ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം
എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍, മതിയായ വിശ്രമം നേടിയിട്ടും നിങ്ങളുടെ ക്ഷീണം മാറുന്നില്ലെങ്കിലോ? ദിവസം മുഴുവന്‍ അലസത നിറഞ്ഞ് ഊര്‍ജ്ജമില്ലാതെ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാലോ? നിങ്ങള്‍ നന്നായി ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അടിസ്ഥാനപരമായി, പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്‌നമാണ് ക്ഷീണം. നിരന്തരമായ ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളുമാകാം. എന്നാല്‍, മിക്ക കേസുകളിലും വിട്ടുമാറാത്ത ക്ഷീണം ഒരു വ്യക്തിയുടെ ഒന്നോ അതിലധികമോ ആയ ശീലങ്ങളോ ദിനചര്യകളോ കാരണമായിരിക്കും. പ്രത്യേകിച്ച് വ്യായാമത്തിന്റെ അഭാവം. അതിനാല്‍, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ പ്രതിദിന ഊര്‍ജ്ജ നില മെച്ചപ്പെടുത്താന്‍ സഹായിക്കും.
ക്ഷീണത്തെ എങ്ങനെ നേരിടാം
കാന്‍സര്‍ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പല അസുഖങ്ങളും നിങ്ങളെ തളര്‍ത്തുമെങ്കിലും, കുറഞ്ഞ ഹീമോഗ്ലോബിന്‍, വിറ്റാമിന്‍ കുറവ്, ഹൈപ്പോതൈറോയിഡ്, ഉറക്കമില്ലായ്മ മുതലായ ആരോഗ്യസ്ഥിതികളും നിങ്ങളെ പതിവായി ക്ഷീണിതനായി മാറ്റിയേക്കാം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വിഷാദം, ഉത്കണ്ഠ എന്നിവ പോലുള്ളവയും നിങ്ങളെ തളര്‍ത്തുന്നവയാണ്. മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളാലും നിങ്ങള്‍ക്ക് പതിവായി ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലരായി തുടരാവുന്നതാണ്
പോഷകസമൃദ്ധമായ ഭക്ഷണം
വയറ് നിറയാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിച്ച് വയറ് നിറയ്ക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കുറഞ്ഞത് 3 വ്യത്യസ്ത തരം പഴങ്ങളെങ്കിലും ദിവസം ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താനും പഴങ്ങളും പച്ചക്കറികളും സഹായിക്കും.
ഇരുമ്ബ് അടങ്ങിയ ഭക്ഷണം
വിളര്‍ച്ച കാരണം നിങ്ങള്‍ക്ക് പതിവായി ക്ഷീണം അനുഭവപ്പെടാം. ശരീരത്തില്‍ ഇരുമ്ബിന്റെ കുറവാലാണ് ഇത് സംഭവിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറവായതിനാല്‍ നിങ്ങളുടെ ടിഷ്യൂകളിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ കൊണ്ടുപോകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രോഗവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മാംസം, ബീന്‍സ്, കടല, പയറ്, നട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ.
ലഘുഭക്ഷണങ്ങള്‍ കഴിക്കുക
മൂന്നുനേരം ഭക്ഷണം എന്ന ശൈലി മാറ്റി ഇടവിട്ട സമയങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക. ഊര്‍ജ്ജ നില ക്രമീകരിക്കാന്‍ ചെറിയ ഭാഗങ്ങളായി ദിവസം മുഴുവന്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് കൃത്യസമയത്തുള്ള വലിയ ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിനാലാണിത്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ക്കായി ഫാസ്റ്റ് ഫുഡുകളില്‍ അഭയം തേടാതിരിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക
നിങ്ങളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കാന്‍ ശരിയായി ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിര്‍ജ്ജലീകരണം നിങ്ങളെ പതിവായി ക്ഷീണിതനാക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരം ജലാംശത്തോടെ നിലനിര്‍ത്താന്‍ തേങ്ങാവെള്ളം, പഴങ്ങള്‍, നാരങ്ങ വെള്ളം, ബട്ടര്‍ മില്‍ക്ക് മുതലായവ കഴിക്കാന്‍ ശ്രമിക്കുക. എന്നിരുന്നാലും, പായ്ക്ക് ചെയ്ത പാനീയങ്ങള്‍ ഒഴിവാക്കണം.
നല്ല ഉറക്കം നേടുക
ദിവസം മുഴുവന്‍ ഊജ്ജ നില നിലനിര്‍ത്തണമെങ്കില്‍ ശരിയായ വിശ്രമം ആവശ്യമാണ്. മികച്ച ഉറക്കം അടുത്ത ദിവസത്തേക്കുള്ള നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ താക്കോലാണ്. ദിവസവും രാത്രിയില്‍ മതിയായ ഉറക്കം നേടാന്‍ ശ്രമിക്കുക.
പതിവായി വ്യായാമം ചെയ്യുക
പതിവ് വ്യായാമത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്. നിങ്ങളുടെ ഊര്‍ജ്ജ നിലയെ സ്വാഭാവികമായും വര്‍ദ്ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളെ പുറത്തിറക്കാന്‍ വ്യായാമം സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച ഉയറക്കവും നല്‍കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് പതിവായുള്ള ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസവും 30 മിനിറ്റ് നടക്കുക, ലഘുവ്യായാമങ്ങള്‍ പതിവാക്കുക, ഒഴുവുസമയങ്ങളില്‍ കായികപരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
സമ്മര്‍ദ്ദം കുറയ്ക്കുക
നിങ്ങള്‍ക്ക് ആവശ്യമായ മാനസികവും ശാരീരികവുമായ ഊര്‍ജ്ജത്തിനായി സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സ്‌ട്രെസ് ഹോര്‍മോണുകള്‍ നിങ്ങളുടെ ഉറക്കം, ശാരീരിക സംവിധാനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി നിങ്ങള്‍ക്ക് ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കാവുന്നതാണ്.
മദ്യം, പുകവലി വേണ്ട
മദ്യം നിങ്ങളുടെ ശരീരത്തിന്റെ സമനില തെറ്റിക്കുന്നു. ഇത് നിര്‍ജ്ജലീകരണം, ക്ഷീണം, ഉറക്കക്കുറവ് എന്നിവയ്ക്കും വഴിവയ്ക്കുന്നു. പുകവലി നിങ്ങളുടെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ശ്വസനം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതിലൂടെ ഊര്‍ജ്ജത്തെ കുറയ്ക്കുന്നു. അതിനാല്‍ ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ ഈ രണ്ടു ശീലങ്ങളും ഉപേക്ഷിക്കുക.