വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന കൊവിഡ് 19 അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് ചര്‍ച്ച നടക്കുന്നത്. കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയം. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് അസോസിയേഷന്‍ ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും ചര്‍ച്ച തത്സമയം ലഭ്യമാകും.*
🅾️ *ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളില്‍ വിലക്ക് ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച് ഹോട്ടലുകള്‍ക്കെതിരെയാണ് കേസെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിക്കുകയും ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്ത ഹോട്ടല്‍ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാന്‍ മാത്രമേ അനുമതിയുള്ളൂ*
🅾️ *സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്.*
🅾️ *കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ വ്രതം ആരംഭിച്ചതോടെ പുണ്യദിനത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി ഹൈദരലി ശിഹാബ് തങ്ങള്‍. കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങള്‍ പോലെ ഹൃദയങ്ങളില്‍നിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമദാന്‍ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം. കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കര്‍മ്മങ്ങളെ ബാധിക്കുന്നില്ല. വീടുകള്‍ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാല്‍, ഹൃദയവിശുദ്ധിയുടെ റമദാന്‍ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.*
🅾️ *ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍, കുട്ടനാട് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്.*
🅾️ *സംസ്ഥാനത്തെ നവോദയ വിദ്യാലങ്ങളില്‍ നിന്നും പഠനത്തിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നൂറ് വിദ്യാര്‍ത്ഥികളാണ് ഒരു മാസമായി ഹോസ്റ്റലില്‍ തന്നെ കഴിയുന്നത്. നവോദയയിലെ ഒന്‍പതാം ക്‌ളാസ്സ് പഠനത്തിന് മൈഗ്രേഷന്‍ രീതിയില്‍ തെരഞ്ഞെടുത്ത നൂറു കുട്ടികളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. കഴിഞ്ഞ ജൂണിലാണ് പഠനത്തിന്‍റെ ഭാഗമായി ഇവര കൊണ്ടു പേയത്. മാര്‍ച്ച് പത്തൊന്‍പതിന് പരീക്ഷകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി.നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു തവണ ടിക്കറ്റ് റിസര്‍വ് ചെയ്തെങ്കിലും യാത്ര മുടങ്ങി. പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണിപ്പോള്‍ കഴിയുന്നത്*
🅾️ *പ്രവാസികളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സാമൂഹിക അകലം പാലിച്ച് അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുക്കും.*
🅾️ *സ്പീക്കർ ശ്രീരാമകൃഷ്ണന് ശ്രീചിത്രയിൽ ആഞ്ജിയൊപ്ലാസ്റ്റി നടത്തി രണ്ട് ബ്ലോക്കുകൾ നീക്കം ചെയ്തു*
🅾️ *ബൈക്കിൽ മിനി ലോറി ഇടിച്ച് ഓട്ടോ റിക്ഷ തൊഴിലാളി പെരുമ്പാവൂർ കീഴില്ലം വട്ടപ്പറമ്പിൽ സുനിൽകുമസ്ര് (44) മരണപ്പെട്ടു. കീഴില്ലത്ത് ആയിരുന്നു അപകടം*
🅾️ *കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ വൈകീട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ മാത്രം പുറത്തുവിടുന്നത് രോഗ പരിചരണം വൈകുന്നതിനിടയാകുന്നുവെന്ന് ഡോക്ടര്‍മാര്‍. രോഗം സ്ഥിരീകരിച്ചാലും പരിശോധിക്കുന്ന ഡോക്ടര്‍മാരും രോഗികളും വിവരമറിയുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ മാത്രമാണ്. കോവിഡ് നെഗറ്റിവ് ആണെങ്കില്‍ മാത്രമേ നേരിട്ട് ഡോക്ടറെ അറിയിക്കുന്നുള്ളൂ. പോസിറ്റിവ് ആണെങ്കില്‍ ഫലം തയാറായില്ലെന്ന വിവരമാണ് ലാബുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും രോഗിക്കും ലഭിക്കുക.*
