ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം

0

 

ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിമമായി ആചരിക്കുന്നു. ഇത്‌ സംബന്ദിച്ച്‌ ഡോ :ദിലീപ്‌ പണിക്കർ എഴുതിയ ഒരു ലേഘനം വായിക്കാം

ബ്രെയിന്‍ ട്യൂമര്‍; നേരത്തെ കണ്ടെത്തി ചികിത്സിക്കാം

By: ഡോ. ദിലീപ്‌ പണിക്കർ,

ജീവിതത്തിൽ എനിക്കൊരിക്കലും തലവേദന വന്നിട്ടില്ല. എന്നാൽ, ഇപ്പോൾ എല്ലാ ദിവസവും എന്ന പോലെ തലവേദനയാണ്. വെളിച്ചമടിക്കുന്നതു പോലെയും കാഴ്ച മങ്ങുന്നതുപോലെയും തോന്നുന്നുണ്ട്…” ആശുപത്രിയിൽ എന്നെ കാണാനെത്തിയ പൈ പരാതികൾ അവതരിപ്പിച്ചു. അടുത്തുള്ള ഫിസിഷ്യൻ ഇത് മൈഗ്രെയ്ൻ മൂലമാണെന്ന് പറഞ്ഞു. വേദനസംഹാരി കഴിച്ചെങ്കിലും കുറവൊന്നുമില്ല. ഓരോ പ്രാവശ്യവും കടുത്ത തലവേദനയുണ്ടാകുമ്പോൾ ഇവിടെ പലവിധ പരിശോധനകൾക്കായി നിർദേശിക്കാറുണ്ട്…” പൈ വിശദീകരിച്ചു.

നാടകീയമായ ലക്ഷണങ്ങളായിരുന്നു അദ്ദേഹത്തിൽ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ, തലവേദനയ്ക്കുള്ള മറ്റു പല കാരണങ്ങളുമായി തെറ്റിദ്ധരിക്കാമായിരുന്നു. എന്നാൽ, വിശദമായ പരിശോധനകൾ തലച്ചോറിലെ മുഴയാണെന്ന് സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ പൈയും കുടുംബവും ആകെ തകർന്നുപോയി. എന്നാൽ, നിരാശരാകേണ്ട കാര്യമില്ലെന്ന് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി.
ശരീരത്തിലുണ്ടാകുന്ന മറ്റു മുഴകൾ പോലെ അത്ര സാധാരണമല്ല തലച്ചോറിലെ മുഴകൾ. എന്നാൽ, അവയുണ്ടാക്കുന്ന പരിണതഫലങ്ങൾ വളരെ വലുതായിരിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ഏത് പ്രായക്കാരിലും ഈ രോഗം കാണപ്പെടാം. നേരത്തെ രോഗം കണ്ടെത്തി ചികിത്സ നടത്തിയാൽ മികച്ച ഫലം ലഭിക്കും. തലച്ചോറിലെ മുഴകൾ നേരത്തെ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമായി ജൂൺ എട്ടിന് ‘ലോക ബ്രെയിൻ ട്യൂമർ ദിനം’ ആയി ആചരിക്കുകയാണ്.

തലച്ചോർ എന്നത് ശരീരത്തിലെ കേന്ദ്രമാണെന്നു പറയാം. നടക്കുന്നതും വർത്തമാനം പറയുന്നതും പോലെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. ചിന്തിക്കാതെ ചെയ്യുന്ന പ്രവർത്തികളായ ശ്വാസോച്ഛ്വാസം പോലെയുള്ള കാര്യങ്ങളും തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. കാഴ്ച, കേൾവി, സ്പർശം, മണം, ഓർമ, വികാരങ്ങൾ, വ്യക്തിത്വം എന്നിവയേയും തലച്ചോർ നിയന്ത്രിക്കുന്നു. തലച്ചോറിലെ മുഴകൾ എന്നത് അത്ര സാധാരണമല്ല. ഒരു ലക്ഷം പേരിൽ 12 പേർക്കാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. എന്നാൽ, കാൻസർ മൂലമുള്ള മരണത്തിന്റെ കാര്യത്തിൽ രക്താർബുദത്തെയും കവച്ചുവയ്ക്കുന്ന രീതിയിൽ എട്ടാം സ്ഥാനമാണ് തലച്ചോറിലെ മുഴകൾക്കുള്ളത്. തലച്ചോറിൽ എവിടെയാണ് മുഴകൾ ഉണ്ടായിരിക്കുന്നത്.. അത് തലച്ചോറിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നു. തുടങ്ങിയ കാര്യങ്ങൾക്ക് അനുസരിച്ച് രോഗിയുടെ ജീവിത ഗുണമേന്മയിൽ ഗൗരവമായ സ്വാധീനമുണ്ട്. ഏതുതരം കോശങ്ങളിൽ നിന്നാണ് മുഴകൾ ഉണ്ടായിരിക്കുന്നത്… അവ പ്രശ്നകാരിയാണോ അല്ലയോ… എന്നതിന് അനുസരിച്ചാണ് ഡോക്ടർമാർ രോഗാവസ്ഥയെ വിലയിരുത്തുന്നത്.

