ദില്ലി: കൊവിഡ് വാക്‌സിന്‍ നയം വ്യക്തമാക്കി ഐസിഎംആര്‍. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ വില്‍പനയ്ക്കായി അനുമതി നല്‍കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. എന്നാല്‍ നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്ന് ഐസിഎംആര്‍ പറയുന്നു. 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ വാക്‌സിന്‍ ഇന്ത്യയില്‍ അനുവദിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു. ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡിസിജിഐ കഴിഞ്ഞ ആഴ്ചയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ ഓക്‌സ്‌ഫോഡുമായി ചേര്‍ന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീല്‍, യുകെ എന്നിവിടങ്ങളിലും വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് പുറമെ ഇപ്പോള്‍ യുകെയിലും പരീക്ഷണം പുനരാരംഭിച്ചിട്ടുണ്ട്.