🅾️ *നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകന് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു കൂടി കൈമാറിയതായി മൊഴി. പെണ്‍കുട്ടി ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാന്‍ ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്ന കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്.പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് (പപ്പന് -45) ഒരാഴ്ച മുമ്ബാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാള്‍ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. പത്മരാജന് മിഠായിയും ഭക്ഷണവും വാങ്ങി നല്‍കിയെന്നും സ്കൂട്ടറില്‍ കയറ്റി പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാല്‍ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാല്‍, അതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യല്‍ വൈകിപ്പിച്ച പൊലീസ് തുടരന്വേഷണത്തിലും അമാന്തം കാണിക്കുകയാണെന്നും മാതാവ് പരാതിയില്‍ പറയുന്നു.*
🅾️ *കാസര്‍കോട്ടും കണ്ണൂരും നടപ്പാക്കിയ ട്രിപ്ള്‍ ലോക്ഡൗണ്‍ സംസ്ഥാനത്തെ എല്ലാ ഹോട്സ്പോട്ടുകളിലും നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ.. റെഡ്സോണിലും ഓറഞ്ച് സോണിലുംപെട്ട ഹോട്സ്പോട്ട് പൂര്‍ണമായി അടച്ചിടും. ഇവിടങ്ങളില്‍ കര്‍ശന പരിശോധനയും നിയന്ത്രണവും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. ഹോട്സ്പോട്ടുകളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമേ ഉണ്ടാകൂ. റെഡ്സോണുകളിലെ ഹോട്സ്പോട്ടുകളില്‍ ഒരുകാരണവശാലും അനാവശ്യമായി ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.ജില്ല ഭരണകൂടം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തില്‍ വളന്റിയര്‍മാര്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കും. ഓറഞ്ച് സോണുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തരവും ചികിത്സസംബന്ധവുമായ ആവശ്യങ്ങള്‍ക്കല്ലാതെ അന്തര്ജില്ലയാത്രകള് അനുവദിക്കില്ല. അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തും. തബ്ലീഗ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.*
🅾️ *കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാമിന് (62) രോഗമുക്തി. ഇവര്‍ വെള്ളിയാഴ്ച ആശുപത്രി വിട്ടു. 20 തവണ പരിശോധന പോസിറ്റീവായ ഷേര്‍ളിയുടെ അവസാന രണ്ട് ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ഷേര്‍ളിയെ ചികിത്സിച്ച ആശുപത്രിയിലെ എല്ലാവരെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.*
🅾️ *വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍. സംഭവത്തില്‍, പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിട്ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ മുന്‍ എസ്.ഐ പി.സി. ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെണ്‍കുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നു. തെളിവ് ശേഖരണത്തിലും മൊഴിയെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥ കാണിച്ചു.ആദ്യഘട്ടത്തിലെ പിഴവുകളാണ് കേസ് ദുര്‍ബലമാകാന്‍ കാരണമായത്. പ്രോസിക്യൂഷനും ഗുരുതര വീഴ്ചകളുണ്ടായി. കൃത്യമായ വിസ്താരംപോലും പല ഘട്ടങ്ങളിലും നടന്നില്ല. വാളയാര്‍ കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ ഇത്തരം പദവികളിലേക്ക് ഇനി പരിഗണിക്കരുതെന്നും ശിപാര്‍ശയുമുണ്ട്. കേസില്‍ പ്രതിചേര്‍ത്ത അഞ്ചില്‍ നാലുപേരെയും പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ) വെറുതെ വിട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് കമീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികളെടുക്കും. 2017 ജനുവരി 13നും മാര്‍ച്ച് നാലിനും ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ വീടിെന്റ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തിന് കുട്ടികളുടെ മാതാവ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രോസിക്യൂഷനും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.*
🅾️ *കോവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ജാഗ്രതയോടെ മഞ്ചേരി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. മരിച്ച കുഞ്ഞിന്റെ വീടും പരിസരവും കൂടാതെ അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളുടേതടക്കം മൂന്ന് വീടുകളും പരിസരവും ആരോഗ്യപ്രവര്‍ത്തകരെത്തി അഗ്നിരക്ഷ സേനയുടെ സഹായത്തോടെ അണുമുക്തമാക്കി. നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ ബന്ധുക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.*
