെന്ന വിചിത്ര വാദവുമായി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോ. തന്റെ രാജ്യത്തുകൊറോണ ബാധിച്ച് ആരും മരിച്ചിട്ടില്ലെന്നും മരിക്കുക ഇല്ലെന്നുമുള്ള വിചിത്ര വാദമാണ് ലുക്കാഷെന്‍കോ ഉന്നയിക്കുന്നത്. കൊറോണ മരണ നിരക്ക് എത്ര എന്ന് പുറത്ത് വിടാത്ത രാജ്യത്ത് ഇതുവരെ 29 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ വൈറസിനെ ഗൗരവമായി കാണാത്ത രാജ്യത്ത് ഇതുവരെ നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.9.5 ദശലക്ഷം വരുന്നജനങ്ങളെ രക്ഷിക്കാന്‍ മരുന്ന് കണ്ടു പിടിച്ചതായും ബലാറസ് പ്രസിഡന്റ് പറയുന്നു. ബെലാറസില്‍ ആരും കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വോഡ്ക കുടിക്കുകയും ട്രാക്ടര്‍ ഓടിക്കുകയും ആട്ടിന്‍ കുട്ടിയുമായി കളിക്കുകയും ചെയ്യുന്നവര്‍ക്ക് കൊറോണ വരില്ലെന്നും ലുക്കാഷെന്‍കോ നേരത്തെ പറഞ്ഞിരുന്നു. കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫുട്‌ബോള്‍ മത്സരമോ ഐസ് ഹോക്കിയോ നിരോധിച്ചിട്ടില്ല. കൊറോണയെ തടയാന്‍ മാളുകളോ പള്ളിയോ അടയ്ക്കുകയും ചെയ്തിട്ടില്ല. ഫാട്കറികളും കിന്‍ഡര്‍ ഗാര്‍ഡനും സ്‌കൂളുകളും എല്ലാം ഇപ്പോഴും ഇവിടെ തുറന്നിട്ടുണ്ട്. അതേസമയം കീവിലെ മൊണാസ്ട്രിയില്‍ 90 സന്യാസിമാര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്നു.*
🅾️ *കോവിഡ് 19 ദുരിതത്തിനു പിന്നാലെ അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റും. തെക്കന്‍ അമേരിക്കയില്‍ പ്രാദേശിക സമയം ഞായറാഴ്‌ച ഉച്ചയോടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും 24 പേര് മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ലൂസിയാന, ടെക്സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. പലയിടത്തും വൈദ്യുതബന്ധം താറുമാറായിട്ടുണ്ട്. ഞായറാഴ്‌ച ഉച്ചയോടെ മിസിസിപ്പിയുടെ തെക്ക് ഭാഗത്തായാണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്.*
🅾️ *കൊവിഡ് 19 രോഗബാധ ഉയര്‍ത്തുന്ന ഭീഷണിയെക്കാള്‍ ഗള്‍ഫ് നാടുകളെ ആശങ്കയിലാക്കുന്നത് അതുമൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന ഭീമന്‍ ആഘാതമാണെന്ന് റിപ്പോര്‍ട്ട്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം, വിദേശനിക്ഷേപം തുടങ്ങി ഗള്‍ഫ് നാടുകളിലെ നിരവധി മേഖലകളെയാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കുക. ഇതിനോടകം തന്നെ നിരവധി പേര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനികളെ സഹായിക്കുന്നതിനായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്നതാണെന്ന് തൊഴില്‍ മന്ത്രാലയങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇതുമൂലം ആയിരങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടമാകുകയെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്. ഈ പ്രതിസന്ധി കേരളത്തില്‍ നിന്നുമുള്ള പ്രവാസികളെയും കാര്യമായി ബാധിക്കുകയും തുടര്‍ന്ന് അതിന്റെ ഭീമമായ സാമ്പത്തിക ആഘാതം കേരളത്തില്‍ ഉണ്ടാകുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കൊവിഡിന്റെ തുടക്കത്തില്‍ തന്നെ കമ്പനികള്‍ തൊഴിലാളികളോട് നീണ്ട, ശമ്പളമില്ലാതെ അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫിലെ ബാങ്കുകളുടെ കടംകൊടുക്കല്‍ ശേഷിയെയും [പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ മിക്കതും നിലവില്‍ കരുതല്‍ ധനമുപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഗള്‍ഫ് നാടുകളിലെ ആഭ്യന്തരോദ്‌പാദനം 0.6 ശതമാനത്തിലേക്ക് താഴുമെന്നും അനുമാനമുണ്ട്. എണ്ണ കയറ്റുമതിയിലും ഭീമമായ ഇടിവുണ്ടാകുമെന്നും പറയപ്പെടുന്നു.*
