കുവൈത്ത് വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വിവിധ രാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം പരമാവധി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പിന്‍വലിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യാനാണ് നീക്കം. കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര വിപണിയിലും നിക്ഷേപത്തിലും ചെലുത്തിയ സ്വാധീനം നിര്‍ണായക ഘടകമാണ്.ഭക്ഷ്യസുരക്ഷ, ആരോഗ്യ സേവനം തുടങ്ങിയ അത്യാവശ്യ മേഖലകളിലേക്ക് നിക്ഷേപം മാറ്റുന്നതാണ് പരിഗണനയില്‍.ലോകത്തിലെ 130 രാജ്യങ്ങളില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് നിക്ഷേപമുണ്ട്. 150 ഏജന്റുമാരും ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുമാണ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ലണ്ടനിലെയും അമേരിക്കയിലെയും ഏജന്‍സികളാണ് പ്രധാനമായും ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ മാര്‍ഗദര്‍ശികള്‍.എല്ലാ നിക്ഷേപങ്ങളും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തംനിലക്കും നിരീക്ഷണം നടത്തിവരുന്നുണ്ട്. സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോയുടെയും മേല്‍നോട്ടമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ വിവിധ രാജ്യങ്ങള്‍ സാമ്ബത്തിക, രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ താല്‍ക്കാലികമായി നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയാണ് ബുദ്ധിയെന്നാണ് അതോറിറ്റിക്ക് ലഭിച്ച വിദഗ്ധോപദേശം.കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപത്തില്‍നിന്ന് മികച്ച വരുമാനമുണ്ടാക്കാന്‍ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്.പെട്രോളിയത്തിന് നല്ലവില ലഭിച്ചിരുന്ന കാലത്തെ ബജറ്റ് മിച്ചവും ഭാവി തലമുറക്കായി മാറ്റിവെച്ച തുകയുമാണ് പ്രധാനമായും വിദേശത്ത് നിക്ഷേപിച്ചത്. വരുമാനത്തിെന്റ 10 ശതമാനം ഭാവിതലമുറക്കായുള്ള ഫണ്ടിലേക്ക് മാറ്റിവെക്കണമെന്നാണ് രാജ്യത്തെ നിയമം.സമീപ വര്‍ഷങ്ങളില്‍ കുവൈത്ത് ബജറ്റ് കമ്മിയിലാണ് ഒാടുന്നത്. ഇൗ വര്‍ഷം എണ്ണവില കൂപ്പുകുത്തിയത് കാരണം ബജറ്റ് കമ്മി വളരെ കൂടുതലായിരിക്കും. 1953ലാണ് കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ആരംഭിച്ചത്.