🅾️ *ശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അടുത്ത അധ്യയന വര്ഷാരംഭത്തിലേക്കുമായി വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) 50 ലക്ഷം മാസ്‌ക് നിര്‍മിക്കുന്നു. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും മാസ്‌ക് നല്‍കും. അധ്യയന വര്‍ഷാരംഭം എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നല്‍കും. സംസ്ഥാനത്ത് 45 ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്.കഴുകി അണുമുക്തമാക്കി ഉപയോഗിക്കാവുന്ന തരത്തില്‍ തുണിയിലുണ്ടാക്കുന്ന മാസ്ക്കാണ് എസ്.എസ്.കെ തയാറാക്കി സ്കൂളുകളില്‍ എത്തിക്കുക.എസ്.എസ്.കെക്ക് കീഴിലുള്ള ഒാരോ ബി.ആര്.സികളും 30,000 മാസ്‌ക് നിര്‍മിക്കും. ആകെ168 ബി.ആര്.സികള്‍ വഴി 50 ലക്ഷത്തിലധികം മാസ്‌ക് ലക്ഷ്യമിടുന്നു. ഒരേ വലുപ്പത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ കോട്ടണ്‍ തുണിയിലാകും മാസ്‌ക് നിര്‍മിക്കുക. തുണിയും മറ്റു സാധനങ്ങളും ബി.ആര്.സികളുടെ നേതൃത്വത്തില്‍ വാങ്ങണം. ഒരു മാസ്ക്കിനുവേണ്ട സാധനം വാങ്ങുന്നതിന് പരമാവധി മൂന്നു രൂപ ചെലവഴിക്കാമെന്നാണ് നിര്‍ദേശം. മാസ്‌ക് മേയ് 15നകം തയാറാക്കി ഒാരോ സ്കൂളിനും ആവശ്യമായ എണ്ണം മേയ് 30നകം എത്തിക്കണം. മാസ്‌ക് നിര്‍മാണത്തിനുവേണ്ട തുക സൗജന്യ യൂനിഫോമിന് അനുവദിക്കുന്ന തുകയില്‍നിന്ന് വിനിയോഗിക്കാം. മാസ്‌ക് തുന്നുന്നതിന് സമഗ്രശിക്ഷ ജീവനക്കാര്‍, സ്പെഷലിസ്റ്റ് അധ്യാപകര്‍, റിസോഴ്സ് അധ്യാപകര്‍, രക്ഷാകര്ത്താക്കള്, സന്നദ്ധ പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കാമെന്നും എസ്.എസ്.കെ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.*
🅾️ *ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗമല്ലാത്ത കാരണങ്ങളാല്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ തടസ്സം ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.*
*🇮🇳 ദേശീയം 🇮🇳*
————————–>>>>>>>>
🅾️ *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,000 ത്തോളം അടുക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് ഇന്ന് 1752 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥരീകരിച്ചതോടെ 23,452 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗ ബാധിതര്‍. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 724 ആയിട്ടുണ്ട്. 4813 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 9 ലക്ഷത്തോളം പേര്‍ നിരീക്ഷണത്തിലാണ്.*
*ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് മരണങ്ങള്‍ 300 കടന്നു.*
🅾️ *കോവിഡ് പോലുള്ള ദേശീയ പ്രതിസന്ധികള്‍ നേരിടുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായി രൂപവത്കരിച്ച ‘പി.എം. കെയേഴ്സ്’ നിധി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കണക്കു പരിശോധനാ പരിധിക്കു പുറത്ത്. വ്യക്തികളും സംഘടനകളും നല്കുന്ന സംഭാവന അടിസ്ഥാനപ്പെടുത്തിയാണ് നിധി എന്നിരിക്കേ, ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്ക് അധികാരമില്ലെന്ന് സി.എ.ജി വൃത്തങ്ങള്‍ വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ പൗരസഹായ അടിയന്തര സാഹചര്യ സഹായ നിധി എന്ന ട്രസ്റ്റാണ് ‘പി.എം.കെയേഴ്സ്’ എന്ന് അറിയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോള്‍ ഇത്തരമൊരു ഫണ്ട് രൂപവത്കരിച്ചത് വിവാദമായിരുന്നു. കോവിഡ് പ്ര തിരോധത്തിനുള്ള കോര്‍പറേറ്റ്, മന്ത്രാലയ ഫണ്ടുകള്‍ മിക്കവാറും പി.എം കെയേഴ്സിലേക്കാണ് പോവുന്നത്. മാര്‍ച്ച് 28ന് നടന്ന മന്ത്രിസഭ യോഗമാണ് പി.എം കെയേഴ്സ് രൂപവത്കരിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റില്‍ മുതിര്‍ന്ന മന്ത്രിമാരാണ് അംഗങ്ങള്‍.* *അവര്‍ ഓഡിറ്റിന് ആവശ്യപ്പെടാതെ സി.എ.ജിക്ക് ഇടപെടാന്‍ പറ്റില്ല. ട്രസ്റ്റ് അംഗങ്ങള്‍ ചുമതലപ്പെടുത്തുന്ന സ്വതന്ത്ര ഓഡിറ്റര്‍മാരാണ് പി.