കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,902 പുതിയ രോഗികള്‍. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആകെ രോഗികളുടെ എണ്ണം 10,77,618 ആയി. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് വിലയിരുത്തല്‍. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 543 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ആകെ മരണസംഖ്യ 26,816 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്ബോഴും മരണസംഖ്യ ഉയരാത്തത് രാജ്യത്തിനു ആശ്വാസമാണ്. ഇതുവരെ ഇന്ത്യയില്‍ 1,37,91,869 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം മൂന്നരലക്ഷത്തിലേറെ സാംപിളുകള്‍ പരിശോധിച്ചു. നിലവില്‍ 3,73,379 രോഗികളാണ് കോവിഡ് ബാധിച്ച് രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത്. ഏഴ് ലക്ഷത്തോളം പേര്‍ രോഗമുക്തരായി.ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന് ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സെപ്‌റ്റംബര്‍ പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് പബ്ലിക് ഹെല്‍ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ.കെ.ശ്രിനാഥ് റെഡ്ഡി പറയുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. ജനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഗോളതലത്തിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരകോടിയിലേക്ക് എത്തി. കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറ് ലക്ഷത്തിലേറെ പേര്‍ക്കാണ്. ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 6,00,345 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 1,40,103 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബ്രസീലില്‍ 78,772 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. യുകെയില്‍ 45,358 പേരാണ് ഇതുവരെ മരിച്ചത്.