ഏമി കോണി ബാരറ്റിനെ ട്രംപ്‌ നാമനിര്‍ദേശം ചെയ്തു

0

ജഡ്ജ് ഏമി കോണി ബാരറ്റിനെ യുഎസ് സുപ്രീംകോടതിയിലേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. അന്തരിച്ച മുന്‍ സുപ്രീംകോടതി ജഡ്ജ് റുത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലേക്കാണ് ഏമിയെ നിര്‍ദേശിച്ചത്. ‘സെനറ്റ് നാമനിര്‍ദേശം അംഗീകരിച്ചാല്‍ തന്റെ കഴിവിനനുസരിച്ച്‌ ഏറ്റവും മികച്ചരീതിയില്‍ കൃത്യനിര്‍വഹണം നടത്തുമെന്ന്- ഏമി ബാരറ്റ് പ്രതികരിച്ചു.നിലവില്‍ സെവന്‍ത് സര്‍ക്യൂട്ട് ഓഫ് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ജഡ്ജിയായ ഏമിയെ തല്‍സ്ഥാനത്തേക്ക് ട്രംപ് തന്നെയാണ് 2017ല്‍ തെരഞ്ഞെടുത്തത്. സുപ്രീംകോടതിയിലേക്കുള്ള നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കണം. റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ നാമനിര്‍ദേശം അംഗീകരിക്കാന്‍ തടസ്സമില്ല. കടുത്ത യാഥാസ്ഥിക വാദിയായ ഏമി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായാല്‍, 9 അംഗ ജഡ്ജിമാരില്‍ യാഥാസ്ഥിതിക വാദികള്‍ക്ക് മേല്‍ക്കൈ ലഭിക്കും. ഇതുവരെ ഏമിയുള്‍പ്പെടെ മൂന്ന് ജഡ്ജുമാരെയാണ് ട്രംപ് നിര്‍ദേശിച്ചത്. നീല്‍ ഗോര്‍സച്ച്‌, ബ്രറ്റ് കാവനൗ എന്നിവരാണ് മറ്റുള്ളവര്‍. ഭര്‍ത്താവിനും ഏഴു മക്കള്‍ക്കുമൊപ്പം ഇന്ത്യാനയിലാണ് ഏമിയുടെ താമസം.വിമര്‍ശിച്ച്‌ ഡെമോക്രാറ്റുകള്‍
ഏമി ബാരറ്റിനെ നിര്‍ദേശിച്ചതിനെ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സുപ്രീംകോടതിയിലേക്ക് പുതിയ നിയമനം നടത്തുന്നത് സെനറ്റ് തടയണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസും നാമനിര്‍ദേശത്തെ എതിര്‍ത്തു.നിലവിലെ ഒഴിവ് ട്രംപ് ദുരുപയോഗം ചെയ്യുകയാണെന്നും പുതിയ സ്ഥാനാര്‍ഥിത്വത്തോടെ ജനങ്ങളുടെ ആരോഗ്യസംരക്ഷണവും സാമ്ബത്തികസുരക്ഷയും ഇല്ലാതാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.ഏമിയുടെ നാമനിര്‍ദേശത്തിനെതിരെ എല്‍ജിബിടിക്യൂ –- സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തെത്തി. കടുത്ത മതവിശ്വാസിയായ ഏമി ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ ലൈംഗികത എന്നിവയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും വിമര്‍ശന വിധേയമായിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.