ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ). 2008 മേയ് 28 – നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. എവറസ്റ്റ് കൊടുമുടിയും ഇതിൽപ്പെടും. ടൂറിസം മേഖലയിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
*പേരിനു പിന്നിൽ*
നേ(പരിശൂദ്ധ) പാൽ(ഗുഹ) എന്നീ പദങ്ങൾ ചേർത്തുവച്ചാണ് നേപ്പാൾ എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.
നേവരുടെ പലം(പാലി ഭാഷയിൽ ‘രാജ്യം’) എന്ന അർത്ഥത്തിൽ നേപ്പലം എന്നും അതിൽ നിന്ന് നേപ്പാളം എന്നും പിന്നീട് നേപ്പാൾ എന്നും ആയിമാറിയതാവണം.
നേവർ കാഠ്മണ്ഡുവിനെ നേപാ എന്നു വിളിക്കുന്നുണ്ട്. ഇതിൽ നിന്നുണ്ടായതാണ് നേപ്പാൾ എന്നാണ് മറ്റൊരു വാദം.
*ചരിത്രം*
കാഠ്മണ്ഡു താഴ്വരയിൽ നിന്നു ലഭിച്ച നവീന ശിലായുഗ ആയുധങ്ങൾ ഇവിടെ ഒമ്പതിനായിരം വർഷം മുൻപ് ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. രണ്ടായിരത്തിയഞ്ഞൂറ് വർഷം മുൻപ് ഇവിടെ ടിബറ്റോ-ബർമൻ വംശജർ ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കുന്നു. ഇന്തോ-ആര്യൻ ഗോത്രക്കാർ ഇവിടെ ഏകദേശം ൧൫൦൦(1500)ബി.സി.യിൽ എത്തിയതായി കണക്കാക്കുന്നു. ൧൦൦൦(1000)ബി.സി.യോടടുത്ത് ചെറിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു തുടങ്ങി. ൨൫൦(250)ബി.സി.യോടുകൂടി നേപാൾ മൗര്യ രാജവംശത്തിന്റെയും പിന്നീട് ഗുപ്തൻമാരുടെയും കീഴിലായി. ഏ.ഡി അഞ്ചാം നൂറ്റാണ്ടിനു ശേഷം ലിച്ചാവീസ് എന്ന ഭരണ കൂടം ഇവിടം പിടിച്ചടക്കുന്നു. ഏ.ഡി.എട്ടാം നൂറ്റണ്ടോടുകൂടി അതും തകർന്നു. ശേഷം വന്നത് നേവർ ഭരണകൂടമാണ്. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടോടെ ചാലുക്യ ഭരണകൂടം ഇവിടം പിടിച്ചടക്കി. 1482ൽ നേപ്പാൾ കാഠ്മണ്ഡു, പഠാൻ, ഭാദ്ഗോൺ, എന്നീ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. 1765ൽ ഗൂർഖകളിൽപ്പെട്ട പ്രിഥ്വി നാരായൺ ഷാ നേപ്പാളിനെ ഏകീകരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള തർക്കം ആംഗ്ലോ-നേപ്പാളി യുദ്ധത്തിനു വഴിവെച്ചു(1815-16). ഇതേത്തുടർന്ന് നേപ്പാളിന് ചില പ്രവിഷ്യകൾ നഷ്ടപ്പെട്ടു. യുദ്ധത്തിനു ശേഷം രാജകുടുംബത്തിനു സ്ഥിരത നഷ്ടപ്പെട്ടു. ജങ് ബഹദുർ എന്ന പട്ടാള നേതാവും രാജകുടുംബവും തമ്മിൽ നടന്ന യുദ്ധത്തിൽ ബഹദുർ വിജയിക്കുകയും അദ്ദേഹം റാണാ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. റാണകൾ 1857ലെ ശിപായി ലഹളയിലും രണ്ടു ലോക മഹായുദ്ധത്തിലും ബ്രിട്ടണെ സഹായിച്ചു. 1923ൽ ബ്രിട്ടൺ നേപ്പാളുമായി കരാറിൽ ഒപ്പുവെച്ചു. 1955ൽ മഹേന്ദ്ര വീർ വിക്രം ഷാ രാജാവായി സ്ഥാനമേറ്റു. 1959ൽ ഇവിടെ ഒരു പാർട്ടി രഹിത പഞ്ചായത്തു രീതി നടപ്പിൽ വന്നു. 1972ൽ വീരേന്ദ്ര രാജകുമാരൻ രാജാവായി. ജൻ അന്ദോളനിന്റെ പ്രവർത്തന ഫലമായി 1991ൽ ഒരു ബഹു പാർട്ടി പാർലമെൻറ് ഇവിടെ നിലവിൽ വന്നു. എങ്കിലും നിർവചിക്കപ്പെടാത്ത പല പ്രധാന ശക്തികളും രാജാവിനുണ്ടായിരുനു. 1996ൽ ഇവിടെ മവോയിസ്റ്റ് തീവ്രവാദികളുടെ ആക്രമണം ആരംഭിച്ചു. മവോയിസ്റ്റുകൾ രാജാവിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ ഗറില്ല യുദ്ധം നടത്തി. ഇത് നേപാളീസ് ആഭ്യന്തര യുദ്ധത്തിനു വഴി വെച്ചു. ഇതിൽ ൧൫൦൦൦(15000) പേർ മരണപ്പെട്ടു. ജൂൺ 1 2001ന് വീരേന്ദ്ര സ്വന്തം മകൻ ദീപേന്ദ്രയാൽ കൊല്ലപ്പേട്ടു. ശേഷം ഗ്യാനേന്ദ്ര മഹാരാജാവ് സ്ഥാനമേറ്റു. ൨൦൦൨(2002)ൽ രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു ഏപ്രിൽ 24,2006 ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു.
നേപ്പാളിനെ കുറിച്ച് കൂടുതൽ അറിയാം
https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE?wprov=sfla1