ന്യൂയോര്‍ക്ക്:കോവിഡ്-19 നിര്‍ദേശങ്ങള്‍ പരിഷ്കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 32 രാജ്യങ്ങളില്‍നിന്നുളള 239 ശാസ്ത്രജ്ഞര്‍ ഡബ്ല്യുഎച്ച്‌ഒയ്ക്ക് ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയിട്ടുണ്ട്.കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ച് തെളിവുകളടക്കം അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുളളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡബ്ല്യുഎച്ച്‌ഒ ഇതില്‍ പ്രതികരിച്ചിട്ടില്ല.കൊറോണ ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്ബോഴോ തുമ്മുമ്ബോഴോ പുറത്തുവരുന്ന സ്രവകണികകളിലൂടെ മറ്റുളളവരിലേക്ക് രോഗം പകരാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കോവിഡ്-19 ബാധിച്ച ഒരാള്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തുവരുന്ന സ്രവകണങ്ങളിലുളള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുളളവര്‍ ശ്വസിക്കുമ്ബോള്‍ അവരെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.എന്നാല്‍, വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ചുളള തെളിവുകള്‍ ബോധ്യപ്പെടുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു മാസമായി വായുവിലൂടെ കൊറോണ വൈറസ് പകരുമോ എന്നതിനെക്കുറിച്ചുളള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്‌ഒയിലെ ഡോ. ബെനെഡെറ്റ അല്ലെഗ്രാന്‍സി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.