ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ നയാഗ്രയില്‍ ത്രിവര്‍ണപതാക ഉയരുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന വിവരം ടൊറോന്റോയിലെ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് അറിയിച്ചത്.ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാകും നയാഗ്രയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുക. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറും സിറ്റിഹാളും ത്രിവര്‍ണമണിയും.ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകും. നയാഗ്രയില്‍ നാളെ വൈകിട്ടാണ് ദേശീയ പതാക ഉയര്‍ത്തുക. സി എന്‍ ടവറില്‍ ഞായറാഴ്ചയും.’ഈ സ്വാതന്ത്ര്യദിനത്തില്‍, നയാഗ്ര വെള്ളച്ചാട്ടം, സിഎന്‍ ടവര്‍ എന്നിവ ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ പ്രകാശിക്കുമെന്നത് അഭിമാനകരമാണ്.’ – ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പറഞ്ഞു.എല്ലാവര്‍ഷവും ടൊറന്റോ, ഇന്ത്യന്‍ സമൂഹത്തിന്റെ ഇന്ത്യാ ഡേ പരേഡിന് സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം, ഡൗണ്‍ടൗണ്‍ വേദിയില്‍ 85,000ത്തോളം ജനങ്ങളാണ് തടിച്ചുകൂടിയത്. എന്നാല്‍ ഇത്തവണ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് ധാരാളം ആളുകള്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് വെര്‍ച്വല്‍ പരിപാടിയായിരിക്കും ഇത്തവണ നടക്കുക. ഇത് തത്സമയം സംപ്രേഷണം ചെയ്യും.ഇന്ത്യാ ഡേ പരേഡില്‍ മുമ്ബ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ നിന്നുമുള്ള ഫ്ലോട്ടുകള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, ഈ വര്‍ഷം, വെര്‍ച്വല്‍ പരേഡിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സംസ്കാരവും പാചകരീതിയും ഉള്‍ക്കൊള്ളുന്ന 10 മിനിറ്റ് വീഡിയോകളാകും പ്രദര്‍ശിപ്പിക്കുക.