പ്രേതങ്ങളെ, കടക്ക് പുറത്ത്.. ഈ മരമുകളിലെ വീട്ടില്‍ സ്ഥാനമില്ല

0

ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വച്ച്‌ താമസിക്കുന്ന ഒരു ജനതയുണ്ട് ഇന്തോനേഷ്യന്‍ വാനന്തരങ്ങളില്‍. 1970 വരെ പുറം ലോകത്തിന് അറിയാതെ കാടുകളില്‍ അദൃശ്യരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കൊറൊവായ് എന്ന ഈ ജനവിഭാഗത്തിന്റെ ജീവിതം പുറം ലോകത്തിന് എന്നും വിചിത്രമായാണ് തോന്നുന്നത്. നമ്മുടെ സിവില്‍ എന്‍ജിനീയറിംഗ് വിദഗ്ധരെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലാണ് ഇവരുടെ വീടുകള്‍. എറിക്ക് ബാസെക എന്ന ഫോട്ടോഗ്രാഫര്‍ 2000ല്‍ ഇവരെ സന്ദര്‍ശിച്ചതോടെയാണ് പുറംലോകത്തിന് ഇവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയത്.
ആറുമുതല്‍ 12 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ കൊറൊവായ് വീടുകള്‍ നിര്‍മിക്കുന്നത്. ചിലതിന് തറ നിരപ്പില്‍ നിന്നും 35 മീറ്റര്‍ വരെ ഉയരമുണ്ടാകും. നല്ല ഉറപ്പുള്ള ഒരു മരത്തിനു മുകളിലാണ് സാധാരണ വീടുകള്‍ നിര്‍മ്മിക്കുന്നത്. പക്ഷേ വീടിന്റെ അടിത്തറയ്ക്ക് താങ്ങായി നിരവധി മരങ്ങളുണ്ടാകും. ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി മരത്തിന്റെ ഉയരങ്ങളുമുണ്ടാകും.ബനിയന്‍ മരമാണ് കൂടുതലായും ഉപയോഗിക്കുന്നത്. മരത്തിന്റെ മുകള്‍ ഭാഗം മുറിച്ച്‌ നീക്കുന്നു. ഇതിന് മുകളില്‍ ശിഖരം ഉപയോഗിച്ച്‌ തറ നിര്‍മിക്കും, അതിനുശേഷം സാഗോ പന ഉപയോഗിച്ച്‌ തറ ഭാഗത്തിന്റെ മുകള്‍ ഭാഗം മോടിപിടിപ്പിക്കുന്നു.ചുമരും,മേല്‍ക്കൂരയും ഇതേ പനയുടെ ഇല ഉപയോഗിച്ച്‌ മറയ്ക്കുന്നു. മരം ഉപയോഗിച്ച്‌ തന്നെ നിര്‍മിക്കുന്ന ശക്തമായ കോവണിയിലാണ് ഇവര്‍ മരമുകളിലെ വീട്ടിലേയ്ക്ക് കയറുന്നത്.കൊതുകുകളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ മാത്രമല്ല ഈ വീടുകള്‍. പ്രേത, പിശാചുക്കളില്‍ നിന്നും, പുറംലോകത്തിന്റെ കണ്ണില്‍പെടാതിരിക്കാനും ഈ വീടുകള്‍ കൊറൊവക്കാരെ സഹായിക്കുന്നു എന്നാണ് വിശ്വാസം. മരങ്ങളോടിണങ്ങിയുള്ള ജീവിതം ഈ ജന വിഭാഗത്തിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ എത്ര ഉയരത്തിലുള്ള മരവും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അനായാസേന കയറിപ്പോകും.കൊറവായ് വിഭാഗക്കാര്‍ നരഭോജികളാണെന്നാണ് നിഗമനം. ഇവരുടെ അജ്ഞാതവാസത്തിനു കാരണം ഇതുതന്നെയാണെന്നും കരുതപ്പെടുന്നു. എങ്കിലും വനവിഭവങ്ങള്‍ അടക്കമുള്ളവയും ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. കൂട്ടമായാണ് ഇവര്‍ വീട് വയ്ക്കുന്നതും അതില്‍ താമസിയ്ക്കുന്നതും. വീടിന്റെ ഒരു ഭാഗം പുരുഷന്‍മാര്‍ക്കും മറ്റൊരു ഭാഗംസ്തീകള്‍ക്കുമായാണ് ക്രമീകരിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.