പ്രശ്നകാരിയായ പ്രാഥമിക മുഴകൾ തലച്ചോറിലെ കോശങ്ങളിൽ ആരംഭിച്ച് തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്കോ നട്ടെല്ലിലേക്കോ പടരും. എന്നാൽ, ഇവ മറ്റ് അവയവങ്ങളെ ബാധിക്കില്ല. തലച്ചോറിൽ വീണ്ടുമുണ്ടാകുന്ന ‘ദ്വിതീയ മുഴകൾ’ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗകാരിയാകാതെ നിലനിന്നിട്ട് തലച്ചോറിലേക്കു പടരുന്നവയാണ്. ഇത്തരം മുഴകളാണ് പ്രാഥമിക മുഴകളേക്കാൾ സാധാരണയായി കാണുന്നത്. ഏതാണ്ട് 20-40 ശതമാനം കാൻസറുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തുടങ്ങിയതിനു ശേഷം തലച്ചോറിലേക്ക് ബാധിക്കാൻ സാധ്യതയുള്ളവയാണ്.

പ്രശ്നകാരികളല്ലാത്ത മുഴകൾ വളരെ സാവധാനത്തിൽ മാത്രം വളരുന്നവയും പ്രശ്നകാരികളായ മുഴകളെ അപേക്ഷിച്ച്, അത്രയധികം കടന്നുകയറാത്തവയുമാണ്. അവ തലച്ചോറിനുള്ളിലേയോ ചുറ്റുമുള്ളതോ ആയ കോശങ്ങളിൽ നിന്നാണ് വളരുന്നത്. അവയ്ക്ക് കൃത്യമായ അതിർവരമ്പുകളുണ്ടായിരിക്കും. അവ തൊട്ടടുത്തുള്ള കലകളിലേക്ക് പടർന്നു വളരില്ല. എന്നാൽ, പ്രശ്നകാരികളല്ലാത്ത മുഴകൾ പോലും തലച്ചോറിന്റെ വളരെ സംവേദിയായ ഭാഗങ്ങളെ അമർത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യാം. അപൂർവമായ ചില കേസുകളിൽ പ്രശ്നകാരികളല്ലാത്ത മുഴകൾ പിന്നീട് പ്രശ്നകാരികളായി മാറാം.

തലച്ചോറിലെ മുഴകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്താണെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. പലപ്പോഴും തർക്കിക്കാവുന്നതും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായി പലവിധ അപകടകാരണങ്ങളുമുണ്ട്. ഉദാഹരണത്തിന്, പവർ ലൈനുകളിൽ നിന്നുള്ള റേഡിയേഷൻ, സെൽ ഫോണുകൾ, വയർലെസ് ഉപകരണങ്ങൾ. ചില കേസുകളിൽ പാരമ്പര്യമായി കണ്ടുവരുന്ന ന്യൂറോ ഫൈബ്രോ മാറ്റോസിസ് തലച്ചോറിലെ മുഴകൾക്കുള്ള അപകടകാരണങ്ങൾ വർധിപ്പിക്കാം. ചിലപ്പോൾ തലച്ചോറിലെ ക്ഷയബാധ മുഴകൾ പോലെ കാണപ്പെടാം.

എത്രയും നേരേത്ത തലച്ചോറിലെ മുഴകൾ കണ്ടെത്തുകയെന്നത് ചികിത്സയുടെ വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പ്രഭാതത്തിൽ ഉണ്ടാകുന്ന തുടർച്ചയായ തലവേദന, ഛർദി, കാഴ്ചയ്ക്ക് മങ്ങൽ, കുറെനേരത്തേക്ക് ഓർമ നശിച്ചുപോകുക, വ്യക്തിത്വത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കോച്ചിപ്പിടിത്തം, സംസാരിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രയാസം നേരിടുക എന്നിവയെല്ലാം തലച്ചോറിലെ മുഴകളെക്കുറിച്ച് ഡോക്ടർക്ക് സൂചനകൾ നല്കുന്നതാണ്. കാഴ്ചയ്ക്ക് മങ്ങൽ, കൈകൾക്കും കാലുകൾക്കും തളർച്ച എന്നിവയും തുടക്കത്തിലേയുള്ള ലക്ഷണങ്ങളായിരിക്കാം. ചിലപ്പോൾ സ്ട്രോക്കുണ്ടായതു പോലെയുള്ള ലക്ഷണങ്ങളും അപൂർവം ചിലരിൽ കണ്ടേക്കാം.

