അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ച്‌ ക്വാറന്റൈനിലാക്കി നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന ബിഹാര്‍ പൊലീസും മുംബൈ പൊലീസും തമ്മില്‍ വടംവലി

0

മുംബൈ: അന്വേഷണത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ മുംബൈ പൊലീസ് നിര്‍ബന്ധിച്ച്‌ ക്വാറന്റൈനിലാക്കിയതായി ബിഹാര്‍ പൊലീസ് ആരോപിച്ചു. ഇത് ഉചിതമായ നടപടിയല്ലെന്ന് വിമര്‍ശിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും വ്യക്തമാക്കി.കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച്‌ ബിഹാര്‍ ഡിജിപി ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സുശാന്ത് സിങ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ മുംബൈ കോര്‍പ്പറേഷന്‍ നിര്‍ബന്ധിച്ച്‌ ക്വാറന്റൈനിലാക്കി എന്നതാണ് ട്വീറ്റിലെ ഉളളടക്കം. ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് തീവാരിയെയാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നിരീക്ഷണത്തിലാക്കിയത്. രാത്രി ഐപിഎസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ ക്വാറന്റൈന്‍ സ്റ്റാപ്പ് പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ബിഹാര്‍ ഡിജിപി പുറത്തുവിട്ടതോടെ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ഐപിഎസ് മെസില്‍ അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയില്ല. താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്ന്് അപേക്ഷിച്ചിട്ടും വേണ്ട നടപടികള്‍ മുംബൈ പൊലീസ് സ്വീകരിച്ചിട്ടില്ല. ഗോരേഗാവിലെ ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥന്‍ താമസിച്ചതെന്നും ബിഹാര്‍ ഡിജിപി പറയുന്നു. എന്നാല്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്കുളള കോവിഡ് മാനദണ്ഡം അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.വിനയ് തീവാരിക്ക് നേരെയുളള നടപടി ശരിയായില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിമര്‍ശിച്ചു. ഇതില്‍ രാഷ്ട്രീയം കാണുന്നില്ല. ബിഹാര്‍ പൊലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിന്
എല്ലാവിധ സഹകരണവും അറിയിച്ചിട്ടുളളതായി മുംബൈ പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ബിഹാര്‍ പൊലീസ് പ്രോട്ടോകോള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല. മറ്റൊരു അധികാരപരിധിയില്‍ അന്വേഷണം നടത്തുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ബിഹാര്‍ പൊലീസ് വീഴ്ച വരുത്തിയതായും മുംബൈ പൊലീസ് കുറ്റപ്പെടുത്തി.

You might also like

Leave A Reply

Your email address will not be published.