മരുന്നുകളുടെയും മെഡിക്കല്‍ രേഖകളുടെയും ഹോം ഡെലിവറി സേവനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്, ഖത്തര്‍ പോസ്റ്റ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ സംവിധാനം നടപ്പാക്കിയത്. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഔദ്യോഗിക രേഖകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് അവരവരുടെ താമസസ്ഥലങ്ങളില്‍ ഇതുവഴി എത്തിക്കുന്നത്. അതേസമയം, സെപ്റ്റംബര്‍ 26 മുതലുള്ള പുതിയ ഡെലിവറി സേവനങ്ങള്‍ക്ക് ഡെലിവറി ചാര്‍ജായി 30 റിയാല്‍ ഈടാക്കും. മരുന്നിെന്റയും മറ്റു മെഡിക്കല്‍ വസ്തുക്കളുടെയും നിരക്കിന് പുറമെയാണിത്. മരുന്നുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റുകള്‍, പോഷകസംബന്ധമായ മെഡിക്കല്‍ ഉല്പന്നങ്ങള്, മെഡിക്കല്‍ ലൈസന്‍സിങ് രേഖകള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളുടെയും രോഗികളുടെയും ആവശ്യപ്രകാരം വീടുകളില്‍ സുരക്ഷിതമായി ഈ പദ്ധതിയിലൂടെ എത്തിക്കും.അതേസമയം, കാലാവധിയുള്ള ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും ഹോം ഡെലിവറി സേവനം ലഭ്യമാകുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് രോഗികള്‍ക്കാവശ്യമായ മരുന്നുകളും മറ്റും വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന് മെഡിക്കല്‍ അതോറിറ്റികളും ഖത്തര്‍ പോസ്റ്റും തുടക്കമിട്ടത്. കോവിഡ്-19 സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പൂര്‍ണമായും സൗജന്യ നിരക്കിലായിരുന്നു ഇതുവരെ ഡെലിവറി സേവനം. എന്നാല്‍, പുതിയ അപേക്ഷകളില്‍ ഇന്നുമുതല്‍ 30 റിയാല്‍ ഡെലിവറി ചാര്‍ജ് നല്‍കേണ്ടിവരും. ഡെബിറ്റ് കാര്‍ഡ്, െക്രഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാടുകള്‍ മാത്രമേ അനുവദിക്കൂ. കറന്‍സി വഴിയുള്ള ഇടപാടുകള്‍ സ്വീകരിക്കില്ല.
ഇതുവരെ എത്തിച്ചത് 7,50,000 മരുന്നുകള്‍; 16000 നമ്ബറില്‍ ഓര്‍ഡര്‍ നല്‍കാം
ഏപ്രില്‍ മുതല്‍ ഇതുവരെയായി 7,50,000 മരുന്നുകളാണ് ഹോം ഡെലിവറി സേവനത്തിലൂടെ രോഗികളിലേക്ക് എത്തിച്ചത്. 2,30,000 ഹമദ് മെഡിക്കല്‍ കോര്പറേഷന് രോഗികളും 70,000 പി.എച്ച്.സി.സി രോഗികളും ഹോം ഡെലിവറി സേവനത്തിന്റ ഗുണഭോക്താക്കളായിട്ടുണ്ട്. എച്ച്.എം.സിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് 16000 നമ്ബറില്‍ വിളിച്ച് മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകും. പൊതു അന്വേഷണങ്ങള്‍ക്ക് നസ്മഅക് കേന്ദ്രത്തെ 16060 എന്ന നമ്ബറിലും പി.എച്ച്.സി.സിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 107 എന്ന നമ്ബറിലും ബന്ധപ്പെടാം.