സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സ വിടുമോ എന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. മെസിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസി ബാഴ്സലോണ മാനേജര്‍ ജോസഫ് മരിയ ബര്‍തോമ്യൂവുമായി നാളെ കൂടിക്കാഴ്ച നടത്തും. മെസി ബാഴ്സ വിടുമോ എന്ന കാര്യത്തില്‍ ഈ കൂടിക്കാഴ്ചയിലൂടെ തീരുമാനമാകും. മെസി ബാഴ്സയില്‍ തുടരില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബാഴ്സ പരിശീലകന് റൊണാള്‍ഡ് കൊമാന് മെസിക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റിയിലെ സൂപ്പര്‍ താരത്തെ ആവശ്യപ്പെട്ടതായും ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിക്ക് പകരം ഒരു വച്ചുമാറലാണ് ബാഴ്സ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. മെസിക്ക് പകരം എറിക് ഗാര്‍സിയ, ബെര്‍നാര്‍ദോ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവരെ നല്‍കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ആലോചിക്കുന്നത്. എന്നാല്‍, മെസിക്ക് പകരം റഹീം സ്റ്റെര്‍ലിങ്, കെവിന് ഡി ബ്രൂണേ എന്നിവരെ കൊമാന് ആവശ്യപ്പെടുന്നതായി പ്രമുഖ കായിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അതേസമയം, റൊണാള്‍ഡ് കൊമാന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന പരിശീലനത്തിലേക്ക് മെസി എത്താതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. പുതിയ സീസണ് മുന്നോടിയായി ബാഴ്സ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബാഴ്സയിലെ കോവിഡ് പിസിആര്‍ ടെസ്റ്റിനു മെസി എത്തിയില്ല. പുതിയ പരിശീലകനായ റൊണാള്‍ഡ് കൊമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ പരിശീലനത്തിനായി ബാഴ്സ ടീമംഗങ്ങളോടൊപ്പം ചേരില്ലെന്ന തീരുമാനം മാനേജ്മെന്റിനെ അറിയിക്കാന്‍ മെസി ഒരു ദൂതനെ അയച്ചിരുന്നതായി കായിക പത്രമായ ‘ലാ വാന്‍ഗാര്‍ഡിയ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിശീലനത്തിനു എത്തില്ലെന്ന വിവരം നിയമപരമായ രേഖകള്‍ സഹിതമാണ് അറിയിച്ചതെന്നാണ് വിവരം.ബാഴ്സ മാനേജര്‍ ജോസഫ് മരിയ ബര്തോമ്യൂവിനെ മെസി തന്റെ നിലപാട് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ് വിടാന്‍ സന്നദ്ധത അറിയിച്ച മെസി പരിശീലന സെഷനില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ നിയമപരമായി മറ്റ് പ്രശ്നങ്ങളില്ലെന്ന് താരത്തിന്റെ അഭിഭാഷകന് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്മെന്റുമായി മെസിയുടെ പിതാവ് ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അര്‍ജന്റീനയില്‍ മെസിയുടെ ഉറ്റ ചങ്ങാതിയായ സെര്‍ജിയോ അഗ്വിറോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന താരമാണ്. അഗ്വിറോയുടെ സാന്നിധ്യം മെസിയെ കൂടുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അടുപ്പിക്കുന്നതായാണ് കായികലോകം വിലയിരുത്തുന്നത്.