കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറന്നേക്കില്ല
തിങ്കളാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം.നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ സാഹചര്യം അനുകൂലമാകില്ലെന്ന് യോഗം വിലയിരുത്തി. ഈ വിദ്യാഭ്യാസ വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും ആലോചനയുണ്ട്.മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി ഏതാനും ക്ലാസുകള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്നും എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. മരണ സംഖ്യ 45,257 ആയി ഉയര്‍ന്നു.