കോരിച്ചൊരിയുന്ന മഴയിലും യജമാനനെ കാത്ത്

0

മൂന്നാര്‍: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകളും ചിത്രങ്ങളും കണ്ണീര്‍ക്കാര്‍ച്ചകളുടെ നേര്‍ച്ചിത്രങ്ങളാകുകയാണ്. ഇത്തരത്തില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് കാഴ്ചക്കാരുടെ മനസലിയിച്ച ചിത്രമാണ് ഒരു നായയുടേത്. ഇത് പകര്‍ത്തിയ പോലീസുകാരന്‍ ഈ ദൃശ്യം പകര്‍ത്താനിടയായ അനുഭവം ജന്മഭൂമിയിലൂടെ പങ്കുവെയ്ക്കുകയാണ്.ഇടുക്കി ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് ശങ്കര്‍ലാല്‍ ആണ് മഴ നനഞ്ഞ് വിഷമത്തോടെ ഇരിക്കുന്ന നായയുടെ ചിത്രം പകര്‍ത്തിയത്. അതും ഞായറാഴ്ച ഉച്ചക്ക് 1.23ന്, പിന്നീട് രാത്രിയില്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ ഡ്യൂട്ടിയ്ക്കായി ഇവിടെ എത്തിയതായിരുന്നു അദ്ദേഹം.രക്ഷാ പ്രവര്‍ത്തകരും ജെസിബികളും പരിശോധന നടത്തുന്നതിനിടെ ഇവിടെ നിന്ന് അല്‍പ്പം മാറി കോരിച്ചൊരിയുന്ന മഴയത്ത്് യജമാനനെ കാത്തിരിക്കുന്ന ഒരു നായയാണ് ചിത്രത്തിലുള്ളത്. തനിക്ക് അല്‍പ്പം ഫോട്ടോ കമ്ബമുള്ളതിനാലാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന രഞ്ജിത്ത് പറയുന്നു. മനുഷ്യര്‍ പോലും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നായയെ വ്യത്യസ്തമായി തോന്നിയത്. മഴയത്ത് കുട ചൂടി എത്തിയാണ് മൊബൈലില്‍ ചിത്രമെടുത്തത്.താന്‍ ബിസ്‌ക്കറ്റ് കൊടുത്തിട്ട് നായ കഴിച്ചിരുന്നില്ല. ഇടക്ക് പരിശോധന നടക്കുന്ന സ്ഥലത്ത് എത്തും. മണത്ത് നോക്കും പിന്നീട് മാറി എവിടെയെങ്കിലും കുറേ നേരം ഇരിക്കും. നേരത്തെ പഞ്ചായത്ത് അംഗത്തോട് ചോദിച്ചപ്പോഴാണ് നായയുടെ ഉടമസ്ഥനും ദുരന്തത്തില്‍ മണ്ണിനടിയിലായി എന്നത് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രണ്ട് നായകളുണ്ടായിരുന്നു സ്ഥലത്ത് എപ്പോഴും. പിആര്‍ഡി വഴി ഇന്നലെ വിവിധ മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.എന്നും ദുരന്തഭൂമിയിലെത്തുന്ന കറുപ്പും വെളുപ്പും നിറമുള്ള രണ്ട് നായ്ക്കള്‍ ഉണ്ടെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണനും പറഞ്ഞു. ഇരുവരും എപ്പോഴും ഭയങ്കര അസ്വസ്ഥരായാണ് തോന്നിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ പറ്റിയതെന്ന് മനസിലാക്കാനാകാതെ ഇവ അലഞ്ഞ് തിരിയുകയാണ്. ഓരോ മൃതദേഹം എടുക്കുമ്ബോഴും അത് പോസ്റ്റുമോര്‍ട്ടത്തിനും സംസ്‌കാരത്തിനും കൊണ്ടുപോകുമ്ബോഴും നായകള്‍ പിന്നാലെ വരുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം നായയുടെ ഉടമസ്ഥരെ കണ്ടെത്തി സംസ്‌കരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.

You might also like

Leave A Reply

Your email address will not be published.