🅾️ *കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസ് മക്ക, മദീന നഗരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാവും. ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് പുതിയ തീരുമാനം നടപ്പാകുന്നത്. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും. കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. ഇളവിന്റെ മറവില്‍ റോഡുകളില്‍ വാഹനങ്ങള്‍ കൂടി പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രണിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് എത്തുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെക്കേണ്ടത്.*
🅾️ *കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഓസ്ട്രിയ. ചൊവ്വാഴ്ചയോടെ ആയിരക്കണക്കിന് ചെറുകടകളും ഡിഐഡബ്ല്യു സ്റ്റോറുകളും വീണ്ടും തുറക്കും. എങ്കിലും കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം കുറഞ്ഞതോടെ മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. സ്പെയിന് ചില പൗരന്മാരെ ജോലിയിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചു.ഡെന്മാര്ക്കില് പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രിയയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഓസ്ട്രിയയില്‍ കോവിഡ് ബാധിച്ച് 368 പേരാണ് മരിച്ചത്. ഇതുവരെ 14,043 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 7,343 രോഗമുക്തി നേടി.:അതേസമയം, ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ മേയ് 11 വരെ നീട്ടിയിട്ടുണ്ട്. മേയ് 11നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ . ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്.*
🅾️ *ലോകത്തെ മറ്റൊരു രാജ്യവും അഭിമുഖീകരിക്കാത്തത്ര ഭീകരദിനങ്ങളിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. ഇതുവരെ 5,87,155 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച അമേരിക്കയില്‍ ഇതുവരെ 23,644 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ഈ രണ്ടുകാര്യത്തിലും ഇന്ന് ലോക രാഷ്ട്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. ജനങ്ങള്‍ മരണഭീതിയില്‍ ഉഴറുമ്പോഴും ട്രംപിന് മുഖ്യം തന്റെ മുഖച്ഛായ മിനുക്കലാണ് എന്ന് സൂചിപ്പിക്കുന്നതാണ് അമേരിക്കയില്‍ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.*
*കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രംപ് കൊറോണ ദുരന്തം കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് മാധ്യമങ്ങളില്‍, പ്രത്യേകിച്ചും മുന്‍നിര മാധ്യമമായ ന്യുയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിനെ കണക്കുകള്‍ കൊണ്ട് പ്രതിരോധിക്കേണ്ടതിന് പകരം ഇന്നലത്തെ പത്രസമ്മേളനത്തില്‍ ട്രംപ് എത്തിയത് വൈറ്റ്ഹൗസില്‍ നിര്‍മ്മിച്ച ഒരു വീഡിയോയുമായായിരുന്നു.*
*ഈ രോഗത്തിന്റെ അപകട സാദ്ധ്യതകള്‍ കുറച്ചുകാണുകയായിരുന്നു മാധ്യമങ്ങള്‍ ഇതിന്റെ ആരംഭം മുതല്‍ തന്നെ എന്ന് ആരോപിക്കുന്ന വീഡിയോയില്‍, ട്രംപ് വളരെ നേരത്തെ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ നടപടികള്‍ എടുത്തിരുന്നു എന്ന് പറയുന്നു. ചൈനയിലേക്കുള്ള യാത്രാ നിരോധനം ഫലവത്തായ ഒരു നടപടിയായിരുന്നു എന്ന് ന്യുയോര്‍ക്ക് ടൈംസിന്റെ മാഗി ഹാബെര്‍മാന്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പും ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഡെമോക്രാറ്റിക് നേതാവായ ഗവിന്‍ ന്യുസം, ആന്‍ഡ്രു കുവോമോ എന്നിവര്‍ ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാര്‍ ട്രംപ് കൈക്കൊണ്ട നടപടികളെ പുകഴ്‌ത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.*
