ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നാണ് 14 കാലുകളുള്ള ഒരു ഭീമന്‍ പാറ്റയെ കണ്ടെത്തിയത്. സിംഗപ്പൂരിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. കണ്ടാല്‍ ഹോളിവുഡ് സിനിമകളില്‍ കാണുന്ന അന്യഗ്രഹ ജീവികളെപോലിരിക്കും. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ മറൈന്‍ സര്‍വേയ്ക്കിടയിലാണ് ഭീമന്‍ കടല്‍പാറ്റയെ കണ്ടെത്തിയത്. 14 ദിവസത്തെ ഗവേഷണത്തിനിടയില്‍ 12,000 ഓളം അപൂര്‍വയിനം കടല്‍ ജീവികളെയാണ് സംഘം കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരമൊരു ജീവിയെ കടലില്‍ നിന്നും കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ ജീവിക്ക് ബാത്തിനോമസ് റക്സസ (Bathynomus raksasa) എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.പാറ്റയുടെ വര്‍ഗത്തില്‍ പെട്ട ജീവിയാണെങ്കിലും പാറ്റയെ പോലെ നിസാരക്കാരനല്ല പുതിയ ആള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 ഇഞ്ചെങ്കിലും വലിപ്പമുണ്ട് ശരീരത്തിന്. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ശ്ലേഷമോദരപ്രാണി (isopod) ആണിത്. ഗവേഷണത്തില്‍ വേറെയും അപൂര്‍വ ജീവികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 800 വ്യത്യസ്ത ജീവി വര്‍ഗങ്ങളെ കണ്ടെത്തിയതായി ഇവര്‍ അവകാശപ്പെടുന്നു. ഇതില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ശാസ്ത്രം കണ്ടെത്താത്ത പന്ത്രണ്ടോളം ജീവികളുമുണ്ട്.