ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും, അവര്‍ക്ക് സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും യു എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയ്ക്കെതിരെ ഇന്ത്യക്ക് പിന്തുണ നല്‍കുന്ന നിലപാടായിരുന്നു ട്രംപ് ഗവണ്‍മെന്റ് സ്വീകരിച്ചിരുന്നത്.ഞാന്‍ ഇന്ത്യയിലെ ജനങ്ങളേയും ചൈനയിലെ ജനങ്ങളേയും സ്നേഹിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനം നിലനിര്‍ത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും താല്‍പര്യപ്പെടുന്നു – ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്‌ഇനാനി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രസ് സെക്രട്ടറി.
ഇന്ത്യ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിന്റെ അടുത്ത സുഹൃത്താണെന്നും വൈറ്റ് ഹൗസ് എക്കണോമിക്ക് അഡൈ്വസര്‍ ലാരി കുഡ്ലോ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇന്ത്യ നല്ല പങ്കാളികളാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നല്ല ബന്ധമാണുള്ളതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി (സ്റ്റേറ്റ് സെക്രട്ടറി) മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ നിന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളികളടക്കം വിവിധ വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി പോംപിയോ പറഞ്ഞിരുന്നു. യുഎസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ റോബര്‍ട്ട് ഓബ്രിയന്‍ പറഞ്ഞത്, ചൈന ഇന്ത്യയോട് അക്രമ സമീപനമാണ് കാണിക്കുന്നത് എന്നാണ്. മോദിയും ട്രംപുമായുള്ളത് സൂപ്പര്‍ബന്ധമാണെന്നും ഓബ്രിയന്‍ പറഞ്ഞിരുന്നു.