അബൂദബിയിലെ പബ്ലിക് സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വാക്സിന്‍ സ്വീകരിക്കേണ്ട അധ്യാപകര്‍ ഈ മാസം 24ന് മുമ്ബ് രജിസ്റ്റര്‍ ചെയ്യണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നാലെയാണ് അബൂദബിയില്‍ അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്. അബൂദബിയില്‍ പരീക്ഷണം പുരോഗമിക്കുന്ന ചൈനയുടെ സീനോഫോം വാക്സിനാണ് അധ്യാപകര്‍ക്കും നല്‍കുക.
വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഈമാസം 24ന് മുമ്ബ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും മാത്രമല്ല അവരുടെ 18 തികഞ്ഞ കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ സ്വീകരിക്കാം. വാക്സിന്‍ സ്വീകരിക്കുക എന്നത് അധ്യാപകര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചാല്‍ മതി. നേരത്തേ കോവിഡ് രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമാനമായ രീതിയില്‍ അനുമതി നല്‍കിയിരുന്നു.