പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ നിബന്ധനകളോടെ അനുമതി

0

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ആഗസ്ത് ഒന്നു മുതല്‍ ഖത്തറിലേക്ക് മടങ്ങി വരാമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത.കൊറോണ നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ആഗസ്ത് ഒന്നുമുതല്‍ ഖത്തറിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കുന്നത്. ക്വാറന്റൈന്‍ വ്യവസ്ഥകളിലും കാര്യമായ ഇളവുകളുണ്ട്. ഖത്തറിലേയും ലോകാടിസ്ഥാനത്തിലേയും ആരോഗ്യ സ്ഥിതിഗതികള്‍ വിശകലനം ചെയ്താണ് ഇളവുകളോടെ തിരിച്ചുവരവിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിറിസ്‌ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ദോഹ എയര്‍പോര്‍ട്ടില്‍ കൊറോണ വൈറസ് ടെസ്റ്റിന് വിധേയമാകണം. ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം എഴുതി ഒപ്പിട്ട് നല്‍കണം. ഇതിനായി പ്രത്യേക ഫോം തയ്യാറാക്കിയിട്ടുണ്ട്. ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് ക്വാറന്റൈന്‍ എന്ന അര്‍ഥത്തില്‍ മഞ്ഞയായിരിക്കും. എന്നാല്‍ കൊവിഡ് 19 പരിശോധനക്കുള്ള അംഗീകൃത സെന്ററുകളുള്ള റിസ്‌ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ യാത്രയുടെ 48 മണിക്കൂര്‍ വൈകാതെ കൊവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഹമദ് വിമാനതാവളത്തിലെ കൊവിഡ് പരിശോധനയില്‍ നിന്നും ഒഴിവാക്കും.ഒരാഴ്ച കഴിഞ്ഞ് മന്ത്രാലയത്തിന്റെ നിര്‍ണിത കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. ഇതോടെ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയാകും. ഫലം പോസിറ്റീവാണെങ്കില്‍ ഗവണ്‍മെന്റ് ഐസൊലേഷനിലേക്ക് മാറ്റും.റിസ്‌ക് കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ അംഗീകൃത കൊവിഡ് 19 പരിശോധന കേന്ദ്രത്തില്‍ നിന്നും പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. ഖത്തറിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഹോം കോറന്റൈന്‍ പൂര്‍ത്തിയാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തില്‍ പരിശോധനക്ക് ഹാജരാകണം.കൊവിഡ് 19 പരിശോധനക്കുള്ള അംഗീകൃത കേന്ദ്രങ്ങളില്ലാത്ത റിസ്‌ക് കൂടിയ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വന്തം ചിലവില്‍ ഒരാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് മുഖേന താമസം ബുക്ക് ചെയ്താണ് വരേണ്ടത്. ഒരാഴ്ച കഴിഞ്ഞ് മന്ത്രാലയത്തിന്റെ നിര്‍ണിത കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ നിന്നും പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഈ സമയത്തൊക്കെ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് മഞ്ഞയാകും . വീട്ടിലെ ഒരാഴ്ചത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കുന്നതോടെ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയാകും. പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ ഗവണ്‍മെന്റ് ഐസൊലേഷനിലേക്ക് മാറ്റും.റിസ്‌ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രഖ്യാപിക്കുകയും ചെയ്യും. ഓരോ രണ്ടാഴ്ച കൂടുമ്ബോഴും സ്ഥിതിഗതികള്‍ വിലയയിരുത്തി പട്ടിക പരിഷ്‌ക്കരിക്കും.ഖത്തരീ പൗരന്മാര്‍, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവര്‍ക്കും സ്ഥിരം താമസ രേഖയുള്ളവര്‍ക്കും യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ സ്റ്റാറ്റസും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഖത്തറില്‍ നിന്ന് പോകാനും ഖത്തറിലേക്ക് വരുവാനും അനുവാദമുണ്ട്.ഖത്തര്‍ ഗവണ്‍മെന്റ് ചെലവില്‍ വിദേശത്ത് ചികില്‍സയിലുളളവര്‍, അവരെ അനുഗമിക്കുന്നവര്‍, ജോലിക്ക് നിശ്ചയിക്കപ്പെടുന്ന ജീവനക്കാര്‍ എന്നിവരെ ഹോട്ടല്‍ ചിലവുകളില്‍ നിന്നും ഒഴിവാക്കും. അവരുടെ ചിലവുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഹിക്കും.ഗാര്‍ഹിക തൊഴിലാളികള്‍, ബ്ലൂ കോളര്‍ ജോലിക്കാര്‍ എന്നിവരുടെ ക്വാറന്ററൈന്‍ ചിലവുകള്‍ തൊഴിലുടമയാണ് വഹിക്കുക.തൊഴില്‍പരവും മാനുഷികവുമായ മുന്‍ഗണനാക്രമങ്ങള്‍ പാലിച്ചാണ് മടങ്ങിവരുവാന്‍ അനുമതി നല്‍കുക. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മടങ്ങിവരുന്നതിനുള്ള പെര്‍മിറ്റ് നേടിയ ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.റിട്ടേണ്‍ പെര്‍മിറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 സൈറ്റ് സന്ദര്‍ശിക്കുകയോ 109 എന്ന ഹോട്ട് ലൈനില്‍ ഗവണ്‍മെന്റ് കോണ്‍ടാക്‌ട് സെന്ററുമായി ബന്ധപ്പെടുകയോ വേണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു.മാള്‍ട്ട, ഫിന്‍‌ലാന്‍‌ഡ്, ഹംഗറി, എസ്റ്റോണിയ, നോര്‍‌വെ, ലിത്വാനിയ, ലാത്വിയ, സൈപ്രസ്, അയര്‍‌ലന്‍ഡ്, ഗ്രീസ്, ഇറ്റലി, സ്ലൊവാക്യ, ഡെന്‍‌മാര്‍ക്ക്, നെതര്‍‌ലാന്‍‌ഡ്, ജര്‍മ്മനി, പോളണ്ട്, ഫ്രാന്‍സ്, സ്ലൊവേനിയ, ബെല്‍ജിയം, യുണൈറ്റഡ് കിംഗ്ഡം, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് , ഐസ്‌ലാന്റ്, സ്‌പെയിന്‍, ക്രൊയേഷ്യ, അന്‍ഡോറ, ബ്രൂണൈ ദാറുസ്സലാം, വിയറ്റ്നാം, ചൈന, തായ്ലന്‍ഡ്, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, തുര്‍ക്കി തുടങ്ങിയവയാണ് റിസ്ക് കുറഞ്ഞ രാജ്യങ്ങള്‍.റിസ്‌ക് കുറഞ്ഞതും റിസ്‌ക് കൂടിയതുമായ ഏത് രാജ്യത്തുനിന്നുവരുന്നവരായാലും താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 55 വയസ്സിന് മീതെ പ്രായമുള്ളവര്‍, അവയവം മാറ്റിവെക്കല്‍ ചികില്‍സക്ക് വിധേയമായവര്‍, ഇമ്മ്യൂണോ സപ്രസീസ് തെറാപ്പി സ്വീകരിക്കുന്നവര്‍, ഹൃദ്രോഗം, ആസ്തമ, കാന്‍സര്‍ , കിഡ്‌നി, കരള്‍, പ്രമേഹം, അപസ്മാരം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മുതലായ രോഗമുള്ളവര്‍, മാനസികരോഗികള്‍, ഗര്‍ഭിണികള്‍, 7- 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, വികലാംഗകരായ കുട്ടികളും അവരുടെ അമ്മമാരും.

You might also like

Leave A Reply

Your email address will not be published.