ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍െറ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരു വര്‍ഷം തികയുന്നതിന്‍െറ ഭാഗമായി രണ്ടുദിവസത്തേക്ക് കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശ്രീനഗര്‍ ജില്ല മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വിഘടന വാദികളും പാകിസ്താന് സ്പോണ്സര് ചെയ്യുന്ന സംഘടനകളും ആഗസ്റ്റ് അഞ്ചിന് കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് മജിസ്േട്രറ്റ് അറിയിച്ചു.കശ്മീര്‍ താഴ്വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കോവിഡ് 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും. ‘പ്രതിഷേധം തള്ളിക്കളയുന്നില്ല, പൊതുജനത്തിനും സ്വത്തിനും നാശം വരുത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചു’ -മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയത്. ശേഷം സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സംസ്ഥാനമെമ്ബാടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കം നൂറോളം രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. മെഹബൂബ മുഫ്തി ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. മാര്‍ച്ച് 11ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചിരുന്നു.