എഫ്എ കപ്പ് ഫുട്ബോള്‍ കിരീടം ആഴ്‌സണലിന്

ഫൈനലില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ ചെല്‍സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ കിരീടം സ്വന്തമാക്കിയത്.മത്സരത്തിന്റെ അഞ്ചാം മിനുറ്റില്‍ തന്നെ ക്രിസ്ത്യന്‍ പുലിസിച്ചിന്റെ ഗോളില്‍ മുന്നില്‍ലെത്തിയ ചെല്‍സിയെ ഓബമയാങ്ങിന്റെ ഇരട്ട ഗോളുകളിലൂടെയാണ് ആഴ്‌സനല്‍ മറികടന്നത്. 28ആം മിനുറ്റില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ആഴ്‌സണല്‍ നായകന്‍, 67ആം മിനുറ്റിലാണ് ഗണ്ണേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.73ആം മിനുറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും ലഭിച്ച് കോവസിച്ച് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയ ചെല്‍സി സമനില ഗോളിന് വേണ്ടി ആഞ്ഞ് ശ്രമിച്ചെങ്കിലും ആഴ്‌സണല്‍ പ്രതിരോധം ഭേദിച്ച് വലയില്‍ മുത്തമിടാന്‍ കഴിഞ്ഞില്ല.പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് സീസണ്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണലിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ എഫ് എ കപ്പ് വിജയം. ഇതോടെ, യൂറോപ്പ ലീഗിന് യോഗ്യത നേടാനും ആഴ്‌സണലിന് കഴിഞ്ഞു.