ദോഹ: തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ദുരിതമനുഭവിക്കുന്ന ലബനാന് ജനതയെ ഹൃദയത്തോട് ചേര്‍ത്ത് ഖത്തര്‍. ലബനാന് ദുരിതാശ്വാസ സഹായനിധിയിലേക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 50 ദശലക്ഷം റിയാല്‍ സംഭാവന നല്കി. ബൈറൂതിനെ നടുക്കിയ സ്ഫോടനത്തില്‍ ദുരിതമനുഭവിക്കുന്ന ലബനീസ് സഹോദരന്മാര്ക്ക് കൈത്താങ്ങായി ഖത്തര്‍ ടി.വിയുടെ ധനസമാഹരണത്തിലേക്കാണ് അമീര്‍ 50 ദശലക്ഷം റിയാല്‍ സംഭാവന ചെയ്തത്. ‘ഞങ്ങളുടെ ഹൃദയങ്ങളിലാണ് ലബനാന്’ എന്ന തലക്കെട്ടില്‍ നടത്തിയ ധനസമാഹരണ കാമ്ബയിനിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ ലഭിച്ചത് 65.2 ദശലക്ഷം റിയാലും.വെള്ളിയാഴ്ച രാത്രി ഒമ്ബതിനും 11നും ഇടയിലാണ് ഖത്തര്‍ ടി.വി ലബനാന് ജനതയുടെ ദുരിതമകറ്റുന്നതിന് തത്സമയ ധനസമാഹരണം നടത്തിയത്. ഉദാരമതികളുടെ ആധിക്യം കാരണം 15 മിനിറ്റ് അധികമെടുത്ത് 11.15നാണ് പരിപാടി അവസാനിപ്പിച്ചത്.രാജ്യത്തെ പ്രമുഖ വ്യക്തികള്‍, ബാങ്കുകള്‍, കമ്ബനികള്‍ എന്നിവരെല്ലാം കാമ്ബയിനിലേക്ക് സംഭാവന നല്കിയവരിലുള്പ്പെടുന്നു. 6,52,44,865 റിയാലാണ് ആകെ ലഭിച്ച തുക.അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 50 ദശലക്ഷം റിയാല്‍ നല്കിയപ്പോള് കമേഴ്സ്യല്‍ ബാങ്കും (സി.ബി.ക്യു) ഖത്തര്‍ ഇസ്ലാമിക് ബാങ്കും (ക്യു.ഐ.ബി) 10 ദശലക്ഷം വീതം നല്കി. ബര്‍വ ബാങ്ക് അഞ്ചുലക്ഷം റിയാലും അഹ്ലി ബാങ്ക് മൂന്നുലക്ഷം റിയാലുമാണ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്.ദി ഗ്രൂപ് നാലുലക്ഷം റിയാല്‍ സംഭാവന നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിരവധി കമ്ബനികള്‍ അവരുടെ ശേഷിയുടെ പരമാവധി തുക ഖത്തര്‍ ടി.വി കാമ്ബയിനിലേക്ക് സംഭാവന ചെയ്തു.വ്യക്തിതലത്തില്‍ ഹമദ് ബിന്‍ അഹ്മദ് ബിന്‍ അലി ആല്‍ഥാനി ഒരുലക്ഷം റിയാല്‍ നല്കി. ഉം സഅദ് എന്ന വനിതയും ഒരുലക്ഷം റിയാലാണ് സംഭാവന നല്‍കിയത്. അതേസമയം, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി മൂന്നുലക്ഷം റിയാല്‍ സംഭാവന നല്കി.രാജ്യത്തെ പണ്ഡിതന്മാര്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രാദേശിക ചാരിറ്റി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ധനസമാഹരണ പരിപാടിയില്‍ അതിഥികളായെത്തി. പ്രതിസന്ധി ഘട്ടത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിലപാടുകള്‍ അഭിമാനകരമാണെന്നും പ്രയാസങ്ങളിലും പ്രതിസന്ധികളിലുമകപ്പെടുന്ന രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഖത്തര്‍ രംഗത്തുവരുന്നത് ഇതാദ്യത്തെ സംഭവമല്ലെന്നും അലി അല്‍ ഖറദാഗി പറഞ്ഞു. ലബനാനിലെ സഹോദരങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തമാണിതെന്നും എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധനസമാഹരണത്തിലേക്ക് വന്‍ തുക നല്കിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് പരിപാടിക്കിടെ ലബനീസ് എംബസി ഷര്‍ഷെ ദഫേ ഫറാഹ് ബര്‍രി ഫോണിലൂടെ പ്രത്യേക നന്ദി അറിയിച്ചു. ലബനാന് തലസ്ഥാനമായ ബൈറൂതിനെ പിടിച്ചുലച്ച സ്ഫോടനത്തിെന്റ ഇരകളെ സഹായിക്കുന്നതിനായി റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് (ആര്.എ.സി.എ) ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെയും ഖത്തര്‍ ചാരിറ്റിയുടെയും സഹകരണത്തോടെയാണിത്. ആരോഗ്യം, ഷെല്‍ട്ടര്‍, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍, പുനര്‍നിര്‍മാണം തുടങ്ങി അടിസ്ഥാനാവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലബനാന് ജനതക്ക് എത്തിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ധനസമാഹരണം. കഴിഞ്ഞ ദിവസമാണ് ലബനാന് തലസ്ഥാനമായ ബൈറൂത് നഗരത്തെ വിറപ്പിച്ച സ്ഫോടനം നടന്നത്.ബൈറൂത് തുറമുഖത്ത് നടന്ന സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സ്ഫോടനം നടന്ന് തൊട്ടുടനെ തന്നെ ലബനാന് പിന്തുണയുമായി എത്തിയ രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു. ലബനാന് ജനതയെയും സര്‍ക്കാറിനെയും സഹായിക്കുന്നതിനായി രണ്ട് ഫീല്‍ഡ് ആശുപത്രി അടക്കമുള്ള അടിയന്തര മെഡിക്കല്‍ സഹായം ഖത്തര്‍ നേരത്തേ എത്തിച്ചിരുന്നു.