ലഖ്‌നോ | സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മൂന്ന് ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇന്ന് രാവിലെ പത്ത് മുതല്‍ ആരംഭിക്കും. അവശ്യ സര്‍വീസുകള്‍ മാത്രമാണ് തിങ്കളാഴ്ച പുലര്‍ച്ചെ വരെ സംസ്ഥാനത്ത് അനുവദിക്കുക. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും അടഞ്ഞ് കിടക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. മാളുകളും റസ്റ്റോറന്റുകളും അട്ക്കും. ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് വീടുകളിലെത്താന്‍ പ്രത്യേക ബസുകള്‍ തയാറാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.ഗ്രാമീണ മേഖലകളിലെ ഫാക്ടറികള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഹൈവേകള്‍, എക്‌സ്പ്രസ് ഹൈവേകള്‍ എന്നിവയുടെ ജോലികളും നടക്കും.മെയ് മാസത്തില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് യു പി സര്‍ക്കാര്‍ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ പ്രവേശിക്കുന്നത്. നേരത്തെ ചില പോക്കറ്റുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഗാസിയാബാദിലും നോയിഡയിലും ഡല്‍ഹിയുമായുള്ള അതിര്‍ത്തികള്‍ അടച്ചിരുന്നു.