കൊവിഡും ലോക്ക് ഡൗണുമൊക്കെയായി ജീവിതം ദുരിതത്തിലായതോടെ പലരും കഴിക്കാനുള്ള ആഹാരം സ്വന്തമായി തന്നെ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിലേക്കായി പലരും കൃഷിയിലേക്ക് തിരിഞ്ഞു. എന്നാല്‍ കൃഷിയും ചെലവേറിയതായതിനാല്‍ നെയ്യാറ്റിന്‍കര താലൂക്ക് പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വെര്‍ട്ടിക്കല്‍ കൃഷി ചെയ്യാനൊരുങ്ങുകയാണ്. സ്ഥലം തീരെ കുറവുള്ള വീട്ടുകാര്‍ക്കും ഒന്നോ രണ്ടോ സെന്റില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയൊക്കെ വെര്‍ട്ടിക്കല്‍ ഫാമിംഗിലൂടെ ഉത്പാദിപ്പിക്കാനാകും.
വെര്‍ട്ടിക്കല്‍ ഫാമിംഗിലൂടെ കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവെടുക്കാന്‍ കഴിയുമെന്ന് മാത്രമല്ല ഇത് ഹൈടെക് കൃഷി രീതിയായതിനാല്‍ യുവതലമുറയ്ക്കും താത്പര്യമേറും.
വെര്‍ട്ടിക്കല്‍ ഫാമിംഗ്
ഈ രീതി ഉപയോഗിച്ചാല്‍ പച്ചക്കറിവിളകള്‍ക്ക് ആവശ്യാനുസരണം കാറ്റും വെളിച്ചവുമെല്ലാം ലഭിക്കും. കുത്തനെ അടുക്കുകളായി വിളകള്‍ വളര്‍ത്താവുന്ന സംവിധാനമാണ് വെര്‍ട്ടിക്കല്‍ ഫാമിംഗ്. സ്ഥലത്തിന്റെ ഘടന, പ്രകാശം, വളര്‍ത്താനുള്ള മാദ്ധ്യമം എന്നിവയെല്ലാം പരിഗണിച്ചാണ് കൃഷി.
കുത്തനെ നില്‍ക്കുന്ന ടവര്‍ പോലെയുള്ള വസ്തുക്കളിലും പ്രത്യേകിച്ച് രണ്ടായി കീറി മുറിച്ച പി.വി.സി പൈപ്പുകളിലും പച്ചക്കറികള്‍ വളര്‍ത്തുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ സ്ഥലം കൂടുതല്‍ ആവശ്യമില്ല.
കൃഷിക്ക് മണ്ണ് വേണ്ട
മണ്ണിന് പകരം ഹൈഡ്റോപോണിക്‌സ്, അക്വാപോണിക്‌സ് എന്നീ രീതികളാണ് വെര്‍ട്ടിക്കല്‍ ഫാമിംഗിന് സാധാരണ ഉപയോഗിക്കുന്നത്. മറ്റുള്ള കൃഷിരീതികളെ അപേക്ഷിച്ച് 95 ശതമാനത്തോളം വെള്ളത്തിന്റെ ആവശ്യം കുറയ്ക്കാന്‍ കഴിയും. മഴ കുറവുള്ള പ്രദേശങ്ങളിലും വളരെ എളുപ്പത്തില്‍ ലഭ്യമായ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാമെന്നതും പ്രത്യേകതയാണ്.
കൃഷി രീതി പലതുണ്ട്
വല ഉപയോഗിച്ച് പന്തല്‍പോലെ തട്ടുണ്ടാക്കി അതിലും പച്ചക്കറികള്‍ വളര്‍ത്താം. പാവലും പയറും പടവലവും വെള്ളരിയും കോവയ്ക്കയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാം. മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന പഴയ വലകളും മതി. 10 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള വലകള്‍ വാങ്ങിയും ഉപയോഗിക്കാം. നീളത്തിലും വെര്‍ട്ടിക്കലായും രണ്ടായി കീറി ഘടിപ്പിച്ച പി.വി.സി പൈപ്പില്‍ ചകിരിച്ചോറോ മറ്റോ ഉപയോഗിച്ച് അതില്‍ ചെടിനടാം. വള്ളികള്‍ വളര്‍ന്നു വരുമ്ബോള്‍ ഈ വലയിലേക്ക് കയറ്റിവിട്ടാല്‍ മതി. നിലത്ത് പടരുന്ന പച്ചക്കറികള്‍ക്ക് ഉയരത്തിലേക്ക് വളരാനുള്ള ഇടം നല്‍കുന്നതാണ് നല്ലത്. കൂടുതല്‍ ആരോഗ്യമുള്ള ചെടികള്‍ ലഭിക്കും. തുറസായ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ഈ രീതിയില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ് ചെയ്യാവുന്നതാണ്.
പോളിഹൗസ്പോളിഹൗസിലും വെര്‍ട്ടിക്കല്‍ ഫാമിംഗ് ചെയ്യാം. 1000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള പോളിഹൗസില്‍ നിന്ന്, തുറസായ സ്ഥലത്ത് 8000 സ്‌ക്വയര്‍ മീറ്റര്‍ കൃഷിഭൂമിയില്‍ വളര്‍ത്തുമ്ബോള്‍ കിട്ടുന്ന അതേ വിളവ് ലഭിക്കുന്നുവെന്നതാണ് ഈ കൃഷിരീതിയുടെ ഗുണമേന്മ. നിഴലിന്റെ പ്രശ്‌നവും പോളിഹൗസില്‍ ഉണ്ടാകുന്നില്ല. കുത്തനെയുള്ള പച്ചക്കറികളുടെ വേലിയില്‍ എല്ലാ ഭാഗത്തും ഓരോ രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്നു. വിളവെടുക്കാവുന്ന പച്ചക്കറികള്‍ ഓരോ വലിപ്പത്തിലും നീളത്തിലുമുള്ളവയായിരിക്കും.