ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി രാജ്യത്ത് ഷോപ്പിങ് മാളുകളും ഹോട്ടലുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പ്രവര്‍ത്തനം. സംസ്ഥാനത്ത് തിങ്കളാഴ്ച ശുചീകരിച്ച് ചൊവ്വാഴ്ച മാളുകള്‍ തുറക്കും.
പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തുവിട്ടിരുന്നു. അകലം പാലിക്കല്‍, ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം, ശ്വസന മര്യാദ പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, പാര്‍സല്‍ വില്പന പ്രോത്സാഹിപ്പിക്കല്‍, അണുമുക്തമാക്കല്‍ എന്നിവ നിര്‍ദേശങ്ങളില്‍ ചിലതാണ്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍, പാഴ്‌സല്‍ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഉപഭോക്താവിന് ഭക്ഷണം എത്തിച്ച് നല്‍കുന്നവര്‍, വാതില്‍ പടിയില്‍ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്. റസ്റ്ററന്റ് അധികൃതര്‍ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം. ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, താപനില പരിശോധന എന്നിവ നിര്‍ബന്ധം.
അമ്ബത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം. കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്. ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം. ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്. പാര്‍ക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പ് വരുത്തണം. ആളുകള്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. അടുക്കളയില്‍, ജോലിക്കാര്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം. ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.