1991 ഏപ്രിൽ 18നാണ് കേരളം സമ്പൂർണ്ണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. കോഴിക്കോട്ടെ മാനാഞ്ചിറ ചത്വരത്തിൽ നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷയായിരുന്നു കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സക്ഷരതാ സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ കോട്ടയം പട്ടണം 1989 ജൂൺ 18നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണമായി. ഇതിനുശേഷം, 1990 ഫെബ്രുവരി 9നു എറണാകുളം സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി.
12ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ 18 ലക്ഷം നിരക്ഷരരും 12 ലക്ഷം പുതു സാക്ഷരരും ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. അതുപോലെ, വലിയ പട്ടണങ്ങളുടെ ചേരികളിലും തീരപ്രദേശങ്ങളിലും ആദിവാസികുടികളിലും നിരക്ഷരത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശിയ സാക്ഷരതാ മിഷന്റെ സാക്ഷർ ഭാരത് മിഷനിൽ ഈ പ്രദേശങ്ങൾ ഉൽപ്പെടുത്തി പ്രവർത്തനം നടത്തിവരുന്നുണ്ട്.
കേരളത്തിലേയ്ക്കു ജോലിക്കായി എത്തുന്ന അന്യസസ്ഥാന തൊഴിലാളികൾ നിരക്ഷരരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ 25 മുതൽ 30 ലക്ഷം വരും.
*കേരളത്തിലെ ജനകീയ സാക്ഷരതാപ്രവർത്തനം*
1960കളുടെ അവസാനത്തോടെയാണ് കേരളത്തിൽ സാക്ഷരതാപ്രവർത്തനം ആരംഭിച്ചത്. 1968ൽ സർക്കാർ ഏജൻസികൾ ഈ രംഗത്തേയ്ക്കു കടന്നു വന്നു. കണ്ണൂർ ജില്ലയിലെ എഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരതനേടിയ ഗ്രാമ പഞ്ചായത്ത്. 1986 ആണതു നടന്നത്.
1987ലെ ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ സാക്ഷരതാപ്രസ്ഥാനം വിപുലമായി വളർന്നത്. അതുവരെ ഔപചാരികമായി നടന്ന പ്രവർത്തനം സർക്കാർ സഹായത്തോടെ വൻപിച്ച പ്രസ്ഥാനമായി വളർന്നു. 1989ൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും ചെർന്ന് നൂറുദിന കാമ്പയിൻ ഏറ്റെടുത്തു. അങ്ങനെയാണ് കോട്ടയത്തിനു നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പട്ടണമെന്ന സ്ഥാനം ലഭിച്ചത്. 1989ൽ വെളിച്ചമേ നയിച്ചാലും എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ സാക്ഷരതാ പദ്ധതി ആരംഭിച്ചു.
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളു.’
എന്ന മുദ്രാവാക്യവുമായി അന്ന് സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പൊയി. എല്ലാ വിഭാഗം ആളുകളും 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവരും ആ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു. 1990 ഏപ്രിൽ 8ലെ സർവ്വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇവരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് പ്രവർത്തിച്ചത്. അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.
1998 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി രൂപികരിച്ചു.
*തുടർസാക്ഷരതാപരിപാടി*
സാക്ഷരത നിലനിർത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസ നേട്ടം കൈവരിക്കാനുമാണ് തുടർ സാക്ഷരതാ പരിപാടി ആരംഭിച്ചത്. ഇന്ന് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ഇതിനു നേതൃത്വം നൽകി വരുന്നു. തുല്യതാ പഠനം ഇതിന്റെ സംരംഭമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ആർക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാൻ കഴിയും. പത്താം ക്ലാസ്സിലെ തുല്യതാ പരിക്ഷ വിദേശത്തെ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ ജോലികൾക്കായി പ്രയോജനപ്രദമാണ്. ഇതിനായി പ്രത്യേക കരിക്കുലം, പാഠപുസ്തകം, പരീക്ഷ എന്നിവ തയ്യാറക്കിയിട്ടുണ്ട്. ഇതിനുവേണ്ട ഇൻസ്ട്രക്റ്റർമാരെയും സജ്ജമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി തൊഴിലധിഷ്ടിത കോഴ്സുകൾ അഭ്യസിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഈ മിഷൻ ഏറ്റെടുത്തിട്ടുണ്ട്. സാക്ഷരതാ പ്രഖ്യാപനത്തിന് 25 വർഷമായി. സാക്ഷരതാ പ്രസ്ഥാനത്തിന്റെ പെരിലൊരു സാക്ഷരതാ റോഡുമുണ്ട്.