ഓണത്തെ വരവേല്‍ക്കാന്‍ ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞിയും

0

മൂന്നാറില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ മാറി പൂപ്പാറയ്ക്കടുത്ത് പശ്ചിമഘട്ട മലനിരകളില്‍പ്പെടുന്ന മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ അടുത്തായി ശാന്തന്‍പാറ പഞ്ചായത്തിലെ തോണ്ടിമലയിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. പൂപ്പാറയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലകയറുന്ന വഴികള്‍ ഏതൊരു സാഹസിക വാഹനപ്രേമിയെയും ത്രസിപ്പിക്കും.മലകയറി ചെന്നാല്‍ വഴിയുടെ ഇരുവശങ്ങളിലും മൂന്ന് ഏക്കറോളം നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നു. നീലക്കുറിഞ്ഞികള്‍ക്ക് ഇടയിലൂടെ കടന്നുവരുന്ന കാറ്റിനെ കാത്തുനില്‍ക്കുന്ന ആരും ‘നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീഷിച്ചു ഞാന്‍ നിന്നു’ എന്ന് മൂളാതിരിക്കില്ല. രാവിലെ മല കയറിയെത്തുന്ന മൂടല്‍മഞ്ഞും കുറിഞ്ഞിപ്പൂവിന് അലങ്കാരമാകും. 2018ല്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂവിട്ടപ്പോള്‍ പ്രളയംകാരണം ആ മനോഹര കാഴ്ച പലര്‍ക്കും നഷ്ടമായി. ഇത്തവണ തോണ്ടിമലയില്‍ പൂത്തപ്പോഴും കോവിഡ് കാരണം ഈ മനോഹരദൃശ്യം പലര്‍ക്കും നഷ്ടമാകും. അതുകൊണ്ടുതന്നെ ഓരോ കുറിഞ്ഞിച്ചെടിയും ഇങ്ങനെ പറയുന്നുണ്ടാകും ‘ഞാന്‍ എന്ത് ചെയ്യാനാ, എന്നോടൊന്നും തോന്നരുതേ മക്കളേ’ എന്ന്. മലയില്‍നിന്നാല്‍ ആനയിറങ്കല്‍ ജലാശയവും കാണാനാകും.

You might also like
Leave A Reply

Your email address will not be published.