തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി.100 പേരെ ടെസ്റ്റ് ചെയ്യുമ്ബോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്ബോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി 8.7 മാത്രമാണ്.കേരളത്തില്‍ നിയന്ത്രണാതീതമായി കോവിഡ് വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. ജൂണ്‍ 1-13 കാലയളവില്‍ ദേശീയ ശരാശരി 7.4 ശതമാനമായിരുന്നപ്പോള്‍ കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക് 1.6 ശതമാനം മാത്രമായിരുന്നു. ജൂലൈ 25- ആഗസ്ത് 18 കാലയളവില്‍ ദേശീയ ശരാശരി 11 ആയി ഉയര്‍ന്നപ്പോള്‍ കേരളം പോസിറ്റിവിറ്റി നിരക്കില്‍ 4.8 % ആയി പിടിച്ചു നിര്‍ത്തി. ഇപ്പോള്‍ ദേശീയ ശരാശരി 8.7 ആയി ചുരുങ്ങുമ്ബോഴാണ് കേരളം 12നും മുകളിലേക്ക് ഉയരുന്നത്.ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവില്‍ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2893 ഉറവിടം അറിയാത്ത കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഇനി കണ്ടെയ്‌മെന്റ് സോണുകള്‍ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായേക്കില്ലെന്ന് കോവിഡ് വിദഗ്ദ്ധ സമിതിയില്‍ അഭിപ്രായമുണ്ട്. സമിതി ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.