എം. കെയേഴ്സ് ഫണ്ട് പരിശോധിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വിശദീകരിക്കുന്നു.അതേസമയം, കോവിഡ് പ്രതിരോധ സംഭാവനകള്‍ പി.എം കെയേഴ്സിന് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സി.എ.ജി പരിശോധനക്ക് വിധേയമല്ലാത്ത ഒരു നിധിയില്‍ നിന്നുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന പൂര്‍ണാധികാരം ട്രസ്റ്റിനാണ്. അര്‍ഹതപ്പെട്ട മേഖലകള്‍ ചിലപ്പോള്‍ തഴയപ്പെടാന്‍ ഇത് വഴിയൊരുക്കുമെന്ന ആശങ്കകളുണ്ട്. പി.എം കെയേഴ്സ് രൂപവത്കരിച്ചത് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളും ചോദ്യം ചെയ്തിരുന്നു. കോര്‍പറേറ്റുകള്‍ പി.എം കെയേഴ്സിലേക്ക് നല്കുന്ന തുക അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായി കണക്കാക്കി പൂര്‍ണ നികുതിയൊഴിവ് ലഭിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പണം ഈ നിലക്ക് കണക്കാക്കില്ല. അതും വിമര്‍ശനം ക്ഷണിച്ചു വരുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയും സി.എ.ജി പരിശോധിക്കുന്നില്ല. എന്നാല്‍ പണം എങ്ങനെ ചെലവിട്ടു എന്ന് ചോദിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ട്.അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ ലോകാരോഗ്യ സംഘടനക്ക് വിവിധ രാജ്യങ്ങളാണ് സംഭാവന നല്‍കുന്നത്. ഇതിന്റെ കണക്കും ഓഡിറ്റിങ്ങിന് വിധേയമാണ്. ഇന്ത്യയിലെ സി.എ.ജിയാണ് അടുത്ത നാലു വര്‍ഷത്തേക്ക് ലോകാരോഗ്യ സംഘടന കണക്കുകള്‍ പരിശോധിക്കുന്നത്.*
🅾️ *സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തില്‍ കോവിഡ് േരാഗികളുടെ എണ്ണം അനുദിനം കൂടുമ്പോഴും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാറും നഗരസഭയും. നിരീക്ഷണത്തില്‍ പാര്പ്പിച്ചവരിലാണ് പുതുതായി രോഗം കണ്ടുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 1.84 കോടിയാണ് മുംബൈ നഗരത്തിലെ ജനസംഖ്യ. ഇതില്‍ 41.8 ശതമാനവും ചേരികളിലാണ്. വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് ചേരിപ്രദേശങ്ങളടക്കം 930 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി കടുത്ത നിയന്ത്രണത്തിലാണ്. വ്യാഴാഴ്ച വരെ 55,000 പേരെ പരിശോധിച്ചതായി നഗരസഭ കമീഷണര്‍ പ്രവീണ്‍ പര്‍ദേശി പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 4,205 പേര്‍ക്കാണ് നഗരത്തില്‍ രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണമില്ല. കഴിഞ്ഞ 14 നുശേഷം പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. വ്യാഴാഴ്ച 522 പേര്‍ക്ക് രോഗം കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യ. പരിശോധന വര്‍ധിച്ചതും രോഗം പകരാന്‍ അതീവ സാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയും ചെയ്തതിനാലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. വ്യാഴാഴ്ചയോടെ മുംബൈയിലെ മരണ നിരക്ക് 7.09 ശതമാനത്തില്‍ നിന്ന് 3.97 ആയി കുറഞ്ഞതായും പറയുന്നു. വ്യാഴാഴ്ച വരെ നഗരത്തില്‍ 167 പേരാണ് മരിച്ചത്.*
🅾️ *അരുണാചല്‍ പ്രദേശില്‍ ചൈനയുമായി തര്‍ക്കമുള്ള അതിര്‍ത്തി പ്രദേശത്ത് പാലം തുറന്ന് ഇന്ത്യ. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തെ ചൈന വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിക്കുന്ന നീക്കം ഇന്ത്യ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഏതു കാലാവസ്ഥയിലും കടന്നുചെല്ലാവുന്ന പാലത്തിന് 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുണ്ട്. അരുണാചല്‍ പ്രദേശില്‍ ചൈനയും ഭൂട്ടാനും അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ ഇന്ത്യ പാലം നിര്‍മിച്ചത്. ദോക‍്‍ലമില്‍ 2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായ അതേ മേഖലയിലാണു പാലമുള്ളത്.*
🅾️ *കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ആക്രമിക്കാനുള്ള പദ്ധതികള്‍ പാകിസ്താന്‍ ആസൂത്രണം ചെയ്യുകയാണെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖം വഴി അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളെയോ ഉപയോഗിച്ച് പടിഞ്ഞാറന്‍ തീരത്തുകൂടി ആക്രമണം നടത്താനാണ് പാക് പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ തീരത്തുള്ള നാവികസേന കേന്ദ്രങ്ങളെയാണ് പാക് ചാരസംഘടനയായ ഇന്‍റര്‍ സര്‍വിസസ് ഇന്‍റലിജന്‍സ് (ഐ.എസ്.ഐ) ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്.*
