ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ സ്ഥിരീകരണം
സംസ്ഥാനത്ത് 16 വരെ ഇടവിട്ടുള്ള മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട്.ആന്ധ്രപ്രദേശിന്റെ തീരത്ത് രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കരയിലേക്ക് പ്രവേശിച്ചു. ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ആന്ധ്രപ്രദേശ്, കര്‍ണാടകം, തെലങ്കാന സംസ്ഥാനങ്ങളില്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത നാല് ദിവസത്തേക്ക് വടക്ക്-കിഴക്ക് ദിശയില്‍ പിന്നീട് ന്യൂനമര്‍ദം സഞ്ചരിക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടുള്ള അതി ശക്തമായ മഴയും പ്രതീക്ഷിക്കാം.16 വരെ തുടരുന്ന മഴയ്ക്ക് പിന്നീട് രണ്ട് ദിവസത്തെ ഇടവേള ഉണ്ടാകുമെന്ന് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതറും പ്രവചിക്കുന്നു. ഈ സമയത്ത് മഴ പൂര്‍ണമായും വിട്ടുനില്‍ക്കില്ല. പിന്നീട് 19ന് ശേഷം മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് കാരണം. ഈ മാസം മുഴുവന്‍ ഇത്തരത്തില്‍ മഴ തുടരുമെന്നാണ് നിലവിലെ നിഗമനം.വരുന്ന രണ്ട് ദിവസങ്ങള്‍ കൂടി കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു. 45-55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുന്നതിനാല്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചു. കഴിഞ്ഞവാരമുണ്ടായ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ മത്സ്യബന്ധന തൊഴിലാളികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.