അടുത്ത ഐഫോണിനായി എല്ലാവരും കാത്തിരിപ്പിലാണ്. അഭ്യൂഹങ്ങള്‍ പലതുണ്ട്. എല്ലാ വര്‍ഷവും പതിവായി സെപ്റ്റംബറില്‍ എത്താറുള്ള പുതിയ ഐഫോണ്‍ ഇത്തവണ കോവിഡ് കാരണം വൈകിയേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. വൈകില്ല, പതിവു പോലെ എത്തുമെന്നും ടെക് സൈറ്റുകള്‍ പറയുന്നു.എന്തായാലും കാത്തിരിക്കണം. മറ്റൊരു അമ്ബരപ്പിക്കല്‍കൂടി ഐഫോണ്‍ 12നൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. ഐഫോണ്‍ പെട്ടിയില്‍ ഇത്തവണ വാള്‍ ചാര്‍ജര്‍ ഉണ്ടാവില്ലത്രേ. ഇയര്‍ പോഡുകള്‍ ഉണ്ടാവില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2007 മുതല്‍ എല്ലാ ഐഫോണിനൊപ്പവും ചാര്‍ജര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വയര്‍ലസ് ഇയര്‍ ഫോണായ എയര്‍പോഡുകളെയാണ് ആപ്പിള്‍ പ്രോത്സാഹിപ്പിക്കുന്നത്. നല്ലതിനായാലും അല്ലെങ്കിലും ചാര്‍ജര്‍ ഒഴിവാക്കല്‍ നീക്കവും എല്ലാവരും അനുകരിക്കുമെന്നുറപ്പാണ്.2021 മുതല്‍ സാംസങ് ചില ഫോണുകളുടെ ചാര്‍ജറുകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഏതൊക്കെ ഫോണുകളിലാണ് ഒഴിവാക്കലെന്ന് വ്യക്തമല്ല. ഇപ്പോള്‍തന്നെ ചൈനീസ് ഫോണുകളെല്ലാം രൂപത്തിലും ഭാവത്തിലും ഐഫോണിെന്റ അടിമുടി കോപ്പിയടിയാണ്.
2016ല്‍ ഐഫോണ്‍ 7ല്‍ ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയപ്പോഴും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാലക്രമേണ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മാതാക്കളും ഇതിനെ പിന്‍പറ്റി. ഐഫോണ്‍ 11ല്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ടായിരുന്നെങ്കിലും ഒപ്പം കൊടുത്തത് അഞ്ച് വാട്ട് സാദാ ചാര്‍ജറായിരുന്നു. അതിവേഗ ചാര്‍ജര്‍ വാങ്ങാന്‍ പ്രത്യേകം പണം കൊടുക്കണമായിരുന്നു.നിലവില്‍ ഒപ്പോ ഒഴികെ മിക്ക ഫോണുകളും ഓണ്‍ലൈനില്‍നിന്ന് വാങ്ങിയാല്‍ ഹെഡ്സെറ്റ് കിട്ടില്ല. ഇനി എല്ലാവരും പഴയ ചാര്‍ജറുകള്‍ സൂക്ഷിക്കുകയോ പ്രത്യേകം വാങ്ങുകയോ വേണം. വയര്‍ലസ് ചാര്‍ജിങ് സൗകര്യമുള്ളതിന് അത്തരം ചാര്‍ജറുകള്‍ വാങ്ങിയാല്‍ മതി. പക്ഷെ, വില പതിനായിരത്തിലധികമാകും. എന്തായാലും ഉപഭോക്താക്കളുടെ െചലവ് കൂടും.പുതിയ നീക്കം ആപ്പിളിന് തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്. വില കൂടുതലും സൗകര്യക്കുറവും വില്‍പന കുറച്ചേക്കാം. ചെലവ് കുറക്കല്‍, പരിസ്ഥിതിയെ രക്ഷിക്കുക തുടങ്ങിയവയാണ് ചാര്‍ജര്‍ ഒഴിവാക്കാനുള്ള കാരണങ്ങളായി ആപ്പിള്‍ പറയുന്നത്. 5ജി മോഡം ഉള്‍പ്പെടുത്തുന്നതിനാല്‍ വില കൂടും. അത് ഇതിലൂടെ കുറക്കാം.പിന്നെ ചാര്‍ജറുകള്‍ പ്രകൃതിയില്‍ ഉപേക്ഷിക്കുന്നതുകൊണ്ടുള്ള ഇ-മാലിന്യ പ്രശ്നവും പരിഹരിക്കാം. ഇ-മാലിന്യത്തിെന്റ രണ്ട് ശതമാനവും ചാര്‍ജറുകളാണ്. പക്ഷെ, ചാര്‍ജറും ഇയര്‍പോഡും ഒഴിവാക്കുന്നത് ലാഭം കൂട്ടാനുള്ള സൂത്രപ്പണിയല്ലെന്ന് ഉപഭോക്താക്കളോട് കമ്ബനികള്‍ വിശദീകരിക്കേണ്ടിവരും. ഐഫോണ്‍ 12, 20 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുള്ളതായിരിക്കും.എന്നാല്‍, ഒപ്പം വെക്കാതെ 20 വാട്ട് അതിവേഗ ചാര്‍ജര്‍ പ്രത്യേകം പുറത്തിറക്കും. അതിന് വേറെ പണം നല്‍കണം. മുമ്ബ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയപ്പോള്‍ ലഭിച്ച ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും പുതിയൊരു വാങ്ങലിെന്റ ചെലവ് കുറക്കുന്നതിനുള്ള മാര്‍ഗമാണിതെന്നുമാണ് കൊറിയന്‍ കമ്ബനിയുടെ വാദം. ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്ന 20 ദശലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദമാണെന്നും സാംസങ് പറയുന്നു. ചാര്‍ജറുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ പാക്കേജിങ്ങിനും ഷിപ്പിങ്ങിനുമാണ് വലിയ ചെലവ്.