ജിദ്ദ: ബുധനാഴ്ച വൈകീട്ടാണ് ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് കിസ്വ ഫാക്ടറിയിലെ ജോലിക്കാര്‍ പഴയ കിസ്വ എടുത്തു മാറ്റി പുതിയ കിസ്വ പുതച്ചിച്ചത്. അതത് വര്‍ഷം അറഫാദിനത്തിലാണ് കഅ് ബയെ പുതിയ കിസ്വ പുതപ്പിക്കാറെങ്കില്‍ ഇത്തവണ ഒരു ദിവസം നേരത്തെയാണ് ചടങ്ങ് നടന്നത്.ദുല്‍ഹജ്ജ് ഒന്നിന് സല്‍മാന്‍ രാജാവിന് വേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് കഅ്ബയുടെ മുതിര്‍ന്ന പരിപാലകനായ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് കിസ്വ കൈമാറിയത്. ഇരുഹറം കാര്യാലയത്തിന് കീഴില്‍ മക്കയിലെ ഉമ്മു ജൂദിലുള്ള കിങ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ലക്സിലാണ് കിസ്വ നിര്‍മിച്ചത്. കറുത്ത ചായം പൂശിയ കിസ്വ ശുദ്ധമായ 670 കിലോ പട്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരം 14 മീറ്ററാണ്. മുകളില്‍ മൂന്നിലൊന്ന് ഭാഗം താഴെയായി നാലു ഭാഗവും ചുറ്റി 95 സെന്റി മീറ്റര്‍ വീതിയും 47 മീറ്റര്‍ നീളവുമുള്ള പട്ടയുണ്ട്. ചുറ്റും അഴകാര്‍ന്ന രീതിയില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ ആലേഖനം ചെയ്തു നെയ്തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്. ഒരോ ഭാഗവും മൂടുന്നത് നാല് വലിയ കഷണങ്ങളോട് കൂടിയാണ്. അഞ്ചാമതൊരു കഷണമുണ്ട്. അത് കഅ്ബയുടെ വാതില്‍ വിരിയാണ്.ഏകദേശം ഒരു വര്‍ഷമെടുത്ത് ഘട്ടങ്ങളായാണ് കിസ്വ നിര്‍മിക്കുന്നത്. 200ലധികം പേരാണ് ഇതിനുവേണ്ടിയുള്ള ജോലി നടത്തുന്നത്. നെയ്ത്ത് രംഗത്തെ നൂതന ഉപകരണങ്ങളാണ് കിസ്വ ഫാക്ടറിയിലുള്ളത്. 16 മീറ്റര്‍ നീളം വരുന്നതാണ് എംബ്രായിഡറി മെഷീന്‍. ലോകത്തെ ഏറ്റവും വലിയ എബ്രോയിഡറി മെഷീനുകളിലൊന്നാണിത്.