സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ജില്ലയില്‍ മത്സ്യബന്ധനം താല്‍ക്കാലികമായി നിരോധിച്ചു
ട്രോളിംഗ് നിരോധനവും ലോക്ഡൗണ്‍ ഇളവുകളും വന്നതോടെ പൂന്തുറ അടക്കമുള്ള തീരദേശമേഖലകളില്‍ നിന്ന് നിരവധി പേരാണ് തമിഴ്‌നാടിന്റെ ഭാഗമായുള്ള കന്യാകുമാരി, തൂത്തുക്കുടി, കുളച്ചല്‍ തുടങ്ങിയ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്. ട്രോളിംഗ് നിരോധനത്തിന് മുമ്ബ് ഫിഷറീസ് വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കുകയും തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യം വാങ്ങാന്‍ പോയിരുന്ന വ്യാപാരികളെ നിയന്ത്രിക്കുകയും വാഹനങ്ങള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രയും വഷളാകുമായിരുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പോലൊരു മഹാമാരി സംസ്ഥാനം ആദ്യമായാണ് നേരിടുന്നത് അതിനാല്‍ സംഭവിച്ച ജാഗ്രതക്കുറവാണിതെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ട്രോളിംഗ് നിരോധനത്തോടെ പരമ്ബരാഗത മതസ്യത്തൊഴിലാളികള്‍ ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലുമാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനമെങ്കിലും അത് തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരദേശമേഖലയില്‍ റേഷന്‍ ഉള്‍പ്പെടെ സൗജന്യമായി എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രദേശത്തെ മത-സാമുദായിക നേതാക്കളുമായി മന്ത്രിയും മറ്റ് ജനപ്രതിനിധികളും ആശയവിനിമയം നടത്തിയിരുന്നു.ലോക്ഡൗണ്‍ ലംഘിച്ച് പലതവണ പൂന്തുറ, വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളില്‍ നിന്ന് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. അന്ന് കളക്ടര്‍ ഉള്‍പ്പെടെ ചെന്ന് സംസാരിച്ചെങ്കിലും ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത തൊഴിലാളികള്‍ വീണ്ടും അത് തുടര്‍ന്നിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന മത്സ്യം നഗരത്തിലെ പ്രധാന മീന്‍ മാര്‍ക്കറ്റായ കുമരിചന്തയില്‍ വില്‍ക്കുകയും അതിനടുത്തുള്ള ഗോഗൗണില്‍ വെച്ച് ലേലം നടത്തുകയും ചെയ്തിരുന്നു. അവിടെ നിന്ന് മത്സ്യം വാങ്ങി വിറ്റിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗോഡൗണ്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചാണ് ഗോഡൗണ്‍ പൂട്ടിച്ചത്. നഗരത്തിലെ പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മീന്‍ എത്തിച്ച് കൊടുക്കുന്നത് ഈ വ്യാപാരിയാണെന്നും അതുകൊണ്ടാണ് പൊലീസ് നടപടി എടുക്കാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.പൂന്തുറ മേഖലയില്‍ ആരോഗ്യസുരക്ഷ പാലിക്കുന്നതിന് പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. നഗരസഭ, ജില്ലാഭരണകൂടം എന്നിവയുടെ സഹായവും ഇതിനുണ്ട്. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിങ്ങി പാര്‍ക്കുകയും വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പ്രദേശമാണ് പൂന്തുറ. അതിനാല്‍ ആശങ്ക ഇരട്ടിയാണ്. പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും പൊതുയിടങ്ങളും ഇന്ന് അണുവിമുക്തമാക്കും.