കണ്ണൂരിലെ മലയോരങ്ങളില്‍ വീട്ടമ്മമാരുടെ പ്രണയവും ഒളിച്ചോട്ടവും ഇക്കാലത്ത് കൂടുകയാണ്. നവമാദ്ധ്യമങ്ങളില്‍ പരിചയപ്പെട്ടാണ് ഇവയില്‍ ഏറെയുമെന്ന് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു.കണ്ണും കയ്യും കാട്ടാതെ എവിടെ നിന്നും സന്ദേശങ്ങള്‍ കൈമാറാനുള്ള സൗകര്യമാണ് ഒളിച്ചോട്ടക്കാര്‍ ആസ്വദിക്കുന്നത്. അഞ്ചു മാസത്തിനിടെ ജില്ലയില്‍ നിന്നും മുപ്പതോളം പേര്‍ ഒളിച്ചോടി. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടവര്‍ മുതല്‍ അന്‍പതു കഴിഞ്ഞ വൃദ്ധര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കുട്ടികളെ ഉപേക്ഷിച്ചു പോകുന്നവരാണ് കൂടുതലും. പ്രായത്തില്‍ കുറവുള്ള യുവാക്കളുമായാണ് വീട്ടമ്മമാര്‍ സ്ഥലം വിടുന്നത്. ഇതര സംസ്ഥാന തൊഴിലാളിയോടൊപ്പം ബംഗാളിലേക്ക് ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തിയത് ഈയിടെയാണ്.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ മുപ്പത്തഞ്ചുകാരിയെയും എട്ടുവയസുള്ള മകളെയും കാണാതായതായി പരാതിയുണ്ട്.ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. തറവാട്ടുവീട്ടില്‍ എട്ടുവയസുള്ള മകളുമായെത്തിയ യുവതിയെയാണ് നേരം പുലര്‍ന്നപ്പോള്‍ കാണാതായത്. തലേദിവസം തറവാട്ടിലെത്തിയപ്പോള്‍ യുവതി കൊണ്ടുവന്നിരുന്ന ബാഗും കാണാനില്ലായിരുന്നു. യുവതിക്ക് അയല്‍വാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളേയും കണ്ടെത്താനായില്ല. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുടെ ആള്‍ട്ടോ കാറിലാണ് ഇവര്‍ കടന്നതെന്നാണ് സംശയം.കഴിഞ്ഞ ആഴ്ചയില്‍ പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്ന 38കാരി അഞ്ചുവയസുള്ള മകനെയും കൂട്ടി 20 പവനോളം ആഭരണങ്ങളുമായി ആംബുലന്‍സ് ഡ്രൈവറോടൊപ്പം കടന്നതായുള്ള പരാതിയിലും അന്വേഷണം നടക്കുകയാണ്. ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്. ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കാന്‍ കുട്ടികളെയും കൊണ്ടു കടന്നു കളയുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു. കൊവിഡ് കാലത്ത് അധികം പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയുന്നവരിലാണ് ഇത്തരം പ്രവണത കൂടുതലായും കണ്ടുവരുന്നത്. ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണത്തിലും ഇക്കാലയളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
You might also like