ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫേല്‍ വിമാനങ്ങള്‍ മികച്ചതാണെന്ന് പാകിസ്താന്റെ മുന്‍ വ്യോമസേന പൈലറ്റ് കിസര്‍ തുഫര്‍
എന്നാല്‍ റഷ്യന്‍ നിര്‍മ്മിത സുഖോയ്-30 എംകെഐയെ പാകിസ്താന്റെ എഫ്-16, എഐഎം-120 മിസൈല്‍ എന്നിവയോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തുഫര്‍ പറയുന്നു. പാകിസ്താനിലെ മികച്ച സൈനിക പൈലറ്റുമാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് കിസര്‍ തുഫര്‍. ‘ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 എംകെഐ, മിഗ്-29 യുദ്ധവിമാനങ്ങള്‍ വളരെ മികച്ചതാണ്. അവയ്ക്ക് ധാരാളം കഴിവുകളുണ്ട്. എന്നാല്‍ കാഴ്ചയുടെ പരിധിയിലുള്ള ആക്രമണങ്ങള്‍ക്ക് മാത്രമാണ് ഇവ പ്രധാനമായും സഹായിക്കുന്നത്.’ തുഫര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഡോഗ്‌ഫൈറ്റിനെ കുറിച്ചും തുഫര്‍ സംസാരിച്ചു. അന്നത്തെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ മിഗ്-21ന് മുന്നേറുന്നതിനുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സുഖോയ്-30 പരാജയപ്പെട്ടുവെന്ന് തുഫര്‍ വാദിക്കുന്നു. ഡേറ്റ ട്രാന്‍സ്മിഷന്‍ ചാനല്‍ ഇല്ലാത്തതിനാലാണ് പാക് വ്യോമസേന പോര്‍വിമാനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത്. നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത സംവിധാനത്തിന്റെ സഹായത്തോടെയുള്ള വിവര കൈമാറ്റത്തിലെ ബുദ്ധിമുട്ടുകളാണ് ഇവയുടെ പ്രധാന പോരായ്മ. സുഖോയ് പോര്‍വിമാനത്തിന്റെ റഡാറിന് മിഗ്-21 പോര്‍വിമാനത്തെ സഹായിക്കാനായില്ല. ഈ പ്രശ്‌നം മൂലമാണ് ഒരു മിഗ്-21 തകര്‍ക്കാന്‍ പാക് വ്യോമസേനക്ക് സാധിച്ചതെന്നും തുഫര്‍ പറയുന്നു. അതേസമയം പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യയും വെടിവച്ച് ഇട്ടിരുന്നു. എന്നാല്‍ റഫേല്‍ എല്ലാ പോരായ്മകളേയും മറികടക്കുന്നതാണെന്നും ഏറ്റവും മികച്ചതാണെന്നും തുഫര്‍ പറയുന്നു.