നെയ്യാറ്റിന്‍കര: നെയ്യാറില്‍ സ്വാഭാവികമായി രൂപപ്പെട്ട പാറക്കെട്ടില്‍ പാര്‍ക്കും നെയ്യാറിനു കുറുകേ തൂക്കുപാലവുമുള്ള പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ 2.66 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നെയ്യാറ്റിന്‍കര നഗരസഭയിലെ ഇളവനിക്കര വാര്‍ഡിലാണ് നെയ്യാറിലെ ഈരാറ്റിന്‍പുറം. നെയ്യാറിനു നടുവിലായി പാറക്കെട്ടുകൊണ്ടു രൂപപ്പെട്ട ചെറുദ്വീപാണിത്. ഇവിടെ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്‍ നഗരസഭ പലപ്പോഴായി പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പിലായില്ല. ഇപ്പോള്‍ കെ.ആന്‍സലന്‍ എം.എല്‍.എ.യുടെ ശ്രമഫലമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ 2.66 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി നഗരസഭ 55 സെന്റ് സ്ഥലം വാങ്ങി നല്‍കി. പാറക്കെട്ടുള്ള ചെറു ദ്വീപില്‍ റോക്ക് പാര്‍ക്ക് നിര്‍മിക്കും. റോക്ക് പാര്‍ക്കിലേക്കു പോകുന്നതിന് നെയ്യാറിനു കുറുകേ തൂക്കുപാലവും നിര്‍മിക്കും.ഈരാറ്റിന്‍പുറത്ത് പാര്‍ക്കിങ് യാര്‍ഡ്, ടിക്കറ്റ് കൗണ്ടര്‍, ഓഫീസ്, നടപ്പാത, ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയും നിര്‍മിക്കും. കെട്ടിടങ്ങളുടെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജലസേചനവകുപ്പിനാണ് നിര്‍മാണച്ചുമതല.