വ്യായാമത്തിനായി സൈക്ലിങ് തുടങ്ങി ദേശാന്തര മത്സരങ്ങളില്‍ പങ്കെടുത്ത തൃക്കരിപ്പൂര്‍ സ്വദേശി എന്‍.കെ.പി. ഇംതിയാസ് അഹ്മദ് 30 ദിവസം തുടര്‍ച്ചയായി 100 കിലോമീറ്റര്‍ ചവിട്ടി പുതിയ റെക്കോഡ് നേടി. ബംഗളൂരുവില്‍ ബിസിനസുകാരനായ ഇംതിയാസ് നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സൈക്ലിങ് പുനരാരംഭിച്ചത്. അടച്ചിടലില്‍ 76 കിലോയായി വര്‍ധിച്ച ശരീര ഭാരം ഇപ്പോള്‍ 68 ആയി കുറഞ്ഞു.കോവിഡ് കാലത്തെ ഒഴിവുസമയം പാഴാക്കാതെ സൈക്കിളുമായി ഇറങ്ങിയാണ് അപൂര്‍വ നേട്ടം കൈവരിച്ചത്. ശരാശരി അഞ്ചുമണിക്കൂര്‍ കൊണ്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ റൈഡ് ചെയ്താണ് 30 ദിവസം കൊണ്ട് 3099 കിലോമീറ്റര്‍ പിന്നിട്ടത്. കണ്ണൂര്‍ ജില്ലയില്‍ കൂടാളി, അഴീക്കല്‍, പയ്യാമ്ബലം തുടങ്ങിയ കേന്ദ്രങ്ങളിലേക്കും കാസര്‍കോട് ജില്ലയില്‍ ഉദുമ, ബേക്കല്‍, കാസര്‍കോട് എന്നിവിടങ്ങളിലേക്കും റൈഡ് നീണ്ടു. മഴയും വെയിലും വകവെക്കാതെ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു കോവിഡ് കാലത്തെ യാത്ര. പുലര്‍ച്ച പുട്ട് കഴിച്ച് ഇറങ്ങും. പിന്നെ കൈയില്‍ കരുതുന്ന അണ്ടിപ്പരിപ്പ്, ബദാം, ഈത്തപ്പഴം തുടങ്ങിയവയാണ് ഈ 46 കാരെന്റ ആഹാരം.ഉത്തരകേരളത്തിെന്റ പ്രഥമ ‘സൂപ്പര്‍ റോഡണര്‍’ കൂടിയായ ഇംതിയാസ് നടന് ആര്യയുടെ ടീമിനൊപ്പം പാരിസ് ബ്രെസ്റ്റ് പാരിസ് ദീര്‍ഘദൂര സൈക്കിളോട്ട മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് തുടങ്ങിയ റൈഡ് ഇന്നലെ അവസാനിച്ചു. ബംഗളൂരു റോഡണസ് സംഘടിപ്പിച്ച 600 കിലോമീറ്റര്‍ ദീര്‍ഘദൂര സൈക്കിള്‍ സവാരി നിശ്ചിത സമയത്തിനുമുമ്ബ് പൂര്‍ത്തീകരിച്ചാണ് ഇംതിയാസ് സൂപ്പര്‍ റോഡണര്‍ പട്ടികയില്‍ ഇടം നേടിയത്.ദേശാന്തര സൈക്ലിങ് ഗവേണിങ് ബോഡിയായ ഓഡാക്സ് ക്ലബ് പാരിസിയന്‍ ആണ് ദീര്‍ഘദൂര സൈക്ലിങ് സ്പോര്‍ട്സിന് ഇന്ത്യയില്‍ ഉള്‍െപ്പടെ വിവിധ രാജ്യങ്ങളില്‍ നേതൃത്വം നല്‍കുന്നത്. നവംബറില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന സൈക്ലിങ് വര്‍ഷത്തില്‍ നാല് ബ്രെവേകള് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ‘സൂപ്പര്‍ റോഡണര്‍’ പദവി ലഭിക്കുന്നത്. ഇവര്‍ക്കുള്ള മെഡലുകള്‍ പാരിസില്‍ നിന്നാണ് എത്തുന്നത്.ഇപ്പോള്‍ ചെയ്തതുപോലുള്ള റെക്കോഡ് മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൈക്ലിങ് രംഗത്തെ പരിചയസമ്ബന്നര് പറയുന്നത്. ബംഗളൂരു മലയാളി വിദ്യ ചന്ദ്രന് 28 ദിവസം 100 കിലോമീറ്റര്‍ റൈഡ് ചെയ്തിട്ടുണ്ട്. അവര്‍ പക്ഷേ, ഞായറാഴ്ചകളില്‍ റൈഡ് ഒഴിവാക്കി. തൃക്കരിപ്പൂരിലെ പി.പി. അഹമ്മദ്-എന്‍.കെ.പി. ഖദീജ ദമ്ബതിമാരുടെ മകനാണ് ഇംതിയാസ്. ഭാര്യ: ഫര്‍സാന. മക്കള്‍: മാസിന്, മീസ, മിന്‍സ.