*ന്യുയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഈ വീഡിയോ കാണിച്ച് പ്രസിഡണ്ട് ട്രംപ് അവകാശപ്പെട്ടത്. ആരും വായിക്കാന്‍ ഇല്ലാത്തതിനാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ നുണ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇല്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു.*
*ഇത്തരത്തില്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന തരത്തില്‍ ഉള്ള വീഡിയോ ഇതിനു മുന്‍പ് വൈറ്റ്ഹൗസിലെ പത്രസമ്മേളന മുറിയില്‍ കണ്ടിട്ടില്ല എന്നാണ് ഇതിനെ കുറിച്ച് എ ബി സി ന്യുസിന്റെ ജോനാഥന്‍ കാള്‍ പ്രതികരിച്ചത്. ഹാറ്റ്ച്ച് ആക്റ്റ് ഇത്തരത്തിലുള്ള വീഡിയോകള്‍ വൈറ്റ്ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ നിരോധിച്ചിട്ടുമുണ്ട്.ഇതിനിടയില്‍, ഭരണകൂടം വളരെ നേരത്തേ കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു എന്ന തന്റെ ഞായറാഴ്‌ച്ചത്തെ പ്രസ്താവനയില്‍ നിന്നും വൈറ്റ്ഹൗസിലെ കൊറോണ പ്രതിരോധത്തിന്റെ തലവനായ ഫോസി പുറകോട്ട് പോയി. എടുത്ത നടപടികള്‍ ഫലവത്താകുന്നത് കാണുമ്പോൾ അത് നേരത്തേ എടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ആര്‍ക്കും വാരാവുന്ന ഒരു ആലോചനമാത്രമായിരുന്നു അതെന്നാണ് ഇന്നലെ അദ്ദേഹം വിശദീകരിച്ചത്.*
*ഇതിനിടയില്‍, കൊറോണയെ പ്രതിരോധിക്കാന്‍ ട്രംപ് എടുക്കുന്ന നടപടികള്‍ പര്യാപ്തമാകുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുവോമോ രംഗത്ത് വന്നു. അയല്‍ സംസ്ഥാനങ്ങളായ ന്യുജഴ്സി, കണറ്റിക്യുട്ട്, ഡെലാവെയര്‍, റോഡ് ദ്വീപുകള്‍, പെനിസില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് ഗവര്‍ണമാരെ കൂടിൂള്‍ക്കൊള്ളിച്ചുകൊണ്ട്, കൊറോണയെ നേരിടാനും, രാജ്യം വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായി കൊറോണ കൗണ്‍സില്‍ രൂപീകരിച്ചു. ഇത് ട്രംപിനേറ്റ ഒരു അടിയായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു.*
*വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോറോണ അനുബന്ധ വിവരങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറുമെന്നും ഈ സംസ്ഥാനങ്ങളിലെ ജീവിതം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കുവോമോ ഒരു ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ഒരു ആരോഗ്യ വിദഗ്ദന്‍, സാമ്ബത്തിക വിദഗ്ദന്‍, ഗവര്‍ണറുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു സമിതി ഇക്കാര്യത്തില്‍ പദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് കോറിഡോര്‍ എന്ന് വിളിക്കപ്പെടുന്ന മേഖലയില്‍ ഉള്ളവയാണ് ഈ സംസ്ഥാനങ്ങള്‍ എല്ലാം. ഇതേ മേഖലയില്‍ ഉള്ള മസാച്ചുസറ്റ്സും മേരിലാന്‍ഡും പക്ഷെ ഇതുവരെ ഈ കൗണ്‍സിലില്‍ അംഗങ്ങളായിട്ടില്ല. അവിടങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍മാരാണ് ഉള്ളത്. ലോക്ക്ഡൗണ്‍ എപ്പോള്‍ നീക്കണമെന്നത് പ്രസിഡണ്ടിന്റെ തീരുമാനമാണെന്ന് കഴിഞ്ഞദിവസം പ്രസിഡണ്ട് പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ച്, അതിനുള്ള പദ്ധതിയുടെ രൂപരേഖ പ്രസിദ്ധീകരിക്കുവാന്‍ ട്രംപിനെ വെല്ലുവിളിച്ചു. രോഗബാധ അരംഭിച്ച അവസരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അത് പിന്‍വലിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് പറയുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയില്‍ കൊറോണബാധയില്‍ ഏറ്റവും അധികം നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ സംസ്ഥാനമാണ് ന്യുയോര്‍ക്ക്. കൊറോണയുടെ ദുരന്തം അനുഭവിച്ച് തീരാത്ത അമേരിക്കക്കാര്‍ക്ക് കിട്ടിയ ഒരു ഇരുട്ടടിയാണ് ഈ രഷ്ട്രീയ തര്‍ക്കങ്ങള്‍ എന്നാണ് നിഷ്പക്ഷ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.*
🅾️ *യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനെ അംഗീകരിച്ച് മുന്‍ എതിരാളി സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സ്. ഡോണള്‍ഡ് ട്രംപിനെ തോല്‍പിക്കാന്‍ അമേരിക്കന്‍ ജനത ഒന്നിക്കണമെന്ന് സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ പ്രസിഡന്‍റാണ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒത്തുചേരാന്‍ മുഴുവന്‍ പൗരന്മാരോടും ഡെമോക്രാറ്റുകളോടും സ്വതന്ത്രരോടും റിപ്പബ്ലിക്കന്മാരോടും ആവശ്യപ്പെടുന്നു. ഞാന്‍ നിങ്ങളുടെ (ജോ ബൈഡന്‍റെ) സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്നു. -78കാരനായ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.ബെര്‍നി സാന്‍ഡേഴ്‌സിന് നന്ദി അറിയിച്ച ജോ ബൈഡന്‍, നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി*
🅾️ *ഫ്ലോറിഡയില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഏപ്രില്‍ 10 വെള്ളിയാഴ്ച ഫ്ലോറിഡ സ്പ്രിങ്ഹില്ലിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി ഈ വീടുമായി ബന്ധപ്പെട്ട ഒരു സ്ത്രീ ഹെര്‍നാന്‍ണ്ടൊ കൗണ്ടി ഷെറിഫ് ഓഫീസില്‍ അറിയിച്ചു. സ്ത്രീയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ആത്മഹത്യകുറിപ്പ് ലഭിച്ചയുടനെ സ്ത്രീ വീട്ടിലെത്തിയപ്പോള്‍ വീടിനു തീപിടിച്ചിരിക്കുന്നതും കുട്ടികളുടെ പിതാവ് ഡെറിക് ആല്‍ബര്‍ട്ട് വാസ്ക്വിസ് (43) മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഇതിനിടയില്‍ പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തു വയസ്സുള്ള കെയ് ലനിയും സഹോദരന്‍ കെയ്ദനും (13) വീടിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തി.*
🅾️ *റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500-നെ ഇലക്‌ട്രിക് ബൈക്കാക്കി മാറ്റി യുകെയിലെ ഇലക്‌ട്രിക് ക്ലാസിക് കാര്‍ കമ്പനി . പരമ്പരാഗത ഇന്ധനത്തിലോടുന്ന കാറുകളെ ഇലക്‌ട്രിക് വാഹനമാക്കി മാറ്റുന്ന കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ ഫോട്ടോണ്‍ എന്ന പേരില്‍ ഇലക്‌ട്രിക് ബുള്ളറ്റിന്റെ പതിപ്പ് എത്തിച്ചത്. ഇതിലെ കമ്പസ്റ്റിൽ എന്‍ജിന്‍ നീക്കം ചെയ്ത് ഇലക്‌ട്രിക് മോട്ടോര്‍ നല്‍കിയാണ് ഫോട്ടോണ്‍ ഒരുക്കിയത്. ഇവ ഈ രീതിയിലേക്ക് മാറ്റാന്‍ ഏകദേശം 19 ലക്ഷം രൂപ ചെലവായതെന്നാണ് സൂചന. 10 കിലോവാട്ട് ബാറ്ററിയാണ് ഇതിന് നല്‍കിയിട്ടുള്ളത്. 110 കിലോമീറ്ററാണ് ഫോട്ടോണിന്റെ പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.*
*⚽ കായികം, സിനിമ 🎥*
————————>>>>>>>>>>
