അമേരിക്കന്‍ പൗരന്മാര്ക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി അഞ്ചുവര്ഷമായിരുന്നത് 10 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു
മനാമ:ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് 90 ദിവസം ബഹ്റൈനില്‍ നില്‍ക്കാനും ഇതുവഴി സാധിക്കും. അഞ്ചുവര്‍ഷ വിസക്ക് നല്‍കിയിരുന്ന അതേ ഫീസ് തന്നെയാണ് 10 വര്‍ഷ വിസക്കും ഈടാക്കുക. ഇത് സംബന്ധിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. യു.എന്‍ 75ാമത് പൊതുസഭയില്‍ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ലോകത്ത് സമാധാനത്തിന് ആഹ്വാനം നല്കുന്നതായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. വിവിധ രാജ്യങ്ങളിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും യു.എന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു രാജാവിെന്റ പ്രഭാഷണം. ലോക രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമിട്ട് സമാധാനത്തിെന്റ പാത പുല്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനും നീതിയുക്തവും സുതാര്യവുമായ തീരുമാനത്തിലൂടെ സമാധാനം സ്ഥാപിക്കാനും കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കിഴക്കന്‍ ജറൂസലം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രൂപവത്കരിക്കുകയെന്ന ബഹ്റൈെന്റ നേരത്തേയുള്ള നിലപാടില്‍നിന്നും പിന്നോട്ടുപോവുകയില്ലെന്നുമുള്ള അദ്ദേഹത്തിെന്റ വാക്കുകള്‍ കരുത്തുപകരുന്നതായിരുന്നുവെന്നും യോഗം വിലയിരുത്തി.കോവിഡ് പരീക്ഷണ വാക്സിന് സ്വീകരിക്കുന്നതിന് മുന്നോട്ടു വരുന്ന സന്നദ്ധ സേവകര്‍ക്ക് മന്ത്രിസഭ അഭിവാദ്യം അര്‍പ്പിച്ചു. പുതുതായി 1700 പേര്‍ക്ക് കൂടി പരീക്ഷണ പ്രതിരോധ വാക്സിന് നല്‍കാനാണ് തീരുമാനം. പ്രഖ്യാപനം വന്ന് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ നിരവധി പേര് ഇതിനായി മുന്നോട്ടുവന്നത് അദ്ഭുതകരമാണെന്നും വിലയിരുത്തി.മാനവിക, നയതന്ത്ര മേഖലകളില്‍ കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭ പ്രകീര്‍ത്തിച്ചു. അസര്‍ബൈജാനും അര്‍മീനിയക്കുമിടയില്‍ രൂപംകൊണ്ട സംഘര്‍ഷം ലഘൂകരിക്കുന്നതിന് കാബിനറ്റ് ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിസഭ യോഗം വിലയിരുത്തി. സാമ്ബത്തിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ ഗുണകരമാവുമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് രജിസ്ട്രേഷനുള്ള സ്വകാര്യ മേഖലയിലെ ബഹ്റൈനികളുടെ വേതനത്തിെന്റ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള തീരുമാനം ഇതില്‍ സുപ്രധാനമാണ്. ഒക്ടോബര്‍ മുതല്‍ മൂന്ന് മാസത്തേക്കാണ് ഇത് ലഭിക്കുക. ഇതിെന്റ ഗുണഫലം 4,000 സ്ഥാപനങ്ങളിലായി തൊഴിലെടുക്കുന്ന 23,000 ബഹ്റൈനികള്‍ക്ക് ലഭിക്കും.ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയ ഘടന പരിഷ്കരിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്കി. 2020 രണ്ടാം പാദത്തിലെ സാമ്ബത്തിക റിപ്പോര്ട്ടിന്മേല് വിശദ ചര്‍ച്ച നടന്നു. ആഭ്യന്തര ഉല്പാദനത്തില് വളര്‍ച്ച പിറകോട്ടാണെന്നാണ് റിപ്പോര്‍ട്ട്. എണ്ണയിതര മേഖലകളിലുള്ള വളര്‍ച്ചയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നും വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.