സി.ടി, എം.ആർ.ഐ. സ്കാനുകൾ ചികിത്സയ്ക്ക് പിന്തുണ നല്കുന്ന വിവരങ്ങൾ നല്കും. പ്രത്യേകതരം സ്കാൻ സീക്വൻസുകൾ ചില രോഗികളിൽ ആവശ്യമായി വന്നേക്കാം.
കഴിഞ്ഞ കുറേക്കാലങ്ങളായി ചികിത്സയുടെ ലക്ഷ്യം ജീവൻ രക്ഷിക്കുക എന്നതിൽനിന്നും ജീവിതത്തിന്റെ പ്രവർത്തനങ്ങളെ വീണ്ടെടുക്കുക എന്നതും ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതുമായി മാറി. ന്യൂറോ സർജറി, മെഡിക്കൽ ആൻഡ് റേഡിയേഷൻ ഓങ്കോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോളജി, ഫിസിയോ തെറാപ്പി, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധർ ഒരുമിച്ചു പ്രവർത്തിച്ചാണ് ചികിത്സ നടത്തുക.

ഭൂരിഭാഗം രോഗികളിലും ചികിത്സയുടെ ആദ്യപടി എന്നത് ശസ്ത്രക്രിയയാണ്. ഇത് മുഴകൾ നീക്കം ചെയ്യുന്നതിനുള്ള പ്രധാന ശസ്ത്രക്രിയ ആയിരിക്കും. മറ്റു ചില കേസുകളിൽ ബയോപ്സി മാത്രം മതിയാകും. ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളുടെയും മുന്നേറ്റം തലച്ചോറിലെ ഏതു ഭാഗത്തേയും മുഴകൾ നീക്കം ചെയ്യാൻ പര്യാപ്തമാണ്.
ഇമേജ് ഗൈഡഡ് സർജറി, ഇൻട്രാ ഓപ്പറേറ്റീവ് ഇലക്ട്രോ ഫിസിയോളജിക്കൽ മോണിറ്ററിങ് എന്നീ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ സുരക്ഷിതത്വവും സൂക്ഷ്മതയും മെച്ചപ്പെടുത്തി. വളരെ കുറച്ചു മാത്രം മുറിവുകളുണ്ടാക്കിയുള്ള ശസ്ത്രക്രിയകളുടെ വ്യാപ്തി വർധിച്ചുവരികയാണ്. അതിനാൽ, തലച്ചോറിന്റെ അടിയിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥികളിൽനിന്ന് ഉണ്ടാകുന്ന മുഴകൾ പോലും നീക്കം ചെയ്യാൻ സാധിക്കും. ട്യൂമർ, പ്രശ്നകാരിയാണെങ്കിൽ മറ്റു ചികിത്സാ രീതികളായ റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയും ആവശ്യമായി വരും.

രോഗികൾക്ക് തിരികെ ജീവിതത്തിലേക്കും ജോലികളിലേക്കും മടങ്ങുന്നതിന് ശാരീരികവും മാനസികവുമായ പുനരധിവാസം ആവശ്യമാണ്. മിക്കവാറും എല്ലാവർക്കും ദീർഘകാലത്തേക്ക് മേൽനോട്ടവും ഇടവേളകളിൽ ക്ലിനിക്കൽ പരിശോധനകളും സ്കാനിങ്ങും ആവശ്യമാണ്. കഴിഞ്ഞ കാലങ്ങളിൽ തലച്ചോറിലെ മുഴകൾ എന്നത് ശാരീരിക വൈകല്യങ്ങൾക്കോ ചിലപ്പോൾ മരണത്തിനോ കാരണമായിരുന്നു. എന്നാൽ, ഇവരിൽ പലർക്കും മികച്ച ഭാവിയും സാധാരണ ജീവിതം നയിക്കാനുള്ള സാധ്യതകളും വർധിപ്പിച്ചു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾ വരുംനാളുകളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പുനല്കുന്നു. ചിലരിൽ പൂർണമായ സുഖപ്രാപ്തി സാധ്യമാവില്ല എന്നിരുന്നാലും ദീർഘകാലത്തേക്ക് രോഗം നിയന്ത്രിച്ചു നിർത്താനാവുന്നത് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗുണമേന്മയുള്ള ജീവിതം ആസ്വദിക്കാമെന്നത് ഉറപ്പുവരുത്തുന്നു.

തുടക്കത്തിൽ പറഞ്ഞ പൈയുടെ തലച്ചോറിലെ മുഴകൾ ശസ്ത്രക്രിയയിലൂടെ ഏതാണ്ട് പൂർണമായും നീക്കം ചെയ്തു. ‘മെനിഞ്ചിയോമ’ എന്ന അപകടകാരിയല്ലാത്ത ട്യൂമറായിരുന്നു അത്. ഏതാനും നാളുകളിലെ ആശുപത്രിവാസത്തിനും ആരോഗ്യപ്രാപ്തിക്കും ശേഷം അദ്ദേഹം ജീവിതത്തിലേക്കും ജോലിയിലേക്കും പ്രവേശിച്ചിരിക്കുകയാണിപ്പോൾ.

You might also like

Leave A Reply

Your email address will not be published.