🅾️ *ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഐപിഎല്‍ ഉപേക്ഷിച്ചാലും കരിയര്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. രണ്ട് സീസണ്‍ കൂടി താരം ഐപിഎല്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍. ഐപിഎല്ലില്‍ ഇനിയും രണ്ടു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്കു സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ധോണി ഇപ്പോഴും പഴയതു പോലെ ഫിറ്റാണ്. അദ്ദേഹത്തെ സംബന്ധിച്ച് പ്രായം വെറും നമ്പർ മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും അതീവ ബുദ്ധിശാലിയാണ്. ഈ സീസണിലിലെ ഐപിഎല്ലില്‍ മാത്രമല്ല അതിനു ശേഷമുള്ള രണ്ടു സീസണുകള്‍ കൂടി ധോണി സിഎസ്‌കെയ്ക്കു വേണ്ട കളിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.*
🅾️ *കാളിദാസ് ജയറാമും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജാക് ആന്റ് ജില്ലിലെ ഫോട്ടോകള്‍ തരംഗമാകുന്നു. സന്തോഷ് ശിവന്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാമും മഞ്ജു വാര്യരും ഊര്‍ജ്ജസ്വലതയോടെ നൃത്തം വയ്ക്കുന്ന രംഗത്തിന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ബേസില്‍ ജോസഫും അജു വര്‍ഗീസും ഒപ്പമുണ്ട്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ കാളിദാസ് ജയറാം ഷെയര്‍ ചെയ്തിരുന്നു.*
🅾️ *ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന് പുതിയ ജീവിത പങ്കാളി. 22കാരനായ കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. ഇക്കാര്യം വ്യക്തമാക്കി ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും നെയ്മറുടെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. നെയ്മറേക്കാളും ആറ് വയസ്സിന് ഇളപ്പമാണ് അമ്മയുടെ പുതിയ പങ്കാളിക്ക് എന്നതും ശ്രദ്ധേയം.നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസ്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല.ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി ആശംസകളറിയിച്ചവരില്‍ സാക്ഷാല്‍ നെയ്മര്‍ ജൂനിയറുമുണ്ട്! ‘Be happy mom, love you’ നെയ്മര്‍ എഴുതി. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ പെര്‍നാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം.*
🅾️ *പട്ടാഭിരാമന്‍ എന്ന വിജയ ചിത്രത്തിനു ശേഷം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയത്തിന്റെ കഥയുമായി കണ്ണന്‍ താമരക്കുളം എത്തുന്ന മരട് 357 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാരായി എത്തുന്നത്. രമേഷ് പിഷാരടി, ധര്‍മ്മജന്‍, സാജില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഫ്ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. ഫ്ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാണ് ചിത്രം പറയുന്നത്.*
🅾️ *പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന്‍ യുവാവിന്റെ ബാങ്ക് വായ്പ പൂര്‍ണമായും അടച്ചു തീര്‍ത്ത് മാതൃക കാണിച്ച് നടന്‍ സുരേഷ് ഗോപി. ഭിന്നശേഷിക്കാരനായ അനീഷ് എന്ന യുവാവിനാണ് സുരേഷ് ഗോപിയുടെ സഹായമെത്തിയത്. വായ്പ കുടിശികയായ ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പലിശയുമാണ് സുരേഷ് ഗോപി ഇടപെട്ട് അടച്ചത്.*
🅾️ *നേരിടേണ്ടി വന്ന ചില ആരോഗ്യപ്രശ്‌നങ്ങളുമായി തനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തുന്നതില്‍ ട്രോളുകള്‍ വലിയ പങ്കു വഹിച്ചെന്ന് നടന്‍ സലിംകുമാര്‍.,,പുതിയ കാലത്തിന്റെ ഹാസ്യമാണ് ട്രോളെന്നും അതിന് സമൂഹത്തില്‍ വലിയ മാര്‍ക്കറ്റുണ്ടെന്നും കൂടുതല്‍ പേര്‍ ഇന്ന് ആ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണവും അതു തന്നെയാണെന്നും സലിംകുമാര്‍ പറയുന്നു.*