🅾️ *പശ്ചിമബംഗാളില്‍ കോവിഡ് 19 വൈറസ് ബാധിച്ച് 57 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പ്രത്യേക സംഘം പരിശോധനക്കെത്തിയപ്പോഴാണ് യഥാര്‍ഥ കണക്ക് പുറത്തുവിട്ടത്. ബംഗാളിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഇത് സ്ഥിരീകരിച്ചു. കോവിഡ് 19 ബാധിച്ച് മരിച്ചത് 18 പേരാണ്. എന്നാല്‍ മരിച്ച ബാക്കി 39 പേര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നതായും അതാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്നും ബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.*
🅾️ *ലോക്ക് ഡൗണില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിലോ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും അനുമതി ഇല്ല. കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലെക്ക് തിരിക്കും*
🅾️ *റമദാന്‍ മാസത്തില്‍ ബാങ്ക് വിളിക്കരുതെന്ന് പറഞ്ഞു കൊണ്ടുള്ള പൊലീസിന്റെ വീഡിയോ വൈറലാകുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ്. റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ഇമാമിന് നിര്‍ദേശം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്‌ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. എന്നാല്‍ ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നും ആരാധനാലയങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് വിലക്കിയെന്നുമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്.*
*🌎 മറ്റ് വാർത്തകൾ ⚽*
————————>>>>>>>>
🅾️ *ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബാള്‍ മത്സരവും കാരണമായെന്ന ആരോപണത്തിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ലിവര്‍പൂള്‍ മേയര്‍. മാര്‍ച്ച് 11ന് ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ലിവര്‍പൂള്‍ – അത്ലറ്റികോ മഡ്രിഡ് മത്സരം നഗരത്തിലെ കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന ആരോഗ്യ വിദഗ്ധരുടെ നിഗമനത്തിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് നഗരപിതാവ് സ്റ്റീവ് റോതറാം രംഗത്തെത്തിയത്. ബ്രിട്ടനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ലിവര്‍പൂള്‍ ഉള്‍പ്പെടുന്ന നോര്‍ത് വെസ്റ്റ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്.. സ്പെയിനിലും ഇറ്റലിയിലും രോഗം ഗുരുതര നിലയില്‍ നില്‍ക്കെ അവിടെ നിന്നുള്ള കാണികള്‍ക്ക് കൂടി പ്രവേശനം നല്‍കി കളി നടത്തിയതിനെ മേയര്‍ വിമര്‍ശിച്ചു. കോവിഡ് ബാധിതരായ കാണികള്‍ മഡ്രിഡില്‍ നിന്നും ആന്‍ഫീല്‍ഡില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നും മേയര്‍ സ്റ്റീവ് റോതറാം ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് ഇറ്റലിയില്‍ മിലാനില്‍ നടന്ന അറ്റ്ലാന്റ- വലന്‍സിയ മത്സരവും രോഗവ്യാപനത്തിന് കാരണമായെന്ന് ആരോപണമുയര്‍ന്നിരുന്നു.*
🅾️ *കോവിഡ്-19 കാരണം പ്രതിസന്ധിയിലായ ഫുട്ബാള്‍ ലോകത്തിന് ഫിഫയുടെ കൈത്താങ്ങ്. രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷനില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 211 അംഗരാജ്യങ്ങള്‍ക്ക് അഞ്ചു ലക്ഷം ഡോളര്‍ (3.81 കോടി രൂപ) വീതം അടിയന്തര സഹായമായി അനുവദിച്ചു.*
🅾️ *ആഗോളതലത്തില്‍ കൊവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതിവരെ 197,246 പേരാണ് ആകെ മരിച്ചത്. 2,801,065 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 775,986 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ 52,185 ആയി. ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 903,775 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 90,261 പേര്‍ രോഗമുക്തി നേടി. 15000ത്തോളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്. രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്.